ചിമ്മിനിവെട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിമ്മിനിവെട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21/2/10

രാഷ്ട്രീയ ജാഗ്രതയുടെ എഴുത്ത്






ഓര്‍മ കേവല കാല്പനികതയുടെ വിഷാദ സ്ഥലികളില്‍ അല്ല വര്‍ത്തമാന മലയാള കവിതയില്‍ പ്രവൃത്തിക്കുന്നത്. ചരിത്രത്തെ അപനിര്‍മിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ജാഗ്രതയുടെ അടയാളമായാണ്. കേരളീയ ജീവിതത്തിന്‍റെ സമീപ ഭൂതകാലത്തെ, സാമാന്യ മനുഷ്യന്‍റെ പൌരത്വത്തെ കവിതയില്‍ ആഖ്യാനം ചെയ്യുന്ന പുസ്തകമാണ് പ്രമോദ് കെ എമ്മിന്‍റെ 'അടിയന്തരാവസ്ഥ നഷട്പ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ( കറന്റ് ബുക്സ് തൃശ്ശൂര്‍ ‍) . മൂല്യാധിഷ്ടിത ജീവിതത്തെ ശിശുസഹജമായ നിഷ്കളങ്കതയോടെ പുനര്‍വായിക്കുന്ന എഴുത്ത് ഈ കവിതാപുസ്തകത്തിലുണ്ട്. അത് ഒരേ സമയം അപചയം വന്ന ഇടതു മാനവികതയോടുള്ള സംവാദമായും വിമര്‍ശമായും ആഖ്യാനപ്പെടുന്നു. കവിതയുടെ രസധ്വനിക്കപ്പുറം ജനതയുടെയും ദേശത്തിന്റെയും വിനിമയ മേഖലകളാണ് അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങളിലെ പ്രമേയ പരിസരം. കാവ്യരൂപത്തെ കുറിച്ചുള്ള ഉത്കണ്ഠകളില്‍ അല്ല ഈ കവിയുടെ ശ്രദ്ധ. തന്റേതു മാത്രമായ ഓര്‍മകളെ, അനുഭവങ്ങളെ തദ്ദേശീയവും സാമൂഹികവുമായ രാഷ്ട്രീയ ആദര്‍ശങ്ങളുടെ സമീപസ്ഥതയില്‍ വെച്ച് ഇതിലെ കവിതകള്‍ ആവിഷ്കരിക്കപ്പെടുന്നു.
അനങ്ങാതെ കിടക്കുന്ന ചരിത്രത്തെ ഈ കവി തൊട്ടു വിളിക്കുന്നു. മിണ്ടാട്ടം മുട്ടിപ്പോയ 'വിപ്ലവത്തെ' പൊതുസ്ഥലത്ത് വെച്ച് ചോദ്യം ചെയ്യുന്നു.
അമ്പത്തിമൂന്നു ദിവസം മുന്‍പ് മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍ സംതൃപ്തിയോടെ പാടി
ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.
‘തെരഞ്ഞെടുപ്പ്’ എന്ന കവിത ഇങ്ങനെയാണ്. കൈവിട്ടുപോയ ആദര്‍ശത്തിന് ഇണങ്ങുന്ന അര്‍ത്ഥോല്പാദനം ഈ കവിത സാധ്യമാക്കുന്നു. ഫലിതയുക്തിയോടെ ചരിത്രത്തെ പുനര്‍ വായിക്കുന്ന എഴുത്താണിത്. ഓര്‍മകളുടെ ചാക്രികതയില്‍ ഈ കവി ' വസന്തത്തിന്‍റെ ഇടിമുഴക്കങ്ങളെ ' പ്രതീക്ഷിക്കുന്നു. ബോംബു പൂക്കുന്ന നാട്ടില്‍ കണ്ണാടിയില്‍ സ്വന്തം തല കാണാതാവുന്ന സാംസ്കാരിക നായകനെ കുറിച്ച് പറയുമ്പോഴും (ഒരു വിലാപം ) അകാരണമായി കിണറ്റിലേക്ക് നോക്കവേ , വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിനകത്ത് ഒളിവില്‍ക്കഴിഞ്ഞ കാന്തലോട്ട് കുഞ്ഞമ്പു കാപ്പി കുടിക്കാന്‍ ക്ഷണിക്കുമ്പോഴും(കിണര്‍ ) അനുസരണയില്ലത്തൊരു കാലം കവിതയിലുടനീളം പരക്കുന്നു. കാവ്യ സൌഭഗങ്ങളല്ല ഇവയൊന്നും നല്‍കുന്നത്. ചിലപ്പോള്‍ കഥാത്മകം എന്ന് തോന്നിക്കുന്ന ആഖ്യാന പരതയിലാണ് ഇവിടെ വാക്കുകള്‍ അനുഭവത്തെ പ്രക്ഷേപിക്കുന്നത്.
രൂപാന്തരപ്പെടുന്ന ആദര്‍ശങ്ങളുടെ വര്‍ത്തമാനമാണ്‌ ഒരര്‍ത്ഥത്തില്‍ പ്രമോദ് ആവിഷ്കരിക്കുന്നത്. വൈയക്തികമായ അനുഭൂതി ദേശങ്ങളുടെ പ്രകാശനമല്ലിത്. 'ഞാന്‍ ആരുടെ തോന്നലാണ്?' എന്ന കുഞ്ഞുണ്ണി തത്വം പോലെ ഉറഞ്ഞുകൂടി നില്‍ക്കുന്ന കര്‍തൃത്വം ഇക്കവിതകളുടെയെല്ലാം അന്തര്‍ധാരയാണ്. സ്വാനുഭവങ്ങളുടെ തുച്ഛതയിലല്ല, അതുകൊണ്ട് തന്നെ ഇവയുടെ പിറപ്പ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പിറന്നവനാകയാല്‍ തനിക്കു നഷ്ടമായ ആ 'അസുലഭ കാലഘട്ട' ത്തെ കവിതയില്‍ കയറ്റി വെക്കുന്നു ഈ ചെറുപ്പക്കാരന്‍ . സ്വന്തം വാല് തിന്നു വിശപ്പടക്കുന്ന പെരുംപാമ്പായി ഇടത് ആദര്‍ശത്തെ ഇതിലെ കവിതകള്‍ ആഖ്യാനം ചെയ്യുന്നു. ചരിത്രത്തിന്റെ ഘര്‍ഷണങ്ങളില്‍ നിന്നെന്ന പോലെ ദേശത്തിന്റെ ഭൂഗുരുത്വത്തില്‍ നിന്നും അടിയന്തരാവസ്ഥയുടെ കവിക്ക്‌ ഒഴിഞ്ഞു മാറാനവുന്നില്ല.


ബാര്‍ബര്‍
ബാര്‍ബര്‍ കണ്ണേട്ടനും, മൊയ്തൂക്കയും, കുട്ട്യപ്പയും, കുഞാക്കമ്മയും, ചന്തൂട്ടി വൈശറും, ഉണ്ണിച്ചിരുതയും, കുഞ്ഞമ്പുവേട്ടനും, കുമാരേട്ടനും, ബാലേട്ടനും, നാരാണ്യേച്ചിയും, ശ്രീധരേട്ടനും, ദാമോദരേട്ടനും, കടൂരിലെ കണ്ടാലറിയുന്ന അനേകരും ഉടലോടെ പ്രമോദിന്റെ കവിതയില്‍ പാര്‍ക്കുന്നു. ഉത്തര മലബാറിന്റെ നാട്ടുഭാഷയില്‍ അവര്‍ ജീവിതത്തെ വരയ്ക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള ആള്‍പ്പാര്‍പ്പുള്ള വീടുപോലെ അടിയന്തരാവസ്ഥയിലെ കവിതകള്‍ ദേശ സ്വത്വത്തെ തിരിച്ചു പിടിക്കുന്നു. എരിഞ്ഞു തീരുന്ന മനുഷ്യത്വത്തിന്റെ നാളത്തെ ഇരുകയ്യും കൊണ്ട് അണച്ചു പിടിക്കുന്നു ഈ ദേശ ബോധം. പങ്കു വെയക്കപ്പെടുന്ന കാലത്തെ തന്നെയാണ് അത് സാകൂതം നോക്കുന്നത്. കാലത്തിന്റെ കൂട്ടുകൃഷിയിലെ ഒരംഗം മാത്രമാണ് ഇവിടെ കവിയും. ഓര്‍മയുടെ ചൂരില്‍ അയാള്‍ വാക്കിന്റെ വെള്ളവും വളവും ഏകുന്നു.
കാവ്യ കൌതുകത്തിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നല്ല ഈ കവി ഉത്തേജിതനാവുന്നത് എന്നത് കൊണ്ടും ഇതുവരെ കവിതയ്ക്ക് കടന്നു ചെല്ലാന്‍ കഴിയില്ലെന്ന് തോന്നിയ പൊതു ബോധത്തിന്റെ / പൊതു ഇടത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് കവിതയെ നടത്തുന്നു എന്നത് കൊണ്ടും പ്രമോദ് കെ എമ്മിന് പുതിയ കവിതയുടെ ബഹുവിധമായ വ്യവഹാരികതയില്‍ ചെറുതല്ലാത്ത ഇടമുണ്ട്. ദേശോന്മുഖമായ കവിത വര്‍ത്തമാനത്തിനു 'അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ' ആമുഖമാകുമെന്നു പ്രതീക്ഷിക്കാം. ആഖ്യാന സാധ്യതകളുടെ പുതിയ മേഖലകളിലേക്ക് വാക്കിന്റെ ഈ ഉള്‍ബലം കരുത്തു പകരട്ടെ.

7/12/09

ഉചിതമായിത്തീരുവാന്‍ വൈകുന്ന അര്‍ഥങ്ങള്‍

"വിനോദത്തിനായി
മകനെ തത്തയാക്കിയ മാന്ത്രികന്‍
പെട്ടെന്ന് മരിച്ചുപോയി.
ആരവനെ പൂര്‍വ സ്ഥിതിയിലാക്കും?
തത്തകള്‍ അവനെ കൂട്ടത്തില്‍ കൂട്ടുമോ?"
(ഇനിയെന്ത്?/കല്‍പ്പറ്റ നാരായണന്‍)

കൂട്ടത്തില്‍ കൂട്ടാത്ത കവിതയുടെ ഉള്ളടക്കമാണ്‌ മലയാളത്തില്‍ കല്പ്പറ്റയുടെ സമകാലികത. പുതുകവിതയുടെ യുവത്വത്തില്‍ നാം ഈ കവിയുടെ പേരു വായിക്കുന്നില്ല. എങ്കിലെന്ത്? എല്ലാ കൂട്ടങ്ങളെയും തിരസ്കരിക്കുന്ന, എല്ലാ കാലത്തെയും സമീകരിക്കുന്ന ഭാഷയുടെ കൌമാരം 'സമയപ്രഭു' എന്ന സമാഹാരത്തെ അന്തസ്സുള്ളതാക്കി തീര്‍ത്തിരിക്കുന്നു. ദാര്‍ശനിക വ്യഥയുടെ കരുത്തുറ്റ വാഗര്‍്ഥങ്ങളായി ഇതിലെ കവിതകള്‍ ദേശകാലങ്ങളെ അതിവര്‍തിക്കുന്നു. ഭാഷയുടെ ഐന്ദ്രജാലികമായ ധ്വനന ശേഷിയാണ് ഈ കവിയുടെ സ്വത്ത്. കവിത ഇവിടെ ഏറ്റവും സൂക്ഷ്മമായ ഭാഷരൂപമാണ്.
'ജീവിതത്തിന്‍റെ അവസാനപുറം നേരത്തെ വായിച്ച ഒരാള്‍ നമുക്കിടയില്‍ നന്നോ? 'എന്ന് പരിണാമം എന്ന കവിതയില്‍ കല്‍പ്പറ്റ ചോദിക്കുന്നു. യാതാര്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ നിന്നു കവി കണ്ടെടുക്കുന്ന സത്യപ്രസ്ഥാവനകളാണു സമയപ്രഭുവിലെ മിക്ക കവിതകളും. ഇവ ഒരു മറുവായന ആവശ്യപ്പെടുന്നു. ജീവിതത്തെയും കാലത്തെയും മൂന്നാം കണ്ണിലൂടെ നോക്കുന്ന നോട്ടവുമാണിത്. ഒരു പ്രത്യേക സാമൂഹ്യ സന്ദര്‍ഭത്തെയോ അവസ്ഥയെയോ അതിന്റെ രാഷ്ട്രീയ ക്ലിപ്തതയോടെ സമീപിക്കുന്ന രചനാരീതിയെ അല്ല ഇതു.അത് കൊണ്ടു തന്നെ കവിയശ:പ്രാപ്തികളുടെ വിചാരണകോടതികളില് ഈ പ്രതി ഹാജരായിട്ടില്ല. കവിതയോട് ഇന്നുവരെ പുലര്‍ത്തിയിരുന്ന വിസ്വാസപ്രമാണങ്ങളെ സമയപ്രഭുവിലെ കവിതകള്‍ ഗൌനിക്കുന്നതെയില്ല. അവയ്ക്ക് നിയതാര്‍ഥത്തില് നിലക്കാന്‍ മനസ്സില്ല എന്ന മട്ടില്‍ ഭാഷയുടെ ഒരു അപാരം ആയി നിലകൊള്ളുകയാണ് ചെയ്യുന്നത്. ചലനാത്മകമായ ലോകത്തെ ചലനാത്മകമായ ഭാഷ കൊണ്ടു ഡോക്യുമെന്റ് ചെയ്യുന്ന പ്രക്രിയയാണ് കല്പ്പറ്റയ്ക്ക് കവിത.

അമൂര്‍ത്തം എന്ന് കരുതിപ്പോന്ന വൈകാരികതകളെ സമയപ്രഭുവിലെ കവിതകള്‍ അനായാസമായി ചേരുംപടി ചേര്‍ക്കുന്നു. കവിത കൊണ്ടു മാത്രം പൂരിപ്പിക്കപ്പെടുന്ന ജീവിതത്തിന്റെ ദ്വിത്വസന്ധികള്‍ ഇവിടെ കണ്ടുമുട്ടുന്നു. പറഞ്ഞുകേട്ടതിലും വായിച്ചറിഞ്ഞതിലും കവിഞ്ഞു ചില 'അധികച്ചുമതലകള്‍' ഈ കവിതകള്‍ നമ്മെ ഏല്‍പ്പിക്കുന്നു. കവിതയുടെ കേവലാസ്വദനത്തിനു അപ്പുറത്ത് അത് ചില ഉത്തരവാദിത്വങ്ങള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നു. വാക്കിന്‍റെ വിനിമയവ്യവസ്ഥ തന്നെ ഇവിടെ അട്ടിമറിക്കപ്പെടുകയും കൂട്ടിചെര്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരര്‍ഥവും കൂടുതലായി ഉല്പാദിപ്പിക്കുന്നില്ല എന്ന് തോന്നുന്ന കേവലവാചകങ്ങള്ക്ക് പോലും അപ്പോള്‍ കവിതയ്ടെ കമ്പനമുണ്ടാകുന്നുണ്ട്. അപരലോകങ്ങളിലേക്ക് വളരുന്ന തായ് വേരുകള്‍ ഓരോ വാക്കിലും അള്ളിപ്പിടിച്ചിരിക്കുന്നു.' ഒരു സങ്കേതത്തിലും സമയത്തിനെത്താന്‍ കഴിയാത്തതിനാല്‍ ഞാനെന്‍റെ വീടും ചുമന്നു നടക്കുന്നു' എന്ന ആമയുടെ ആത്മഗതം പോലെ ഓരോ കവിതയിലും അതിന്റെ പാര്‍പ്പിടവും അന്തരീക്ഷവും ആകശാവുമുണ്ട്‌.

അവനവനോടുള്ള
പ്രീതിയുടെ നിഷ്കളങ്കതയില്‍ ഉത്കണ്ടാപ്പെടുന്ന ആഖ്യാതാവ് പല കവിതകളിലും ഉണ്ട്. അതൊരിക്കലും സ്വയം കേന്ദ്രിതമായ കാല്‍പ്പനികതയുടെ ഏകാന്തതയല്ല, താത്വികവും സൌന്ദര്യശാസ്ത്രപരവുമായ ഒരേകാന്തതയാവാം. പ്രണയത്തിലും ദാമ്പത്യത്തിലും തലമുറകളുടെ ഇണക്കത്തിലും വീട്ടിലും വീടിനു പുറത്തും വ്യാപിക്കുന്ന അകാല്‍പ്പനികവും അസുലഭവുമായ എകാന്തതയാവാം. പ്രാചീനമായ ഒരഭയത്തിന്റെ വിശ്വസ്തതയില്‍ ഒന്നായ കമിതാക്കള്‍ക്കിടയിലും (കുട) പിഴുതെടുത്ത മകന്റെ പല്ലു പുരപ്പുറത്തു എറിയാന്‍ പറയുന്ന അച്ഛനിലും (ഏകാന്തത) മുലപ്പാല്‍ കുടിക്കുമ്പോള്‍ മകന്റെ ശരീരം തന്റെതായി പരിണമിക്കുന്നു എന്നറിഞ്ഞ അമ്മയിലും (പകര്‍ച്ച) ഈ ഏകാന്തതയുടെ ഊര്‍ജ്ജമാണ് നിറയുന്നത്.

കവിത ആശയപ്രചാരണത്തിന്റെയോ അനുഭവപ്രകാശനത്തിന്റെയോ ഉപാധി മാത്രമല്ലിവിടെ. അവസ്ത്ഥകളിലുള്ള പ്രതിവചനമോ പ്രതീതിയോ ആണ്.കവിതയുടെ ധര്‍മം തന്നെ പുതുതായി നിര്‍വഹി(ചി)ക്കപ്പെടുന്നു. കാത്തു നില്‍ക്കുന്നതിനെ മാത്രമല്ല അത് കാത്തു നില്ക്കുന്നത്.ചില നേരങ്ങളില്‍ വാക്കുകള്‍ക്കുള്ള വ്യാപ്തി കവിതയെ കടന്നു പോകുന്ന ജീവന്റെ അഗാധമായ അറിവാകാം. ഉറക്കം കേള്‍ക്കുന്ന ഒരാളെയും മരിച്ചവരുടെ കടുത്ത തീരുമാനങ്ങളെയും കുറിച്ചു എഴുതുമ്പോള്‍ ഈ അറിവ് സ്ഫുടമായി നമുക്കറിയാനാകും. കേള്‍വി എന്നതുപോലെ കാഴ്ചയുടെയും ദാര്‍ശനിക പ്രതിസന്ധികളെ കല്‍പ്പറ്റ പ്രശ്നവ്ല്‍ക്കരികുന്നു. ഉറങ്ങുമ്പോള്‍ അന്ധന്‍ അന്ധനല്ലാതവുന്നത് ഭാഷയുടെ ഈ കരവിരുത് കൊണ്ടു കൂടിയാണ്. നാലുവയസ്സുകാരന്‍ വരയ്ക്കുന്ന ഛായാചിത്രത്തിനു എളുപ്പം വിധേയമാവാന്‍ ആഗ്രഹിക്കുന്ന ആഖ്യാതാവ് തന്റെ വൈരൂപ്യത്തെ തിരിച്ചറിയുന്നതും രൂപപരതയില്‍ കവി ചെലുത്തുന്ന ഉദ്ധൃതമായ അറിവിന്‍റെ തന്നെ മറ്റൊരാവിഷ്കാരമാണ്.
" ഇനിയാവശ്യമില്ലെന്നു കണ്ട്‌
ഓക്സിജന്‍ സിലിണ്ടര്‍ ഓഫാക്കി
നീക്കിവേയ്ക്കുന്നതുപോലെ
ഭാഷ ഓഫാക്കി വേര്‍പെടുത്തി
അയാളില്‍ നിന്നു നീക്കി വെച്ചിരിക്കണം "
എന്ന് സംസാരം എന്ന കവിതയിലെതുപോലെ ഭാഷ കവിതയുടെ ഏതാണ്ടെല്ലാ കോണുകളില്‍ നിന്നും ഉച്ചരിക്കപ്പെടുന്നു. കവിത ഭാഷയിലെ ചെറിയൊരു നീക്കുപോക്കാണെന്നും അത് ഓര്‍മ്മിപ്പിക്കുന്നു. രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്താല്‍ നക്ഷത്രമുണ്ടാകും എന്ന് പറയും പോലെ പ്രതീതികളെ പ്രത്യേക അനുപാതത്തില്‍ കവി സമന്വയിപ്പിക്കുന്നു.ചില ആകസ്മികതകള്‍ അതിനെ കവിതയെന്നു തോന്നിപ്പിക്കുന്നു. കാലഹരനപ്പെടാത്ത കവിതയുടെ അകം അങ്ങനെ കല്‍പ്പറ്റ കാത്തുവെയ്ക്കുന്നു. ദൈനംദിന പ്രതിസ്ന്ടികളുടെയോ ആഗോള രീഷ്ട്രീയത്തിന്റെയോ ചുക്കാന്‍ പിടിച്ചില്ലെങ്കിലും അവ ദേശകാലങ്ങളെ അതിവര്‍ത്തിച്ചു കൊണ്ടിരിക്കും. മനുഷ്യചേതനയോടു തന്നെ അതീവഗഹനമായി സംവദിക്കുന്ന 'സമയപ്രഭു' വരുംകാല വായനകള്‍ക്കുള്ള ഈടുവെയ്പ്പും കൂടിയാണ്.