ശനി, ഏപ്രില്‍ 26, 2025

24/7/09

ഗാസ: ഒരു കണ്ണീര്‍ കാഴ്ച/കലാം

അല്ല കുഞ്ഞേ, അത് തുമ്പികളല്ല

നമ്മെ തേടി വരും മോക്ഷത്തിന്‍ മരണപ്പറവകള്‍.



ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട,

ഈ മണ്‍ കൂമ്പാരത്തില്‍ നിന്ന്,

ഇനി നമ്മുടെ വീട് കണ്ടെടുക്കനാവില്ല.



മാനത്തേക്ക് നോക്കാതെ സ്വീകരിക്കുക

പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍.

ആ വലിയ മതിലിന്നപ്പുറത്തേക്ക്,

ഇന്നലെ നീയെറിഞ്ഞ കൊച്ചു കല്ലുകളാണത്രേ

ഇന്നു അഗ്നിച്ചിറകുകളില്‍ പറന്നിറങ്ങുന്നത്.



കണ്ണടച്ച് പ്രാര്‍ത്ഥിക്കുക,

പാതിജീവനായി ബാക്കിയാവതിരിക്കാന്‍,

നമ്മുടെ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്.



അറിയാതെയെങ്കിലും ആ മാംസപിണ്ഡത്തില്‍

ചവിട്ടിയേക്കല്ലേ, അത് നിന്റെ അച്ഛനാണ്.

ഇന്നലെ, നിനക്ക് റൊട്ടി തേടി പുറപെട്ടു പോയതാണ്.

ഇനി നീ റൊട്ടിക്ക് വേണ്ടി കരയേണ്ടി വരില്ല.

മോക്ഷത്തിന്റെ പറവകള്‍ അടുത്തെത്തിക്കഴിഞ്ഞു.



ഹോളോകാസ്റ്റിന്റെ ഇരകള്‍ക്കറിയാം

പുതിയ ഹോളോകാസ്റ്റുകള്‍ എങ്ങിനെ നടപ്പാക്കണമെന്ന്.



ഒളിത്താവളങ്ങളില്‍ ഇനിയും

ഇന്‍തിഫാദ വിളികള്‍ ഉണരും.

അവസാനത്തെ ആളെയും കൊലക്ക് കൊടുക്കുന്നത് വരെ,

വഴിപാടുകള്‍ പോലെ, റോക്കറ്റുകള്‍ പറക്കും.



ലോകം പുതുവര്‍ഷാഘോഷത്തിന്റെ തിരക്കിലാണ്.

പ്രതികരണത്തിന്റെ അവസാനത്തെ അലയും

നിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.

ചത്തു മലച്ച ഒരു രാജ്യത്തെ,

കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍.



അതുവരെ കാത്തിരിക്കാം,

വയറില്‍ കാളുന്ന വിശപ്പിനെ

കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.

തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.

***************************

എഴുതിയത് : 03 - Jan - 2009

4 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

അതുവരെ കാത്തിരിക്കാം,

വയറില്‍ കാളുന്ന വിശപ്പിനെ

കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.

തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.


നല്ല വരികളാണ് മാഷെ

Mahi പറഞ്ഞു...

valare nalloru kavitha

Junaiths പറഞ്ഞു...

ഗാസയുടെ വിതുമ്പലും വേദനയും
ആരറിയുന്നു
ആര്‍ക്കറിയണം ഒന്നുമില്ലാത്തവരെ

Rajeeve Chelanat പറഞ്ഞു...

വിഷ്ണു,
ഇതാരുടെ കവിതയാണ്? പരിഭാഷ?
ആരുടെയായാലും ഈ കണ്ണീര്‍ക്കാഴ്ചക്കു നന്ദി
അഭിവാദ്യങ്ങളോടെ