പൊട്ടക്കലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൊട്ടക്കലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23/8/09

എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!


ശൂലമുനമ്പില്‍ നിന്നു

വാനം നോക്കുന്നോര്‍
കാണുന്ന കാനനം!


***********
ചേനത്തടം‌‌ വച്ച-
ടഞ്ഞിരിക്കും
പെണ്ണിന്‍ മേല്‍‌പ്പടര്‍പ്പ്!


***********
മരത്തണല്‍
കൊത്തിക്കോരിയിട്ടൊരു
മണ്‍‌വെട്ടി
കപ്പിയ ഇലകള്‍!


***********
കോരിത്തരിപ്പിന്റെ
മീന്‍‌ചട്ടിയില്‍
നീറിപ്പടര്‍ന്ന
രണ്ടു പുഴമീനുകള്‍.
(മറിച്ചിട്ടും തിരിച്ചിട്ടും
എണ്ണ കക്കി!)


***********
പൂച്ച
നോക്കിക്കാച്ചിയ പാല്
തിളച്ചുതൂവിയ പൂച്ച്;
ചന്ദ്രക്കല വീണുപോയ
ആകാശം!


***********
കേടായ കോടതി
ഇ'ട'പോയ കോതി!


***********
തുമ്മല്‍ വിഴുങ്ങിയ
സൂര്യന്റെ
ചമ്മല്‍ വിഴുങ്ങിയ

ചന്ദ്രന്‍!


***********
നാടകം കണ്ടു
നാട് അകം പിരിച്ചുകണ്ടു;
അകത്തിവച്ചൊരു 'അ'
കലപിരിഞ്ഞൊരക്ഷരം!


***********
തേനിരിക്കുന്നു
നക്കാന്‍ തുടങ്ങും മുന്‍പേ
തേനായിരിക്കുന്നു.
നാവായതുകൊണ്ടു
ക്ഷമിച്ചേക്കാം,
തുപ്പിക്കളഞ്ഞേക്കാം!


***********
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!







26/7/09

ഇരുട്ടാകാനിരിപ്പാണു്‌

പുലരിവെട്ട-
ത്തിരി കിരണങ്ങളെ
കടിച്ചെടുക്കാന്‍
നോക്കിത്തല തിരിച്ചു-
ച്ചിയെത്തോളം
ഉച്ചയെത്തോളം
കടിച്ചും വിഴുങ്ങിയും
കുഴഞ്ഞു തലയൊടിഞ്ഞു്
നിഴല്‍‌നക്കി-
യൊറ്റയിരിപ്പാണു്;
ഒരു പൂച്ച!
ഇന്നലെ-
ക്കരിഞ്ചണ്ടികള്‍
വന്നുമൂടിപ്പോയ
കരിമ്പിന്റെ പാലുപാത്രം
കണ്ടൊന്നു
ചുണ്ടുനനച്ചിട്ടി-
റുകെയിറുകെ
കണ്ണുകള്‍ പൂട്ടിവച്ചി-
ടാനരിഷ്ടിച്ചൊറ്റയിരിപ്പാണു്‌
ഒരു പൂച്ച!

കണ്ടന്‍‌ചക്കി
കണ്ടന്‍‌ചക്കി
കണ്ടം‌ചാടുന്നാ
കണ്ണിലരിയ പെണ്‍പൂച്ചകള്‍
ചുറ്റുന്നൂ ചുഴറ്റുന്നൂ
വാലേ വാലേ പഴകി-
പ്പിഞ്ചിപ്പോയ വാലെ,
നിവര്‍ത്തുന്നു
അടിഞ്ഞു്‌ തീപ്പിടിച്ചു്‌
തറയില്‍ തലയമര്‍ത്തി
കാലുനീട്ടി
പ്പഴമ്പൂച്ചുകളോര്‍ക്കെക്കിട-
യിരുട്ടിന്റെ പൂച്ചികള്‍
വട്ടംചുറ്റിപ്പറക്കുന്നു.

പൂച്ചേ പൂച്ചേ നിന്റെ നാടേത്, നീയുമെന്നെപ്പോലെ പ്രവാസിയോ, കടത്തിണ്ണ ചവറ്റുകൂന എന്നത് നിന്റെ വിലാസമോ, എന്റെ നാട്ടില്‍ പാതകപ്പുറത്താണ്‌, പാതകപ്പുറത്ത് പാല്‍‌പ്പാത്രവക്കില്‍ പൂച്ച, മീന്‍‌വെട്ടിക്കയറിച്ചട്ടിയോളം അതിന്റെ യാത്ര, അടുപ്പുലാണവന്റെ തീസൂര്യന്‍, ചാരത്തിലാണവന്റെ ചന്ദ്രന്‍, അവന്റെ പെണ്ണുങ്ങള്‍ പെറ്റുകൂട്ടുന്നതാണെന്റെ തട്ടിന്‍‌പുറം. ഞാന്‍, ഞാന്‍, ഞാന്‍...

കിഴക്കുനോക്കി-
യിരിക്കും പൂച്ചേ
കിറുക്കായെന്നോ
നീയുരുക്കുമോര്‍മ്മകള്‍
മയക്കങ്ങള്‍
ഒട്ടകം കാറോട്ടങ്ങള്‍
കളിമൈതാനങ്ങള്‍
വെയിലുകള്‍
കാറ്റുകള്‍
പൊടിക്കൂട്ടുകള്‍
കെട്ടിടക്കുന്നുകള്‍
ഇടവേളകള്‍,
അത്തറിന്‍ മണക്കുത്തലേറ്റു
പിടച്ചിലും കൊണ്ടോടിവന്ന
ചെറുകാറ്റുകള്‍,
വിരിഞ്ഞറിഞ്ഞ നോവില്‍
മരിച്ചൊട്ടിപ്പോയ ശലഭങ്ങള്‍,
മിണ്ടാതൊളിച്ച
മരവിപ്പിപ്പുകള്‍!

ഇരുന്നിരുന്നു
മറന്നുപോയോ
നിന്നെനീയിരിപ്പില്‍നിന്നു
നിന്റെയതിലേറെ-
യെന്റെ മോചനം;
പൂച്ചേ, പ്രതിച്ഛായേ
ഇരുട്ടാകുമോ?
ഇന്നലെക്കണ്ട
ഇരുട്ടായയിരുട്ടെല്ലാം
വെളിച്ചമോ
വിളറലോ
വെളിച്ചപ്പാടോ?

നീമടുത്തില്ലേ
ഇരുന്നും ജീവിച്ചും
ഇരന്നും കാമിച്ചും.
പൂച്ചേ, പ്രതിച്ഛായേ-
നിന്നെ വകവരുത്തട്ടേ
വേണ്ട,
നീയിരിക്കട്ടെ, നീകിടക്കട്ടെ
ഒരു ‘മീശ’യുള്ളതല്ലേ
ചത്തുപോകാതിരിക്കട്ടെ...!





19/3/09

വല്ലപ്പോഴും ചടപടാ ആലിപ്പഴങ്ങള്‍

ചെവിയില്‍‌ നിന്നും
ചെവിയിലേയ്ക്ക്
വിമാനം പോകുന്ന
കമാനമായ ആകാശം

കണ്ണിനു മുകളില്‍
പരന്നുകിടക്കുന്ന
മേഘക്കെട്ട്

ഒഴുകിവറ്റിയ
പുഴകളുടെ പ്രതിഫലനം

മൂളല്‍‌ മൂളല്‍‌ മാത്രം

ഇരുദിക്കില്‍‌
നിന്നും ഹൃദയമിടിപ്പുകള്‍

കാറ്റുവീശിനില്‍ക്കെ
ചുംബനങ്ങളുടെ ഇടിമിന്നല്‍‌;
ഓര്‍മ്മകള്‍

വേദന
ഇറുകിയുറ്റുന്ന ഒരു തുള്ളി

ആനയെ കെട്ടിയ
നെറ്റിയില്‍‌
കുതറിപ്പറക്കാന്‍‌
വിതുമ്പുന്നൊരു പട്ടം!







16/4/08

ഡയറിക്കുറിപ്പുകള്‍.

ആദ്യമായെന്ന്;
ഇടം കൂടിയ കണ്ണുകള്‍,
ചുംബനം പകര്‍ന്ന ചുണ്ടുകള്‍,
ആഴ്ന്നിറങ്ങിയ പല്ല്.
ശേഖരിക്കാന്‍ വിട്ടുപോയ ചിലത്.

എന്നുമെന്നും
നടന്നുപോകാറുള്ള വഴിയില്‍
കാത്തുകിടന്ന്
അടിത്തളിരു നോക്കി
ഉയിര്‍ത്തെഴുന്നേറ്റ ചോദന.

കാര്യം ഒരു ചെറിയ മുള്ളാണെങ്കിലും
കയറിയപ്പോഴും വലിച്ചൂരിയപ്പോഴും
വേദന.

സൂക്ഷ്മമായി നോക്കിയപ്പോള്‍
അലിവു തോന്നി

ഓരോരോ ജന്മങ്ങള്‍,
നോവിച്ച് നൊന്ത്
ജീവിക്കാമെന്നല്ലാതെ
ഒരിറ്റു ദാഹം തീരില്ല.
വിശപ്പു മാറില്ല.

ഞാനാണെങ്കില്‍
ആദ്യത്തെ മുള്ളെന്ന്
തലക്കെട്ടെഴുതി
ഡയറിയില്‍
പശചേര്‍ത്തു പറ്റിച്ചു.

അല്ലെങ്കിലും;
ചിലതിനെ ഒരിക്കലും
ഇത്രകണ്ട് സ്വകാര്യമെന്ന്
കുറിക്കാന്‍ കഴിയില്ല.

സുഹൃത്തേ;
നീ കൊണ്ടുവന്ന
കഠാരിയെങ്കിലും
ജോലികഴിയുമ്പോള്‍
തന്നിട്ടുപോകണേ……