4/4/13

ജീര്‍ണ്ണ സന്യാസികള്‍

ട്രാക്കില്‍ നിന്ന്
ഉടല്‍പ്പൊളികള്‍
പെറുക്കിക്കൂട്ടുന്നവനോട്
മരിച്ചവനേ....നിങ്ങള്‍
നമസ്‌ക്കരിക്കണം.

അറ്റതല വേറെ.
തുടയ്ക്കുതാഴെ
കഷ്ണിച്ച കാലുകള്‍ വെവ്വേറെ.
ചക്രങ്ങളീര്‍ച്ചിച്ചുകൂട്ടിയ
ചോര, മാംസ്യപ്പൂക്കള്‍,
തലയും കാലുമില്ലാതെ
വെട്ടിയിട്ട തെങ്ങുതടിപോലെ
തൊലിയുരിഞ്ഞെല്ലുവെളിവായ
നിന്റെയസ്തികൂടാരം,
ഓരോന്നോരാന്നായി
പെറുക്കിയെടുക്കുമ്പോള്‍
നോക്കിനില്‍ക്കുന്നവര്‍
കൈയ്യിലെ ഒറ്റക്കണ്ണുകള്‍ മിന്നിക്കുന്നു.
ചിലര്‍ രണ്ടുകണ്ണും പൊത്തുന്നു.
ചിലര്‍ തലചുറ്റി വീഴുന്നു .

ചോരയിലുച്ചവെയില്‍മൂത്തു പൊള്ളിയ
ഉടല്‍പ്പൊളി പെറുക്കുന്നവനേ....
ചോരകണ്ട് നിന്റയറപ്പുമാറണേ...

വാറ്റ് ചാരായമൊഴിച്ച്
പണ്ട് കുടിച്ച
മുലപ്പാലിന്റെയോര്‍മ്മകള്‍ക്ക്
തീകൊടുക്കണേ...

തമ്പാക്കില്‍ ചുണ്ണാമ്പുകൂട്ടി
നാവഴുകിയ വായില്‍ നിന്ന്
ചുടലയുടെ ചുടുകാറ്റു പൊന്തണേ...

പുണ്ണുപൊത്തിയ യോനികള്‍ തുരന്ന്
മുള്ളുകൊള്ളാതെ നീ നിന്റെ രേതസ്സൊടുക്കണേ..

ജീര്‍ണ്ണതകളെ
പ്രകീര്‍ണ്ണനം ചെയ്ത്
ഒരോന്നിലും മുങ്ങി
ഉടലും മനസ്സും ജീര്‍ണ്ണ ശവമാക്കി
ധ്യാനിച്ചു പഠിക്കണേ...

വീണ്ടുവിചാരമില്ലാതെ
ലോകത്തിന്നീര്‍ച്ചവേഗങ്ങളില്‍
വീണു ചിതറി മരിച്ചവരേ....
മരിക്കുന്നവരേ....
മരിക്കാനിരിക്കുന്നവരെ....
നിങ്ങളെ പെറുക്കിയെടുക്കുവാന്‍
വരുന്നു
നാനാ 'ചേരി' യില്‍ നിന്നിതാ
ജീര്‍ണ്ണ സന്യാസികള്‍.

3 അഭിപ്രായങ്ങൾ:

ഭാനു കളരിക്കല്‍ പറഞ്ഞു...

പിന്നിട്ടു പോയ ബോംബെ ജീവിതം കണ്മുന്നിൽ തെളിഞ്ഞു വന്നു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ചോരയിലുച്ചവെയില്‍മൂത്തു പൊള്ളിയ
ഉടല്‍പ്പൊളി പെറുക്കുന്നവനേ....
ചോരകണ്ട് നിന്റയറപ്പുമാറണേ...

Unknown പറഞ്ഞു...

good