22/7/09

ഒട്ടകപ്പന്തയം/ കലാം
ഉയര്‍ന്നു താഴ്ന്നും,
മുന്നോട്ടാഞ്ഞും
കുതിച്ചു പായുമൊട്ടകക്കൂട്ടം.

ചാട്ടവാര്‍ വീശി,
ഒട്ടകപ്പുറത്ത്,
കവചമണിഞ്ഞ
കുറിയ രൂപങ്ങള്‍.

ആര്‍ത്തും പേര്‍ത്തും,
അറഞ്ഞു ചിരിച്ചും,
കറുത്ത പട്ട കെട്ടിയ
വെളുത്ത കുപ്പായക്കാര്‍.

ഇടക്കൊരു നൊടി
നിലവിട്ടൊരൊട്ടകം
മറിഞ്ഞു വീഴുന്നു,
പാതയോരത്ത്.

തെറിച്ചു വീഴുന്നു,
പഴന്തുണിക്കെട്ട്‌ പോല്‍,
ചോരയില്‍ പൊതിഞ്ഞു,
കുറിയൊരാ രൂപം.

ഉരുണ്ടു വന്നപ്പോള്‍,
ഇരുണ്ടൊരു പയ്യന്‍.

ദാക്കയിന്‍ തെരുവില്‍ നിന്നും
പറിച്ചെടുത്ത ബാല്യം.
ഇരുണ്ട ഭൂതത്തില്‍
കരിഞ്ഞ വേരുകള്‍.
ഓര്‍മ്മകള്‍ ഉറയ്ക്കും മുന്‍പേ
കരകടത്തപ്പെട്ടവന്‍.
ഒട്ടകക്കൂട്ടില്‍
പട്ടിണി തിന്നവന്‍.
ഒട്ടകപ്പുറത്തിരുന്നു
വരിയുടഞ്ഞവന്‍.
മരുക്കോട്ടകളിലെ
ആധുനിക അടിമ.

ചുവപ്പും നീലയും തിളങ്ങി,
സ്ട്രെചെരില്‍ അവന്‍ മറഞ്ഞു.

ആര്‍പ്പുവിളികള്‍ വീണ്ടും,
പന്തയം കഴിഞ്ഞിട്ടില്ല!
***************************
ref: http://www.ansarburney.org/news/camel-jockeys.html
എഴുതിയത് : 06 - July - 2009

3 അഭിപ്രായങ്ങൾ:

khader patteppadam പറഞ്ഞു...

കവിതയില്‍ ഒട്ടകമുണ്ട്; പക്ഷെ കവിത മാത്രം വേണ്ടത്ര ഇല്ലെന്നു തോന്നി.അടുത്തത് നല്ലൊരു കവിതയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഭാവുകങ്ങള്‍!

ദേവസേന പറഞ്ഞു...

6 ഉം 7 ഉം പ്രായമുള്ള കുരുന്നുകള്‍
പറിഞ്ഞിങ്ങുപോരുമൊന്ന്
നെഞ്ചു പിടഞ്ഞുപോയിട്ടുണ്ട്
കഥകള്‍ പലത് കേട്ടിട്ടുണ്ട്
വരികളില്‍ വന്നപ്പോ
പിന്നേയും പിടയുന്നു

എം.കെ.ഖരീം പറഞ്ഞു...

മരുഭൂമിയിലൂടെ ഇളകിയാടി പോകുന്ന ഒട്ടകത്തെ കാണാം... ചലനമുള്ള രചന... ആശംസകള്‍...