20/1/11

ഡിജിറ്റൽ ഭോഗാ/നന്തര സാധ്യതകൾ

രണ്‍‌ജിത്ത് ചെമ്മാട്




ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്‌
എന്റെ പോറ്റുപുര.

കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന്‌ കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..

ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...

ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...

ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്‌
ഞാൻ സ്വായത്തമാക്കിയത്!

90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.

27 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്‌
ഞാൻ സ്വായത്തമാക്കിയത്!

ratheesh krishna പറഞ്ഞു...

ഉരച്ചുപൊള്ളിച്ച
ഇടങ്ങളില്‍
ഉമ്മചേര്‍ത്ത്
മായ്ക്കുന്നുണ്ട്
-വിസ്മയിപ്പിക്കുന്ന
ചടുലത

ശ്രീനാഥന്‍ പറഞ്ഞു...

ഡിജിറ്റൽ രതി നന്നായി

മുകിൽ പറഞ്ഞു...

ഡിജിറ്റൽ രതി..
കവിത തകർത്തു പെയ്യുന്നു..

Kuzhur Wilson പറഞ്ഞു...

ഡ്രാഫ്റ്റിനും മണിയോഡറിനുമൊപ്പം കവിതയും ഗള്ഫില്‍ നിന്ന് കേരളത്തിലേക്ക് കയറ്റി അയക്കപ്പെടുന്ന ഒരു കാലം വരുമെന്ന് ഒരിക്കല്‍ ഷാരജയില്‍ വച്ച് ആറ്റൂര്‍ രവി വര്മ്മ പറഞ്ഞു. കലര്പ്പില്ലാത്ത കവിയല്ലേ സത്യമാകും

നസീര്‍ കടിക്കാട്, രാം മോഹന്‍ പാലിയത്ത്, ടി.പി.അനില്കുമാര്, ടി.എ.ശശി, റഫീക്ക് തിരുവള്ളുവര്, ദേവസേന...അതിലെ ഏറ്റവും പ്രതീക്ഷയാണു നീ. ആറ്റൂരിന്റെ വരികള്‍ സത്യമാക്കുക.

കവിതയിലും ആകാശ ഗോപുരങ്ങള്‍ ഉണ്ടാക്കുക / ചിലത് മറിച്ചിടുക /

ഈ കവിതയിലേത് പോലെ

എം പി.ഹാഷിം പറഞ്ഞു...

വളരെ നന്നായി ഈ എഴുത്ത് !

Umesh Pilicode പറഞ്ഞു...

കൊള്ളാം

ഏറുമാടം മാസിക പറഞ്ഞു...

wow.....

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കാലത്തിന്‍റെ ഭാഷ അടയാളപ്പെടുത്തുന്നത് ഗള്‍ഫ് നഗരങ്ങളിലെ കവികള്‍ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

വിത്സന്‍ പറഞ്ഞതു പോലെ രഞ്ചിത്ത് ..നീയും കൂടെ ചേരുന്നു.

ഓരോ ആണ്‍ പൂവും , ഓരോ പെണ്‍ പൂവും ഇന്നിലേക്ക് പാകമാകുന്നത് അങ്ങിനെയാണ്.

നന്ദി കൂട്ടുകാരാ.. ഒരു നല്ല കവിത തന്നതിന്. ഇനിയും മുന്നേറുക. സധൈര്യം.

സ്നേഹപൂര്‍വ്വം,
രാജു ഇരിങ്ങല്‍

Unknown പറഞ്ഞു...

ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...

ഓഹോ അതിശയിപ്പിക്കുന്നു രഞ്ജിത്ത്

t.a.sasi പറഞ്ഞു...

രഞ്ജിത്ത് കവിത ഇഷ്ടപ്പെട്ടു..

Unknown പറഞ്ഞു...

നന്ദി, നല്ലവാക്കുകൾക്ക്....

സുനിലൻ  കളീയ്ക്കൽ പറഞ്ഞു...

ചെമ്മാടാ....
അമ്മയുമച്ഛനുമൊഴിച്ച് എന്തും വിലയ്ക്കുകിട്ടുന്നിടത്ത്. മരുപ്പച്ചയാണ്‌ ഡിജിറ്റൽ ജീവിതം.ഇന്നലയെ നാളെയേ ഇന്നിന്റെ കണ്ണിലൂടെ നാം കാണുന്നു.
ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...
പറഞ്ഞിടത്തോളം പരമാർത്ഥം.വിൽസണ്ണന്റെ കമന്റ് കവിയെ, കവിതയെ നിരൂപിച്ചു കഴിഞ്ഞു. അനുഭവങ്ങളുടെ കരിങ്കൽ ചുമ്മി കവിതയുടെ ചാന്ത് ചേർത്ത് ഗോപുരങ്ങൾ തീർക്കട്ടെ എന്ന് ആശംസിക്കുന്നു.

Unknown പറഞ്ഞു...

അക്കരെയും ഇക്കരെയും നിന്ന്‍ പ്രണയം മാത്രമല്ല കാമവും പങ്കു വച്ചു നല്‍കാം..പ്രവാസം തൊട്ടിരക്കുന്ന ജീവിത സാധ്യതകള്‍...
എവിടെയായിരുന്നു നീ ഉമ്മവച്ച് നോവുമാട്ടിയതെന്ന്‍ പരസ്പരം ചോദിച്ച് ആശ്വസിക്കാം...
നന്നായി ....

സുനിലൻ  കളീയ്ക്കൽ പറഞ്ഞു...

ഈ ചെമ്പരത്തിയെ പൂജയ്ക്കെടുത്തതിന്‌ നന്ദി

MOIDEEN ANGADIMUGAR പറഞ്ഞു...

ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

രഞ്ജിത്ത്

കവിത വളരെ മനോഹരമായിരിക്കുന്നു..ആശംസകള്‍

ശ്രീജ എന്‍ എസ് പറഞ്ഞു...

ഒരു മുറിയില്‍ ഒന്നിച്ചു കഴിയുന്നവര്‍ക്ക് സ്നേഹിക്കാനും മനസ്സിലാക്കാനും പ്രണയിക്കാനും കഴിയാതെ പോകുന്ന കാലത്ത്,ഡിജിറ്റല്‍ ബന്ധങ്ങള്‍ അല്ലെ .എത്ര അകലെ ആകുമ്പോളും,ഈ വലയില്‍ വന്നാല്‍ പിന്നെ ഒരു മൗസ് ക്ലിക്കിന്റെ അകലം മാത്രം..കവിത അസ്സലായി..

Mahendar പറഞ്ഞു...

ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...
ahaha...

Ismail Chemmad പറഞ്ഞു...

കവിത വളരെ മനോഹരമായിരിക്കുന്നു..ആശംസകള്‍, രഞ്ജി

zephyr zia പറഞ്ഞു...

ഗംഭീരം!

റാണിപ്രിയ പറഞ്ഞു...

കവിത മനോഹരമായിരിക്കുന്നു..ആശംസകള്‍

jayanEvoor പറഞ്ഞു...

ശരിക്കും ഇന്നിന്റെ കവിത.

പറയാൻ വന്നത് ശ്രീദേവിയുടെ കമന്റിലുണ്ട്.

അഭിനന്ദനങ്ങൾ!

Blogimon (Irfan Erooth) പറഞ്ഞു...

ഡിജിറ്റല്‍ രതി.....സൂപ്പര്‍!!!!!!!!!!!!!

yousufpa പറഞ്ഞു...

അനുഭവം ഗുരു..
കവിതയ്ക്ക് ഒരു വല്ലാത്ത ഭാവം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോളിനി ഡിജിറ്റൽ രതിയുമാവാം അല്ലേ...
കലക്കീട്ടാ ചെമ്മാടാ

‘90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്...’ഈ വെടി പൊട്ടിച്ചിട്ടുള്ളവർക്കെല്ലാം അറിയാം അതിന്റെ സുഖം..കേട്ടൊ ഭായ്

ധനലക്ഷ്മി പി. വി. പറഞ്ഞു...

ഏതു ചെമ്പരത്തിയും പൂജക്കെടുക്കുന്നുണ്ട്...ഓരോപൂജയ്ക്കുമൊടുവിൽ വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ ....

ഡിജിറ്റലില്‍ ഇടം തേടുന്ന തൃഷ്ണകള്‍..

പൊള്ളിക്കുന്ന വരികള്‍ ..വാക്കുകള്‍ ഉതിര്‍ന്നു വീഴുന്നു ...