1/8/09

ഒന്നും മിണ്ടാത്ത കവിതകള്‍














കവിയാവുകയെന്നാലെന്തര്‍ത്ഥം അഗാധമാ-/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്‌നാനം ചെയ്യിക്കയെന്നാണര്‍ത്ഥം-(വിവ: സച്ചിദാനന്ദന്‍) എന്നിങ്ങനെ സെര്‍ഗ്യെയ്‌ യെസ്യെനിന്‍ എഴുതിയിട്ടുണ്ട്‌. കവിതയുടെ നിറവാണ്‌ സെര്‍ഗ്യെയ്‌ വ്യക്തമാക്കിയത്‌. അത്തലിന്‍ കെടു പായയില്‍ നിന്നു/മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- വൈലോപ്പിള്ളിയും ഓര്‍മ്മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ്‌ കവിത. പുതുകവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്നു.
ജീവിതം തൂക്കിനോക്കി സാഹിത്യം വായിച്ച വലിയ നിരൂപകനാണ്‌ ജോസഫ്‌ മുണ്ടശ്ശേരി. കുമാരനാശാന്‍ ലീലാകാവ്യത്തിലെഴുതിയ- കൃതികള്‍ മനുഷ്യകഥാനുഗായികള്‍ (1-5) എന്ന വരി മുണ്ടശ്ശേരിക്ക്‌ ഏറെ ബോധിക്കുകയും ചെയ്‌തു. എഴുത്തുകാര്‍ ജീവിതത്തില്‍ നിന്നും അകന്നുപോകരുതെന്നാണ്‌ മുണ്ടശ്ശേരിയുടെ കൃതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ജീവിതത്തിന്‌ നേരെ കണ്ണടയ്‌ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ്‌ കഴിഞ്ഞ ആഴ്‌ച മലയാളത്തിലെ ആനുകാലികങ്ങളില്‍. ബ്ലോഗിലെ സ്ഥിതിയും തഥൈവ. വാക്കിന്റെ ജീവനെടുത്തവരുടെ നിരയില്‍ ചെമ്മനം ചാക്കോ, നെല്ലിക്കല്‍ മുരളീധരന്‍, എസ്‌. രമേശന്‍, സുറാബ്‌, പി. എസ്‌. മനോജ്‌, സുരഭി, ഗിരിജ പാതേക്കര, സുന്ദരന്‍ ധനുവച്ചപുരം മുതലായവരുണ്ട്‌. ബ്ലോഗിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. മേരിലില്ലി, ശ്രീജിത്ത്‌ അരിയല്ലൂര്‍, രഘുനാഥ്‌ ഒ. തുടങ്ങിയവര്‍ കവിതയുടെ പിന്നാലെ മൗസുമായി ഓടിത്തളര്‍ന്നു.
ഗദ്യത്തില്‍ വി. കെ. എന്നിനെപ്പോലെ കറുത്തചിരിയുടെ എഴുത്തുകാരനാണ്‌ ചെമ്മനം ചാക്കോ. അദ്ദേഹം രചിച്ച പുതിയ യമധര്‍മ്മവിലാപം വാക്കുകള്‍ക്കൊണ്ടുള്ള മസാലദോശയാണ്‌. ചെമ്മനം രാഷ്‌ട്രീയമെഴുതി: യമധര്‍മ്മന്‍ തന്‍ സ്‌പെഷ്യല്‍/സാംഗഷനായ്‌ നടത്തിയ/സമരപ്രഖ്യാപന തന്ത്രങ്ങള്‍ ഫലിക്കയാല്‍/പാര്‍ട്ടിതന്‍ നിജസ്ഥിതി കാണുവാന്‍ ഇ. എം. എസും/നാട്ടിലെത്തുന്നു രാഷ്‌ട്രതന്ത്ര നേത്രവുമായി-(ഗുണ്ടാഗേറ്റ്‌-ജനശക്തി വാരിക ജൂലൈ25). പ്രോഗ്രസ്സീവ്‌ പബ്ലിക്കേഷന്റെ പഴയ പുസ്‌തകങ്ങളുടെ പിന്‍കുറിപ്പുകള്‍ ഇതിലും ഭേദം.
മലയാളംവാരിക(ജൂലൈ 31)യില്‍ എസ്‌. രമേശന്‍ കുറിച്ചിടുന്നു: നമുക്കിനി/ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍/ കിളികളെക്കുറിച്ചു സംസാരിക്കാം/ കിളികളെക്കുറിച്ചു മാത്രം-(പുതിയ പുതിയ വിശേഷങ്ങള്‍). ബിരിയാണിപ്പുര(മലയാളം, ജൂലൈ31) എന്ന രചനയില്‍ സുറാബ്‌ പറയുന്നത്‌: ഏതു ബിരിയാണിയും/ ഒടുവില്‍ ആവിക്കു വെയ്‌ക്കണം/ പിന്നെ ഉള്‍പ്പാര്‍ട്ടിപോലെ/ അതിനകത്തെ ആ കൊഴുപ്പും. പി. എസ്‌. മനോജ്‌ എഴുതി: എതിര്‍ത്തത്രയും/അസുഖകരമായ/ മൗനവും/ ആത്മാക്കളും/ പോയകാലത്തിന്റെ/ പഞ്ചസാരയില്‍/ കണ്ട കിനാക്കള്‍/ ഒക്കെയുമെരിഞ്ഞു/ കനലും തിളങ്ങിയില്ല-(ചീര്‍ക്കല്‍- മലയാളം,ജൂലൈ31). നെല്ലിക്കല്‍ മുരളീധരന്‍ എഴുതുന്നു: ഞാന്‍ പകലറിഞ്ഞതും/വെയിലെരിഞ്ഞതും/ വഴിനിഴലെന്നെ/വിഷംതൊട്ടന്ധനാ-/യലഞ്ഞതും, പിന്നെ/ സമുദ്ര സായാഹ്നം.-രാത്രി ചിത്രങ്ങളാണ്‌ കവി എഴുതിയത്‌. രമ്യസ്‌തുതതി എന്ന രചനയില്‍ സുന്ദരം ധനുവച്ചപുരം കുറിച്ചു: കൃഷി സ്വന്തം മണ്ണില്‍/ മതിയെന്നുവച്ചു ജന്മിയോ, അധികാരത്തിന്റെ/ കുലവെട്ടാന്‍ തിരുവനന്തപുരത്തുപോയി/ കുലവെട്ട്‌ തകൃതിയായി നടക്കുന്നു-(കലാകൗമുദി, ആഗസ്‌ത്‌ 2). ഇവ കാവ്യരൂപത്തിലിറങ്ങിയ ചിക്കന്‍ഗുനിയയാണ്‌.
വി. എം. ഗിരിജ: നിനക്കൊട്ടും പേടിവേണ്ട/ആനത്തോലുടുക്കാത്തോന്‍/ എനിക്കും വേണ്ടായിരിക്കാം/ കണ്ണീര്‍ മാത്രം നനയിച്ചപ്പോള്‍- (പേടിവേണ്ട- തോര്‍ച്ച മാസിക, ജൂലൈ). വി. ആര്‍. സന്തോഷ്‌: ലില്ലി നീ, മുന്നില്‍ക്കൂടി/ ഇനിയും നടക്കുക/ മറവിക്കടല്‍ നോക്കി/ നിന്നെ ഞാനൊളിപ്പിക്കാം.-(കാന്‍സര്‍ സ്റ്റാന്റ്‌- മാധ്യമം, ആഗസ്‌ത്‌ 3). സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ- അയല്‍ക്കാരിയോട്‌ (ദേശാഭിമാനി വാരിക) എന്നിവ കവിതയെഴുത്തിലേക്കുള്ള ഇറങ്ങിനില്‍പിന്‌ മികച്ച ഉദാഹരണങ്ങളാണ.്‌
വാരാദ്യമാധ്യമത്തില്‍ (ജൂലൈ 26) സുരഭി കരയുന്നു: കണ്ണുതുടിച്ച്‌ സമാധിനടിക്കും/മീനുകളെ പള്ളനിറച്ചിടും/ കൊതിയൊലിപ്പിക്കും, കൂട്ടയ്‌ക്കുതാഴെ/ ഒട്ടാകെ കൊതിയായവന്‍.-(മ്യാവൂ എന്ന രചന). ദിനചര്യകളില്‍ (ആഴ്‌ചവട്ടം, തേജസ്‌- ജൂലൈ26) ഗിരിജ പാതേക്കര: വീടിന്‌ വെളിച്ചമാവുക/ മൊബൈലിന്റെ/ ഉണര്‍ത്തുപാട്ടിന്‌/ കാതോര്‍ത്തുകിടക്കുന്നു- നിന്റേത്‌ എന്റേത്‌ എന്നിങ്ങനെ ദാമ്പത്യജീവിതം പകുത്തെഴുതുന്നു. ഭര്‍തൃനാട്യം, ഭാര്യാപദവിയും എഴുതുന്നതിന്‌ മുമ്പ്‌ കാളിദാസന്റെ വാഗര്‍ത്ഥാവിവ സംപൃക്തൗ.. എന്ന ശ്ലോകം (രഘുവംശം, 1-1) ഒരാവര്‍ത്തിവായിക്കാവുന്നതാണ്‌.
ബ്ലോഗ്‌കവിത
പുതുകവിതാ ബ്ലോഗില്‍ നിന്നും നാല്‌ കവിതകള്‍. മുസാഫിര്‍ അഹമ്മദ്‌: ജലതരംഗത്തില്‍/ പടുത്തുയര്‍ത്തിയ/പാട്ടുപുരയില്‍/ഉടല്‍ വട്ടം തീര്‍ക്കാന്‍/ ജലപ്പശിമയില്‍ ഒട്ടുമ്പോള്‍/വിയര്‍പ്പിന്റെയും, ചളിയുടെയും/ നഗ്നതയുടെയും താഴ്‌വരയില്‍/ പാട്ട്‌ പിഴിഞ്ഞ്‌ പാരും/ഈണങ്ങള്‍ കുളിച്ച്‌ കിതക്കും -(കുളിമുറിപ്പാട്ടുകാര്‍). കവിതയുടെ നീരൊഴുക്ക്‌ മുസാഫറിന്റെ എഴുത്തിലുണ്ട്‌. രഘുനാഥ്‌ ഒ. എഴുതിയ പറയാതെ എന്ന രചനയില്‍: കുനുകുനെ/ പെയ്യുന്ന മഴയില്‍/ മുറ്റത്തെ മണ്‍കൂനയില്‍ നിന്നു/ ആകാശത്തേക്ക്‌/ ഈയ്യലുകള്‍/ തുരുതുരാ/ പറന്നുയരും... ഇങ്ങനെ എഴുതിപ്പോകുന്ന രഘുനാഥ്‌ ഒടുവില്‍ പറയുന്നത്‌-ഞാനവയെ നോക്കിയിരിക്കും, എന്റെ സ്വപ്‌നങ്ങളെപ്പോലെ. കുമാരനാശാന്റെ കവിതയിലൊരിടത്ത്‌ പൂക്കള്‍, പറന്നുപോകുന്ന ചിത്രശലഭങ്ങളായി കുട്ടിയുടെ കണ്ണില്‍ നിറയുന്നുണ്ട്‌ -(കുട്ടിയും തള്ളയും എന്ന കവിത). ശ്രീജിത്ത്‌ അരിയല്ലൂര്‍: അകം/ പുറം/ഒക്കെയും/ വെളിപ്പെടുത്താന്‍/ ഓര്‍മ്മയുടെ/ ഒരിളംകാറ്റ്‌/ മതിയായിരുന്നു.-(കുട-മഴക്കവിതകള്‍) എസ്‌. കണ്ണന്‍ കുറിച്ചു: എന്റെ വാക്കില്‍ നിറയുന്ന ദൂരം മാണാ-/വിയായി വിറച്ചു കാണും പകല്‍/വെയില്‍ക്കാടുമപ്പുറം.(രാത്രിനടത്തം എന്ന രചന). ബ്ലോഗിനും ഈ കവികള്‍ക്കും ഇടയില്‍ തടസ്സങ്ങളില്ല. അതിനാല്‍ അമിത സ്വാതന്ത്ര്യത്തിന്റെ മാലിന്യം ബ്ലോഗില്‍ പടരുന്നു.
കവിത ഭാവനയുടെ കലയാണെന്ന്‌ ബ്ലോഗെഴുത്തുകാരില്‍ മിക്കവരും തിരിച്ചറിയുന്നില്ല. ബൂലോക കവിതാബ്ലോഗില്‍ കലാം: അല്ലേ, കുഞ്ഞേ അതു തുമ്പികളല്ല/നമ്മെ തേടിവരും മോക്ഷത്തിന്‍ മരണപ്പറവകള്‍/ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട/മണ്‍കൂമ്പാരത്തില്‍ നിന്ന്‌ / ഇനി നമ്മുടെ വീട്‌ കണ്ടെടുക്കാനാവില്ല-(ഗാസ: ഒരു കണ്ണീര്‍ക്കാഴ്‌ച). കാളുന്ന വിശപ്പിനെ കണ്ണിലെ ഭയം കൊണ്ട്‌ അതിജീവിക്കുന്നവരുടെ ചിത്രം മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ചിന്തയിലെ തര്‍ജ്ജനി ബ്ലോഗില്‍ മേരിലില്ലി എഴുതി: ചെറുകാറ്റിലെന്റെ/ മുടിയിഴകള്‍ ഇളകുന്നതും/പൊന്‍പ്രഭയെന്റെ/കവിള്‍ത്തടത്തില്‍ അമരുന്നതും/ ഞാനറിയുന്നു-(ചിത്രം). ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി മേരിലില്ലിയുടെ കവിത കണ്ട്‌ ആത്മഹത്യ ചെയ്യാതിരിക്കട്ടെ.
പേനയ്‌ക്കും കടലാസ്സിനുമിടയില്‍ ഉഷ്‌ണിച്ച്‌ മരിച്ച കാവ്യരൂപങ്ങളില്‍ നിന്നും വായനക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്നത്‌ മോഹനനകൃഷ്‌ണന്‍ കാലടിയുടെ മേഘപ്രസ്ഥമാണ്‌(മാതൃഭൂമി, ആഗസ്‌ത്‌ 2): ആ ചുള്ളിപ്പറക്കത്തില്‍ ചിറകിന്‍ പിടയ്‌ക്കലില്‍/അപ്പപ്പോള്‍ പൊഴിവത്‌ പെറുക്കിയെടുത്തേക്കിന്‍/അല്ലാതെ നിധിയൊന്നുമില്ലിനി ലക്ഷ്യങ്ങളേ,/ അതിവൃഷ്‌ടിയാല്‍ മുഷിപ്പിക്കല്ല മാര്‍ഗങ്ങളേ/ അടങ്ങിയിരിക്കുവിന്‍ മരുത്തിന്‍ കിടാങ്ങളേ.-എന്നിങ്ങനെ കവി ദര്‍ശനം ആസ്വാദകമനസ്സില്‍ ആഞ്ഞുപതിക്കുന്നു.
സൂചന: കവിത ഭാഷയുടെ കലയാണെന്ന്‌ പോള്‍ വലേറി സൂചിപ്പിച്ചു. ഭാഷയ്‌ക്കുള്ളിലെ ഭാഷ കണ്ടെടുക്കലാണത്‌. ബ്ലോഗില്‍ കവിത പോസ്റ്റു ചെയ്യുന്നവരില്‍ പലരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല.
പുതുവഴി
പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. സ്വപ്‌നം (എന്‍. ടി. കെ. മുനീര്‍), കനല്‍ (ബിജു വളയന്നൂര്‍), കുടമുല്ലപ്പൂ (നജ്‌ന മുംതാസ്‌), വാക്ക്‌ (റഹീം വാവൂര്‍) എന്നിവ. സ്‌നേഹം കൊതിക്കുന്ന കുറെ മനസ്സുകളാണ്‌ ഈ ലക്കത്തിലെ പുതുവഴിയില്‍. കാവ്യാംഗനയുടെ വരവ്‌ മുനീര്‍ കാത്തിരിക്കുകയാണ്‌. സ്വപ്‌നലോകത്തെ കൂട്ടുകാരനായി. ഒന്നും പറയാതെ പടിയിറങ്ങിപ്പോകുന്ന കനലിനെപ്പറ്റിയാണ്‌ ബിജു പറയുന്നത്‌. വാക്കില്‍, നോക്കില്‍ നിറയുന്ന സ്‌നേഹമാണ്‌ റഹീമിന്‌ എഴുതേണ്ടത്‌. പക്ഷേ, വാക്കില്‍ അതുണ്ടോ? വായനക്കാരാടോപ്പം റഹീമിനും അന്വേഷിക്കാവുന്നതാണ്‌. നജ്‌നാ മുംതാസും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കുന്നു. കവിതയുടെ വിഷയം ശ്രേഷ്‌ഠം. പക്ഷേ, അത്‌ എഴുതുമ്പോള്‍ വറ്റിപ്പോകുന്നു. പുതുവഴിക്കാര്‍ക്കുവേണ്ടി എം. ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍ കുറിക്കുന്നു: മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ സന്ധ്യയ്‌ക്കിരുന്ന്‌ ആ കവിത വീണ്ടും വായിച്ചപ്പോള്‍ എനിക്ക്‌ കവിതയെഴുതണമെന്ന്‌ തോന്നി. എഴുതി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, നോക്കുമ്പോള്‍ ദുര്‍ബ്ബലമായ ഒരനുകരണം മാത്രമാണത്‌.-(സ്വന്തം കവി- രമണീയം ഒരു കാലം).
കവിതകള്
സ്വപ്‌നം
എന്‍. ടി. കെ. മുനീര്
കണ്ണിന്‌ ഒരു പൂക്കണിയായ്‌ നീ വന്നു
കാതിന്‌ ഒരു തേന്‍മൊഴിയായ്‌ നിന്‍ സ്വരം
സ്വപ്‌നത്തിന്‌ ഒരു പൂക്കാലം നീ തന്നു.
പാറി വന്ന സ്വപ്‌നംപോലെ
നിന്റെ സ്‌നേഹംപാതിരാത്രിയിലും
എന്നെ തലോടുന്നുപറന്നകന്ന
പറവപോലെ നീ എവിടെ
എന്റെ വേദനയും സ്വപ്‌നവും
ബാക്കിയായിഒരിക്കലെങ്കിലും
നീ വരുമോ ഒരിക്കല്‍ മാത്രം.
കനല്
ബിജുവളയന്നൂര്‍
ഉള്ളില്‍എരിയുന്നത്‌
അക്ഷരങ്ങളില്
ആളിപ്പടരുന്നത്‌
മണ്ണില്‍ പിടഞ്ഞുവീഴുന്നത്‌.
വിണ്ണില്‍അലിഞ്ഞു ചേരുന്നത്‌.
അങ്ങിനെഒന്നും
പറയാതെപടിയിറങ്ങി പോകുന്നത്‌.
കുടമുല്ലപ്പൂ
നജ്‌ന മുംതാസ്‌
എന്‍നീര്‍മാളത്തിന്റെ ഗന്ധം
തളര്‍ന്നുറങ്ങുന്ന മൗസുകളില്‍കാലം
ഇനിയൊരു
വസന്തത്തിനുസാക്ഷിയാവില്ലല്ലോകൊണ്ടും
കൊടുത്തുംസ്‌നേഹം കവിതയാക്കിയ
കവിസ്‌നേഹം നുകര്‍ന്നു
കാണുമോമാംസത്തിന്‌
വിലപറയാന്‍ മാത്രംസ്‌നേഹമോ
അക്ഷരം വാക്കുകളാക്കി
ഒരു കൊടുങ്കാറ്റിന്റെ മനസ്സിലേക്ക്‌
ഇറക്കിവിടാന്‍ മാത്രം
കാരിരുമ്പിനേക്കാള്‍ മൂര്‍ച്ചയുള്ള തൂലിക
അവസാനമായി കുറിച്ചിട്ടതെന്തായിരിക്കാം
പ്രണയം പോലെ മരണവും
മനോഹരമെന്നെഴുതിഏറ്റുവാങ്ങുമ്പോഴാ
വശ്യതയാര്‍ന്ന സൗരഭ്യവും
ആസ്വദിച്ചുകാണില്ലേ
നരിച്ചീറുകള്‍ വീണ്ടും ഓര്‍മ്മകളില്
ചിറകിട്ടടിച്ചുകൊണ്ടിരിക്കയാണ്‌
യാത്രയാക്കാനാവാതെ മരക്കൊമ്പുകള്‍കൊടുങ്കാറ്റിലാടിയുലയുകയുംഇല്ല,
മായുന്നില്ല ഹൃദയത്തില്‍ നിന്നുംനനവാര്‍ന്നൊരാരൂപം
ഇന്നീ മണ്‍തരിയിലാ കാല്‍പര്‍ശംഇല്ലെന്നറിയാനും!
വാക്ക്‌
റഹീം വാവൂര്
എനിക്ക്‌ നിന്നോട്‌തോന്നുന്നത്‌
പ്രണയമെന്ന വാക്കല്ല.സ്‌നേഹംഎങ്കിലും നിന്റെ ഭാവിക്ക്‌ഞാനൊരു തടസ്സമെങ്കില്‍,പറയാംകടലിനോട്‌ കരയെപുണരാതിരിക്കാന്‍,പൂമ്പാറ്റയോട്‌പൂവിനെ നുകരാതിരിക്കാന്‍കിഴക്കിനോട്‌
സൂര്യനുജന്മം കൊടുക്കാതിരിക്കാന്‍!-2/8/2009

8 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

താങ്കള്‍ക്ക് ഒരു വലിയ അബദ്ധം സംഭവിച്ചു.വായനക്കാരും ഇത്തരത്തില്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്.ഇവിടെ എന്റെ പേരില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കവിത കലാമിന്റേതാണ്.കലാമിന് ബ്ലോഗ് ഇല്ലാത്തതുകൊണ്ടാണ് പ്രൊഫൈല്‍ ലിങ്ക് കൊടുക്കാന്‍ കഴിയാഞ്ഞത്

ഗുപ്തന്‍ പറഞ്ഞു...

ബൂലോഗകവിതയിലെ രചനകള്‍ മാഷിന്റെ പേരില്‍ അഗ്രിഗേറ്ററില്‍ വരുന്നതുകൊണ്ടുകൂടി ആയിരിക്കും ഈ പിഴവ് പറ്റിയതെന്ന് തോന്നുന്നു. കലാമിന്റേത് വെറും ആവറേജ് രചനയായിരുന്നുതാനും. :)

ഉദാഹരിക്കുന്ന രചനകളില്‍ അധികവും വായിച്ചിട്ടില്ല. പക്ഷെ സൂചനപോലെ തരുന്ന കുറച്ചുവരികളില്‍ കാണുന്നതിലധികം കവിത ചില ബ്ലോഗുകളിലെങ്കിലും വായിക്കാനാവുണ്ട്--ഇടയ്ക്കിടെ. ആവറേജ് രചനകളെ ശകാരിച്ച് വാരഫലത്തം കാണിക്കുന്നതിനേക്കാള്‍ മികച്ച കൂറച്ചുരചനകളെ പരിചയപ്പെടുത്താന്‍ --കഴിയുമെങ്കില്‍ അല്പം വിശദമായിത്തന്നെ -- ഈ സ്പെയ്സ് ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്ന് തോന്നുന്നു. വിമര്‍ശനം വേണ്ടെന്നല്ല അവഗണിക്കാവുന്നവയെ അവഗണിച്ചുകൂടേ എന്നാണ്. അപ്പോള്‍ മികച്ച രചനകള്‍ക്ക് കുറേക്കൂടി സ്ഥലം കിട്ടിയെന്നു വരും.

വിഷ്ണു പ്രസാദ് പറഞ്ഞു...

കലാമിന്റെ കവിതകള്‍:
ശവങ്ങള് സംസാരിക്കാറില്ല ...
ഒട്ടകപ്പന്തയം/ കലാം
 ഗാസ: ഒരു കണ്ണീര് കാഴ്ച/കലാം

നജൂസ്‌ പറഞ്ഞു...

കവിത ആരുടെ എന്നുള്ളത്‌ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്‌. ബ്ലോഗില്ലാത്തവരുടെ കവിതകള്‍ തലക്കെട്ടോടൊപ്പം തന്നെ പേരും അല്പം വലുതാക്കി കൊടുത്താല്‍ ശരിയാവും.

വിഷ്ണു പ്രസാദ് പറഞ്ഞു...

തലക്കെട്ടിനോടൊപ്പം തന്നെയാണല്ലോ കവിതയെഴുതിയ ആളുടെ(ബ്ലോഗ് ഇല്ലാത്തവരുടെ)പേര് ഇതുവരെ കൊടുത്തിരുന്നത്...

mary lilly പറഞ്ഞു...

സുഹൃത്തേ,

എന്‍റെ കവിത വായിച്ചു
ശങ്കരക്കുറിപ്പിന്‍റെ സൂര്യകാന്തിക്കൊപ്പം
താങ്കളുടെ വിമര്‍ശനം
വായിച്ചു മുണ്ടശ്ശേരിയുടെയും
എം. കൃഷ്ണന്‍ നായരുടെയും
ആത്മാക്കള്‍ വേദനക്കാതിരിക്കാനും
അവരുടെ കൃതികള്‍ വീണ്ടും
വീണ്ടും ആത്മഹത്യ ചെയ്യാതിരിക്കാനും
നമുക്ക്‌ ഒരുമിച്ചു പ്രാര്‍ഥിക്കാം.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

കഴിഞ്ഞ ലക്കം നിബ്ബ്‌ പംക്തി (ചന്ദ്രിക വാരാന്തപ്പതിപ്പ്‌)യില്‍ ബൂലോകകവിതാ ബ്ലോഗിനെ പരാമര്‍ശിച്ച കവിതയുടെ(ഗാസ) ഗ്രന്ഥകര്‍ത്താവിന്റെ പേര്‌ കലാം എന്നാണ്‌. വിഷ്‌ണുപ്രസാദ്‌ എന്നു ചേര്‍ത്തുപോയതില്‍ ഖേദിക്കുന്നു. നിബ്ബ്‌ ബ്ലോഗിനെ മാത്രം അടിസ്ഥാനമാക്കുന്ന പംക്തിയല്ല. ഓരോ ആഴ്‌ചയും പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളെക്കുറിച്ചുള്ള ചെറിയ വിലയിരുത്തല്‍ മാത്രമാണ്‌. വിശദീകരിച്ച പഠനം പത്രത്തിലെ സ്ഥലപരിമിതി കാരണം മാറ്റിവയ്‌ക്കുകയാണ്‌. പലരുടെയും കവിതകള്‍ ഗഹനമായും. ചിലത്‌ തീരെ അവഗണിക്കേണ്ടതായും വരാം. എങ്കിലും കവിതകളിലേക്ക്‌ ഒരു ശ്രദ്ധ അത്രമാത്രമാണത്‌. കൂടുതല്‍ വായനയ്‌ക്കും വിലയിരുത്തലുകള്‍ക്കും ഈ കോളം സൂചനയാകട്ടെ.

gravatarcomn56789011.wordpress.com പറഞ്ഞു...

Sandhwanam media

SANTHWANAM PRESS CLUB VARTHA Sunil N B Leader Manager.Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara.index.php.mangalam12 0046333https.blogspot.com.Sandhwa nam.Sandhwanam media.co പത്ര .Facebook.ദേശാഭിമാനി.മെട്രോ

വാർത്ത ,