24/1/11

ഒരു തുമ്പപ്പൂ കൊണ്ട്...

ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ്‍ വിടര്‍ത്തുന്നു.

ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്‍റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..

കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.

പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!

സെറീന

17 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഈ കവിത ആരുടേതാണെന്നറിയാൻ എന്താ വഴി?

അജ്ഞാതന്‍ പറഞ്ഞു...

ഈ പ്രശ്നം ഈ സൈറ്റിൽ പലതവണ കണ്ടതുകൊണ്ടാണ് ചോദിക്കുന്നത്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഈ കവിതയ്ക്ക് താഴെ പെരെഴുതിയില്ലെങ്കിലും
ആളെ കണ്ടെത്താന്‍ കഴിയും... :)

അജ്ഞാതന്‍ പറഞ്ഞു...

കഴിയും പകൽകിനാവാ. അതല്ല വിഷയം. മുൻപും ചില കവിതകൾ കണ്ടു ഇങ്ങനെ. പബ്ലിഷ് ചെയ്യുന്ന ഒരു വർക്കിനരികിൽ വായിക്കുന്നവന് മനസ്സിലാകുന്ന തരത്തിൽ പേര് വയ്ക്കുന്നത് സാമാന്യമര്യാദയാണ്, പലരുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കുന്ന ഒരിടത്ത്

നജൂസ്‌ പറഞ്ഞു...

അതെ ഗുപ്തന്‍,
(പക്ഷേ ഈ കവിത പേരില്ലെങ്കിലും മനസ്സിലാവും, ഇനിപ്പൊ ബിരിയാണി ഇല്ലാണ്ടാവോ ആ... :))

khader patteppadam പറഞ്ഞു...

ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പുണ്ട്‌ ചുണ്ടരികില്‍...

ഇഗ്ഗോയ് /iggooy പറഞ്ഞു...

ആരെഴുതിയതായാലും
ഈ തുമ്പപ്പൂവ് എനിക്കിഷ്ടപ്പെട്ടു

സെറീന പറഞ്ഞു...

എന്താണെന്നറിയില്ല ഗുപ്തന്‍ അങ്ങനെ സംഭവിച്ചത്..
ഏതായാലും പേര് ചേര്‍ത്തിട്ടൊണ്ട് :)
നജൂ എവിടെയാടാ?
പകല്‍ :)
ഖാദര്‍ പട്ടേപ്പാടം
ഷിനോദ് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

ഓ സെറീനയാരുന്നു അല്ലേ ? മനസ്സിലായില്ലാരുന്നു ;)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തുമ്പപ്പൂവ്വിന്റെ നൈർമ്മ്യല്ലവും
തൂമ്പയുടെ മൂർച്ചയുമ്മുണ്ട് വരികൾക്കു കേട്ടൊ സെറീന

Sindhu Jose പറഞ്ഞു...

"കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്."

ഇതില്‍ കൂടുതലെന്തു പറയാന്‍?

കവിതയായും കമെന്റായും!

പാമരന്‍ പറഞ്ഞു...

ഓ സെറീനയാരുന്നു അല്ലേ ? മനസ്സിലായില്ലാരുന്നു ;)

same here :)

the man to walk with പറഞ്ഞു...

ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഒരു തുമ്പപ്പൂപോലെ ഹൃദ്യം

ശ്രീനാഥന്‍ പറഞ്ഞു...

മനോഹരം!

മുകിൽ പറഞ്ഞു...

നല്ലൊരു കവിത!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇല്ലാ.. മരിച്ചു പോയിട്ടില്ലെല്ലോ..

'ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..'