മലയാള കവിതയിലെ ഡയനീഷ്യന്‍ നൃത്തത്തിന്റെ ഇടമാണ് എ.അയ്യപ്പന്റെ കവിതകള്‍. സദാചാര വിലക്കുകള്‍ക്ക് അയവും ഉറക്കമൊഴിക്കലിന്റെ വിഭ്രമാനുഭവവും ഉള്ള ഉത്സവരാത്രിയുടെ കവിതകളാണിവ.
ആനന്ദത്തിന്റെ രാഷ്ട്രീയം
തൃഷ്ണകളുടെ കടിഞ്ഞാണ്‍ അയച്ചും മുറുക്കിയുമാണ് അധികാര വ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആര്യ പൂര്‍വ്വ സംസ്കാരങ്ങളിലെ മാതൃദേവിമാരിലും പ്രകൃതിയിലും കൂട്ടായ്മകളിലും നൃത്തത്തിലും ദിവ്യത കണ്ടെത്തിയ ശരീരത്തിന്റെ ആത്മീയതയെ ബ്രാഹ്മണര്‍ കീഴ്പ്പെടുത്തിയത് പരലോകോന്മുഖമായ അമൂര്‍ത്ത ആത്മീയത കൊണ്ടായിരുന്നു. പ്രകൃതിയേക്കാള്‍ ബ്രഹ്മവും ശരീരത്തേക്കാള്‍ ആത്മാവും പ്രധാനമായ ആത്മീയത.
ആദ്യം സവര്ണ്ണാത്മീയതയും പിന്നീട് യൂറോപ്യന്‍ മിഷനറി ആധുനികതയുടെ വിക്ടോറിയന്‍ സദാചാരനിയമങ്ങളുമാണ് സ്വാഭാവികാനന്ദങ്ങളെ പാപപങ്കിലവും പ്രാകൃതവുമാക്കിയത്. ആത്മവിദ്യയെയും ശരീരവിദ്യയെയും വളര്‍ത്തിയത്. ഉടലിനേയും ആത്മാവിനേയും തമ്മില്‍ ശത്രുക്കളാക്കിയത്.
ശരീരത്തെ ആത്മ-ബ്രഹ്മവിദ്യയിലൂടെ മോക്ഷം പ്രാപിക്കേണ്ട അവിദ്യാകേന്ദ്രമായും പാപജഡമായും കാണുന്ന കാണുന്ന ആര്യന്/മിഷനറി സദാചാര മൂന്നാം കണ്ണില്‍ എരിഞ്ഞു തീരാത്ത ജീവകാമത്തിന്റെ മേഘരൂപനടനമാണ്. ശരീര സ്വാത ന്ത്ര്യ പ്രഖ്യാപനമാണ് അയ്യപ്പന് കവിത.
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും. മറ്റാരെങ്കിലും അതാവേണ്ടിയിരിയ്ക്കേ എന്ന എഡ്വേര്‍ഡ് ആല്‍ബിയുടെ വരികളിലെ ക്രിസ്ത്യന്‍ ബലിയവബോധത്തിന്റെ വഴിതെറ്റി നടക്കുന്നതാണ് എ.അയ്യപ്പന്റെ കവിതകളിലെ ജീവിത ലോകം. പ്രസ്തുത വരികള്‍ ഒരുപാടു വായനകളെ വഴിതെറ്റിച്ചു വിട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ധാര്‍ മ്മികതയുടെ അടിസ്ഥാനം ദാനാത്മകസ്നേഹമാണ്. (അഴമുല). ദാനം നല്കുന്ന മഹാത്മാവുണ്ടെങ്കിലേ ഈ സ്നേഹത്തിനു നിലനില്പുള്ളൂ. ഒരു ബലികേന്ദ്രവും സ്വീകര് ത്താക്കളായ ഉപഭോക്താക്കളും ഉള്ള ധാര്‍മ്മിക വ്യവഹാരങ്ങളില്‍ നിന്ന് ബഹു കേന്ദ്രീതമായ പങ്കിടലിന്റെ ധാര്‍മ്മികതയിലേക്ക് എ.അയ്യപ്പന്റെ കവിതകള്‍ വഴിമാറി സഞ്ചരിക്കുന്നു.
വിരക്തിയുടെ ദര്‍ശനമല്ല, ആനന്ദത്തിന്റെ രാഷ്ട്രീയമാണ് എ.അയ്യപ്പന്റെ കവിതകളിലുള്ളത്. രാഷ്ടീയാധുനികതയുടെ കാലത്ത് ആനന്ദവിരുദ്ധമായ സ്വാതന്ത്ര്യാന്വേഷണത്തിന്റെ ചിഹ്നങ്ങളായി ക്രിസ്തുവും ബുദ്ധനും പ്രതിഷ്ഠ നേടി. ഇവയെ അപനിര്‍മ്മിക്കുകയാണ് എ.അയ്യപ്പന്റെ കവിതകള്‍. ലൈംഗികതയോടും സ്ത്രീകളോടും കുടുംബബന്ധങ്ങളിലെ ആനന്ദങ്ങളോടും വിരക്തി പുലര്‍ത്തുന്ന നക്സലൈറ്റ് കാലത്തിന്റെ സന്യാസസങ്കല്പത്തെ ഈ കവിതകള്‍ അട്ടിമറിക്കുന്നു.
ആനന്ദമതം
എ.അയ്യപ്പന്റെ മതം ആനന്ദമതമാണ്. ബുദ്ധനേയും ക്രിസ്തുവിനേയും കവി വഴിയില്‍ വെച്ച് കൊല്ലുന്നത് ഇവര്‍ കാരുണ്യത്തിന്റേയും വിരക്തിയുടേയും മഹാവതാരങ്ങളായതുകൊണ്ടാണ്. വന്‍ പ്രതിമകളുടേയും വന്‍ ധര്‍മ്മത്തിന്റെയും കവിയല്ല എ.അയ്യപ്പന്. വഴിയോരത്തെ ആ പാഴ്വസ്തുക്കളിലും, കല്ലുകളിലും ശില്പങ്ങള് കൊത്തുന്നവനാണ്. വല്യ മനിച്ചരെ പറഞ്ഞുവിട്ട് ചെറിയ മനിച്ചരെ പറഞ്ഞിരുത്തുന്നവന്. പുരോഹിതനോ ദൈവമോ മഹാബിംബമോ ഇല്ലാത്ത തെരുവുപന്തി ഭോജനത്തിന്റെ അനുഷ്ഠാനമന്ത്രമാണ് കവിത. പുണ്യപാപങ്ങളില്ലാതെ ദാനമോ, ത്യാഗമോ വേണ്ടാതെ ആര്‍ക്കും പങ്കെടുക്കാവുന്ന തെരുവുസല്ക്കാരം, പങ്കിടലിന്റെ അനുഷ്ഠാനം.
കടലാസുപക്ഷി എന്ന കവിതയില്‍ അനാസക്തിയോഗത്തില്‍ നിന്ന് മുത്തശ്ശിക്ക് പുതപ്പും മരുമക്കള്‍ക്ക് ചായപ്പെന്സിലുകളും കൊടുക്കാതെപ്പോയ ആസക്തി യോഗത്തിലേക്ക് കവി മാറുന്നു. `ഇതാ ഒരു ചിപ്പിക്ക് ബുദ്ധന്റെ കണ്ണീര് കിട്ടുന്നു.'
ക്രൂരതയുടെ കാലം ബുദ്ധകാരുണ്യത്തെ അപ്രസക്തമാക്കിയിട്ടുണ്ടെന്നു കവി തിരിച്ചറിയുന്നു. നരഭോജിയുടെ കലണ്ടറില്‍ വസന്തകാലം വന്ന ദിവസം കോമ്പല്ലുകള്‍ കൊള്ളാതെ കൈവെള്ളയില്‍ ചുംബിച്ചു. ആര്‍ത്തിപൂണ്ട് താമരയല്ലിതിന്ന് ആദ്യം വിശപ്പടക്കി. ബോധിതണുപ്പില്‍ ഭോഗാസക്തമായ തൃഷ്ണയും തൃപ്തിയും വിരക്തിയുടെ വസ്ത്രങ്ങള്‍ തിരശ്ശീല. (കലണ്ടറിലെ ചുവന്ന തിയ്യതി.)
സിദ്ധാര്ത്ഥന് കഠിനതപസ്സിനു പോയതോടെ ഞാന്‍ ഒറ്റയാനായി (പാത). റാന്തല്‍ അണയുന്നു. പ്രവാചക ശബ്ദത്തെ ഗാഗുല്‍ത്തായിലെ മണ്ണ് വീണ്ടും മൂടുന്നു. മഗ്ദലനയ്ക്കുള്ള കല്ലുകള്‍ ഇനി ക്രിസ്തുവിനുള്ളതാണ്. (ജന്മദിനം) വേടനും ബുദ്ധനുമായി പ്രാവിന് വിലപേശുന്നു. കരുണയുടെ കാലമിതെന്ന് ബുദ്ധന്. ഇതെന്റെ ഇരയെന്ന് വേടന്. (ബുദ്ധനും വേടനും)
ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കവിതയില്‍ ബുദ്ധന്റെ കരുണാമയമായ സ്പര്‍ശം തിരയുന്ന ആട്ടിന്‍കുട്ടി സിദ്ധാര്ത്ഥന് എന്ന കുട്ടിയാണ് തന്റെ കണ്ണുപൊട്ടിച്ചതെന്ന് വെളിപാടുനേടുന്നു.
മഴ എന്ന കവിതയില്‍ വിരുന്നുകാര്‍ക്കായി സരസ്വതിദേവിയുടെ കച്ഛപിയും. സ്വന്തം വിരലുമുറിച്ച് വീഞ്ഞും മാംസം മുറിച്ച് അപ്പവും അത്താഴം കഴിഞ്ഞ് നൃത്തത്തിന് പുലിത്തോലുമുടുത്തവന്റെ ഉടുക്കും പാമ്പും കരുതിവെച്ച വിരുന്നുകാരന് പുറത്തുപെയ്യുന്ന മഴ വരേണ്ട അഞ്ചുപേരുടെ ചോരയായിരുന്നുവെന്ന് തിരിച്ചറിയുന്നു. ഞാന്‍ മഹാത്യാഗിയാണ് എന്ന ആത്മരതിയെ കവിത തകര്‍ക്കുന്നു. ആനന്ദത്തി ല്‍ അപരരുടെ വേദനയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
സന്യാസിയുമൊത്ത് ഒരു യാത്ര എന്ന കവിതയില്‍ അയ്യപ്പന്റെ കാഴ്ചപ്പാടിന്റെ അനുഭവപ്രത്യക്ഷമുണ്ട്. സന്യാസി തീവണ്ടിച്ചൂളം കേള്‍ക്കാതെ കണ്ണടക്കുള്ളില്‍ കണ്ണുകളില്ലാതെ മനസ്സില്ലാതെ ദമം നിശ്ചലതയിലര്പ്പിച്ച് ദേഹം സമാധിയാക്കി യാത്ര എന്ന തോന്നലില്ലാതെ യാത്ര ചെയ്യുന്നു.
മുടിയിലും മുഖത്തും പതിക്കുന്ന കല്ക്കരിത്തരികളുടെ സുഖമറിഞ്ഞ് പച്ചിലകളില്‍ വീഴുന്ന സൂര്യന്റെ ചുവപ്പുകണ്ട് മുറിവുള്ള മനസ്സിന്റെ രുചികളുമായി മുറ്റത്തു ചവിട്ടാനുള്ള കാലിന്റെ തരിപ്പുമായി യാത്രയെന്ന തോന്നലോടെ യാത്രയുടെ സുഖമറിഞ്ഞ് യാത്ര ചെയ്യുന്നു.
പാഗന്മതം
എ.അയ്യപ്പന്റെ കവിതകളില്‍ വിശ്വാസിയോ നാസ്തികനോ ഇല്ല. പാഗന്‍ വിശ്വാസിയേ ഉള്ളൂ. പാഗന്‍ മതം സര്‍വ്വശക്തനായ ദൈവത്തേയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തേയും അനുവദിക്കുന്നില്ല. ദൈവവുമായി സംവാദത്തിനും സ്നേഹകലഹങ്ങള്‍ ക്കും ഇടമുണ്ടിവിടെ.
വായ്ക്കരിപ്പാട്ട് എന്ന കവിത നോക്കുക. ദൈവം തിരക്കുള്ളവനായിരിക്കുമെ ന്ന് ഞാന്‍ കരുതിയിരുന്നു. കൂടുതലുറങ്ങുകയും കുറച്ചു പണിയെടുക്കുകയും ചെയ്യു ന്ന ഓര്‍മ്മക്കുറവുള്ള ഒരു ദൈവമാണെന്റെ സ്രഷ്ടാവ്.
പെസഹ എന്ന ബൈബിള്‍ ബിംബരാശികൊണ്ടുള്ള കവിത ബലിയുടെ ചിത്രമാണ്. ഈസ്റ്റര്‍ എന്ന കവിതയില്‍ ``നാളെ നീ കരയും, നാളെ നിന്റെ കുഞ്ഞാടിനെ കൊല്ലുന്ന ദിവസം'' എന്ന് ഉയിര്‍പ്പില്ലാത്ത ദുഃഖത്തിന്റെ വെള്ളിയാഴ്ചയാഘോഷിക്കുന്നു. ഇത്തരത്തിലുള്ള നിസ്സഹായബലികളെ ശക്തിയുടെ ഉയിര്ത്തെഴുന്നേല്പിലേക്ക് നയിക്കുന്ന കവിതകളും എ.അയ്യപ്പന് എഴുതിയിട്ടുണ്ട്. ആകാശത്തിന്റെ പൊരുള്‍ എന്ന കവിതയില്‍ മാലാഖയും കഴുകനും പറക്കുന്ന നീലാകാശത്തില്‍ മാലാഖ കൊലചെയ്യപ്പെടുകയും ചുകന്ന മാലാഖ ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യുന്നു.
ക്ഷണികസൂര്യന്‍ എന്ന കവിതയില്‍ നിഷെയന് ബലത്തിന്റെ കഠിനജീവിതലോകമുണ്ട്. ഒന്നുമറിയാതെ കാട്ടുപൂവിന്റെ ചന്തത്തിലും പക്ഷിയുടെ പാട്ടിലും മുഴുകിയിരിക്കുന്ന കുട്ടിയെ സിംഹം കൊന്നുതിന്നുന്നു. ഒരു മാലാഖ സിംഹത്തിന്റെ നഖങ്ങളില്‍ നിന്നുതിര്‍ന്ന മുത്തുകള്‍ പെറുക്കുന്നു. നിഷ്കളങ്കതയുടെ വിധി രക്തസാക്ഷിത്വമാണെന്നു കവി കരുതുന്നു.
രൂപാന്തരം എന്ന കവിതയില്‍ മുയല് മുജ്ജന്മത്തിലെ സിംഹമായിരുന്നു. അതാ്രഗഹിക്കുന്നത് കരുണയല്ല, ശക്തിയാണ്.
വേനല്‍മഴ എന്ന കവിതയിലും ബലമെന്നോ ക്രൂരതയെന്നോ കൃത്യമായി വേര് തിരിക്കാനാവാത്ത ജീവിത തത്ത്വത്തെ കവി നേരിടുന്നുണ്ട്. ഹസ്തങ്ങളറിയാതെ എയ്തുപോയ് ശരം തോഴാ, മസ്തകം പിളര്ന്നല്ലോ മുത്തു ഞാനെടുത്തോട്ടെ.
സിംഹത്തിനൊരു സിംഫണി എന്ന കവിത സിംഹത്തിന്റെ ആത്മഗതമാണ്. ഇടനെഞ്ചും നിന്റെ കരളും ഭുജിച്ച രുചി ഞാനൊരിക്കലും മറക്കില്ല മുത്തേ. അടിവയറിനരികെ അര്ത്ഥഗര്ഭമാകും ആനന്ദരേതസ്സിനി നിനക്കന്യം എന്ന് ഇരയോട് പറയുന്നു. ഇവിടെ കവി ക്രൂരതയേയും ഹിംസയേയും ആഘോഷിക്കുകയാണോ?
അത്താഴം എന്ന കവിതയില്‍ കാറപകടത്തില്‍പ്പെട്ടു മരിച്ചവന്റെ പോക്കറ്റിലെ അഞ്ചു രൂപയില്‍ നിന്നും അത്താഴം തേടുന്നവന് ധര്‍മ്മരഹിതമായ ആനന്ദത്തില്‍ മുഴുകുകയാണോ, അതോ ക്രൂരതയുടെ കാലത്തെ അതിജീവനപാഠം പഠിക്കുകയാണോ?
സ്വര്‍ഗ്ഗത്തില്‍ ഒരു കാട് എന്ന കവിതയിലെ പാട്ടുപാടാനുള്ള കൊതി കൊണ്ട് കാട്ടുകുയിലിന്റെ ഇറച്ചിതിന്നുന്ന കാട്ടാളന് ഹിംസയെ ആഘോഷിക്കുകയാണോ? ഹിംസയും അഹിംസയും തമ്മിലുള്ള സങ്കീര്‍ണ്ണബന്ധം ഹിംസയുടെ പക്ഷി എന്ന കവിതയില്‍ കാണാം. അവള് പറഞ്ഞു ``പീലികള്‍ കൊഴിഞ്ഞാല്‍ പിന്നെ ഞാനൊരു മാംസപിണ്ഡമാണ്. സ്വാദുളള ഇര. നിന്റെ ഉദ്ദീപനമായ കാഴ്ചകള്‍ക്ക് പ്രിയങ്കരമായിരിക്കും. എങ്കിലും നിന്റെ രാത്രികളില്‍ മാനത്തിടിവെട്ടുമ്പോള് ഈ മാംസപിണ്ഡം മയിലായ് ആടും. നീ ഹിംസയെ സ്നേഹിച്ചത് അഹിംസയോടു പൊരുതാനായിരുന്ന ല്ലോ?''
ഇരയുടെ കഥ എന്ന കവിത പ്രകൃതിയിലെ ഹിംസാ ശൃംഖല കാണുന്നു. ഭൂതദയയുടെ പൂ കരിഞ്ഞ കാടിതെല്ലാം കാണുന്നു. ദൈവമേ നിനക്കിഷ്ടം ഏത് സ്വാദുള്ള മാംസമാണ്?
ഛായ ശക്തിക്കായുള്ള പ്രാര്‍ത്ഥനാമന്ത്രമാണ്. നീഡം ശാപമായാല്‍ നീയൊരു കഴുകനാവണം. എനിക്ക് ധാതുവിന്റെ ബലിഷ്ഠശ്യാമം നിനക്ക് കാട്ടിലെ താമര.
`മേഘങ്ങളുടെ പ്രതിജ്ഞ' ശക്തിയുടെ ക്രൂരതക്കെതിരെ പ്രകൃതിയിലെ ഇരകളുടെ ശാപമാണ്. വിട്ടുപോകുന്നില്ലല്ലോ ദൈവമേ ഇന്നും വേടന്. കട്ടുമുടിക്കുന്നല്ലോ തിന്മകള് സൗന്ദര്യത്തെ, വരണ്ട കൂജ പോലെ തൊണ്ട പൊട്ടണം. അവന് മരിക്കുന്നതുവരെ ഞങ്ങള്‍ സംഗീതം പൊഴിക്കില്ല.
അയ്യപ്പന്റെ കവിതകളിലെ ഈ വൈരുദ്ധ്യങ്ങള്‍ കാലത്തിന്റെ ധാര്‍മ്മിക പ്രതിസന്ധിയാണോ? നന്മതിന്മകളുടെ ദ്വന്ദങ്ങള്ക്കപ്പുറംപോയി ബലത്തിന്റെ തത്ത്വം ആവിഷ്കരിച്ച നീഷെയുടെ ബലതത്ത്വത്തിന്റെ പുനരവതാരമാണോ ഇത്? ബുദ്ധനും താന്ത്രിക മാര്ഗ്ഗക്കാരനും തമ്മില്‍, ഗാന്ധിയും കൃഷ്ണനും തമ്മില്‍ നമ്മുടെ ഉള്ളില്‍ ഗഹസംവാദം അന്തിമതീരുമാനങ്ങളിലെത്താതെ നടക്കുന്ന കാലമാണിത്.
ബലത്തെക്കുറിച്ചുള്ള സെന്‍ തത്ത്വം ശക്തി പരിമിതിയും പരിമിതി ശക്തിയുമാണ് എന്നാണ്. ശക്തരെ ദുര്ബ്ബലന് നേരിടുന്നത് എതിര്ശക്തിയിലൂടെയല്ല, പാഗന്‍ തന്ത്രങ്ങളിലൂടെയാണ്. (സിഹത്തെ തോല്പിച്ച മുയലിന്റെ തന്ത്രം ഓര്‍ക്കുക.) അയ്യപ്പന്റെ മുയല് സിംഹമാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രേമവും ശക്തിയും
ശക്തിയും ജ്ഞാനവും നേടാത്ത പ്രേമമേ, വിത്തും വൃക്ഷവുമില്ലാതെ പൂവില്ല. (വൃക്ഷ ഗീതം). അയ്യപ്പന്റെ പ്രണയതത്ത്വത്തിന്റെ താക്കോല്‍ വാക്യമാണിത്. അയ്യപ്പ ന്റെ പ്രണയഭാവം ക്ലാസിക്കല്‍/റൊമാന്റിക് പ്രണയത്തിന്റെ കൊടുമുടികളില്‍ നിന്നും പൂത്ത ചെരിവുകളില്‍ നിന്നും താഴ്വാരത്തിലേക്ക് ഇറങ്ങി വരുന്നതാണ്. പ്രണയം സ്വയം നോക്കുന്നതിന്റേയും സ്വയം പുതുക്കിപ്പണിയുന്നതിന്റേയും അനുഷ്ഠാനസന്ദര്ഭമാണ്.
കാമപര്‍വ്വം പ്രണയത്തിന്റെ സങ്കീര്‍ണ്ണ ചിത്രം ജന്മവാസനകളുടെ പ്രാഥമിക നിറങ്ങള്‍കൊണ്ടു വരയ്ക്കുകയാണ്. സ്വത്വത്തെ നശിപ്പിച്ച് പുനഃസൃഷ്ടിക്കുന്ന അനുഷ്ഠാനരീതിയുടെ മുഹൂര്‍ത്തമാണിവിടെ പ്രണയകാലം.
`ആസക്തിയുടെ വീട്' മഞ്ഞപ്പുലികള്‍ തുള്ളിച്ചാടുന്നതുപോലെ കൊന്നപ്പൂക്കള്‍ പൊട്ടിവിടര്‍ന്ന കാലത്ത് ഒരു ദിവസം വിടപറഞ്ഞവളെക്കുറിച്ചുള്ള ഖേദമാണ്. നിനക്ക് സമര്‍പ്പണത്തിന്റെ കവിതയാണ്. പൂവും തീയ്യും കൊണ്ടുള്ള ആരതി. അമ്മയുടെ നിറഞ്ഞ മനസ്സില്‍ നിന്ന് നിനക്കു സാന്ത്വനം. സിംഹത്തിന്റെ പ്രതികാരശക്തിയില് നിന്ന് കാമം. പാപിയുടെ കളങ്കത്തില്‍ നിന്ന് കവിളിലൊരു മറുക്.
`ചീയേഴ്സ്' ഹിംസാത്മക പ്രണയത്തിന്റെ സങ്കീര്‍ത്തനമാണ്. നിനക്ക് വിശന്നപ്പോള്‍ എന്റെ ഹൃദയത്തിന്റെ പകുതി തന്നു. എന്റെ വിശപ്പിന് നിന്റെ ഹൃദയത്തിന്റെ പകുതി തന്നു. എന്റെയും നിന്റേയും രക്തത്തില്‍ സമ്മിശ്രമായ ഈ ചില്ലു പാത്രങ്ങള്‍ ചുണ്ടോടടുപ്പിക്കാം ചീയേഴ്സ്.
അയ്യപ്പന്റെ പ്രിയമുള്ള ഋതു വേനലാണ്. മൃഗം സിംഹം. പക്ഷി പരുന്ത്. രാശി ഓറിയോണും. മധ്യാഹ്നകാലത്തിന്റെ മുറുകിയ ഞാണ് ഉള്ള വാദ്യത്തിലാണ് വാദനം.
സുമംഗലി ബാല്യകാലസഖിയുടെ ഓര്മ്മപ്പച്ചയാണ്. ഹൃദയം കിഴക്കസ്തമിക്കുകയാണ്. എന്ന കവിതയില്‍ രതിയാലും ഹിംസയാലും നീല പൂശിയ കടന്നല് കൂടിന്റെ വീട്ടില്‍ കയ്ക്കുന്ന മുലയുണ്ണാന്‍ ഞാനും നീയും. രാത്രികള്‍ എന്ന കവിതയിലും ഹിംസാത്മകത ആവര്‍ത്തിച്ചുവരുന്നു. നിന്റെ കണ്ണിലെ പ്രകാശങ്ങളില്‍ നിന്നും വന്ന മാന്‍പേടയെ കടിച്ചു കീറുന്നത് കണ്ടുനിന്നവര്‍ നീയും ഞാനുമല്ലാതെ മറ്റാരാണ്?
പുഴയുടെ കാലം എന്ന കവിത പ്രണയഋതുക്കളുടെ ജീവഘടികാരമായി ശരീരത്തെ കാണുന്നു. നഗരാധിനിവേശത്തിന്റെ ബുള്‍ഡോസര്‍ പ്രണയഭൂമിശാസ്ത്രത്തെ നശിപ്പിക്കുന്നത് നാമമാത്രമായ പ്രണയം എന്ന കവിതയില്‍ കാണാം.
`ജീവനുള്ള കളിമണ്ണ്' പ്രണയത്തെ ഭൂമിയെ തൊടുന്നതാക്കുന്നു. കൂരിരുട്ടില്‍ മെഴുകുതിരിയുമായി വന്ന മാലാഖേ, നിന്റെ തീ നാളം കെടുത്തും. നിന്റെ ചിറകുകള് മുറിക്കും, നിന്നെ ഭൂമിയുടേതാക്കും.
എ.അയ്യപ്പന്റെ എല്ലാ കവിതകളിലും പ്ലാറ്റോണിക സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കിറക്കികൊണ്ടുവരലും പാഗന്‍ സംസ്കാരവും കാണാം. നീല എന്ന പെണ്‍കുട്ടി മഞ്ഞയുമായി ചേര്‍ന്ന് ഹരിതമാകുന്നു. വൃദ്ധ കന്യക ഇപ്പോഴും കാത്തിരിക്കുന്നു. (കലണ്ടറിലെ ചുവന്ന തിയ്യതി.)
പ്രണയം ജീവവാസനകളുടെ തല്ക്കാല ശമനമല്ല. ശരീരത്തിന്റെ ആത്മീയത കണ്ടെത്തലാണ്. ശവപ്പെട്ടി ചുമക്കുന്നവരോട് കവി പറയുന്നത് ശ്രദ്ധിക്കുക. എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും. പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞുതന്നവളുടെ ഉപഹാരം.
സ്വത്വത്തിന്റെ വാസ്തുവിദ്യ
അധികാരവ്യവഹാരങ്ങളുടെ കളിക്കളം മായ്ച്ച് ഉള്ള സ്വത്വത്തിന്റെ ആട്ടത്തിന്റെ പ്രകാശം കവിതകളില്‍ അയ്യപ്പന് അടയാളപ്പെടുത്തുന്നതെങ്ങിനെയാണ്? കൊളോണിയല്‍/നവകൊളോണിയല്‍ അധികാരയന്ത്രം പ്രവര്‍ത്തിക്കുന്നത് ഉപഭോ ഗത്തെ ആനന്ദസൂചികയായി സ്വത്തിനെ സ്വത്വസൂചികയായി ക്രയശക്തിയെ സ്വത്വശക്തിയായി ധനക്കൂറിനെ പ്രമാണമായി, പ്രകൃതിയെയും അപരരെയും മത്സരിച്ചു തോല്‍പ്പിച്ച് ആധിപത്യം നേടേണ്ട വസ്തുക്കളായി നിര്‍വ്വചിക്കുന്ന മാനദണ്ഡങ്ങള്‍ ഓരോരുത്തരിലും സ്ഥാപിച്ചുകൊണ്ടാണ്.
പാഗന്‍ വിശ്വാസധാരകളെ സെമിറ്റിക് ചട്ടക്കൂടിലേക്ക് മാറ്റി ഹിന്ദു കൊളോണിയലിസം ദേശീയതയുടെ സ്റ്റീം റോളറിനടിയില്‍ അടിച്ചുപരത്തുന്നു.
ഈ ഇരട്ട അധിനിവേശത്തെ ചെറുക്കുന്ന വികാര വിനിമയമാണ് അയ്യപ്പന്റെ കവിതകളുടേത്. ഭൂമിയുടെ കാവല്ക്കാരന്, പാവം മഹാഗണിയുടെ ഹൃദയം, വടവൃക്ഷം, കാടിന്റെ സ്നേഹിതയ്ക്ക്, വെയില് തിന്നുന്ന പക്ഷി, ജയില്‍മുറ്റത്തെ പൂക്കള്‍, ഇടിവെട്ടേറ്റ മയിലുകള്‍ എന്നിവ പുതുപരിസ്ഥിതിക സ്വത്വത്തെ സൃഷ്ടിക്കുന്നു. പ്രകൃതിയെ അന്യമായി കരുതുന്ന ഇന്‍സുലിന്‍ സ്വത്വത്തെ തകര്‍ക്കുന്നു.
കണ്ണട, ബലിക്കുറിപ്പുകള്‍, എന്റെ കണ്ണിലെ കൃഷ്ണമണിയില്‍ ആല, പ്രവാസിയുടെ ഗീതം, മരക്കുതിര, കുറ്റപത്രങ്ങള്‍ എന്നിവ ലോകത്തേയും അപരരെയും പുറത്തിട്ടടയ്ക്കുന്ന ഇന്‍സുലര്‍/കാര്‍ട്ടീഷ്യന്‍ സ്വത്വത്തെ തുറസ്സിലേക്ക് കാറ്റിനും സൂര്യവെളിച്ചത്തിനും കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും കൂട്ടമായി ആടിതിമിര്‍ക്കാന്‍ തുറന്നുകൊടുക്കുന്നു.
എന്റെ കണ്ണിലെ കൃഷ്ണമണിയില്‍/പ്രതിബിംബിക്കും/വനത്തില്‍ വന്നു വേട്ട യാടൂ/വിഷപ്പല്ലുള്ള പാമ്പിന്റെ പാമ്പാട്ടിയാകൂ. ആകാശത്തെ അരുണനെന് കൃഷ്ണമണിയില്‍ മരക്കുതിരയിലാടും മകനെന്‍ കൃഷ്ണമണിയില്‍ ഇല്ലമെന് കൃഷ്ണമണിയില്‍ എല്ലാരുമെന്‍ കൃഷ്ണമണിയില്‍.
(എന്റെ കണ്ണിലെ കൃഷ്ണമണിയില്‍)
മണ്ണിലേക്കോരോ എന്നെ വിളിക്കുന്നു. കണ്ണിലേക്കാരോ കടന്നുവരുന്നു. മണ്ണും ശരീരവുമൊന്നാകുന്നു. എന്നില്‍ നിന്നൊരുപിടി മണ്ണുവാരുന്നു? കണ്ണിലെ കൃഷ്ണമണിയാരുനുള്ളുന്നു.
(ബലിക്കുറിപ്പുകള്‍)
എന്റെ എല്ലാ ചോറിലും തിളങ്ങുന്ന കണ്ണുകള്‍, എന്റെ നന്ദിയുടെ കീറത്തുണി വീണ്ടും തുന്നിച്ചേര്‍ത്ത് എന്നെപ്പുതപ്പിക്കുന്ന സ്നേഹിതന്.
(കടലാസുപക്ഷി)
അറ്റുപോയ വേരിന്റെ ഇനിയുമുണങ്ങാത്ത/മുറിവുകളില്‍ തെറ്റുചെയ്ത കൈകളുടെ ചാരം വീഴുന്നു. കണ്ണുകളിലേക്ക് നോക്കാനുള്ള കരുത്തിലേക്ക് കാല്‍വെയ്പ്പുകള്‍ നീങ്ങുന്നു. ഒരുപുറം മാത്രമെഴുതിയ പുസ്തകത്തിന്റെ മറുപുറത്തിന്റെ പൂരണത്തിന് പൊരുളു തേടുന്നു.
(പ്രവാസിയുടെ ഗീതം)
സൂചിക
1. എ.അയ്യപ്പന്, മുറിവേറ്റ ശീര്‍ഷകങ്ങള്‍, പെന്‍ ബുക്സ്, 2004
കെ.രാജന്
കാരാട്ടില്‍ വീട്
ശിവന്‍കുന്ന്
മണ്ണാര്‍ക്കാട് പി.ഒ.
പാലക്കാട് - 678 582
4 അഭിപ്രായങ്ങൾ:
അയ്യപ്പനുണ്ട് ഓരത്ത് കിടക്കുന്നു
കണ്ടവര്‍ കണ്ടവര്‍ വഴി മാറിപ്പോകുന്നു
നേരം ഒട്ടേറെച്ചെന്നപ്പോള്-
അയ്യപ്പനുണ്ട് കവിതയായുണരുന്നു...
രാജന് മാഷിന്റെ ലേഖനം വായിക്കുന്നതിനു മുന്നേ തന്നെ ഒരു കമന്റിടാതെ വയ്യ. ഏറെ ഇഷ്ടമായിരുന്ന ഒരാളെ ഏറെ കാലം കഴിഞ്ഞു കണ്ടു മുട്ടുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിക്കുന്നതിനു മുന്നേ ഒന്നു കെട്ടിപ്പിടിക്കില്ലേ...അതേ ആവേശത്തോടെ. ഇവിടെ ഉണ്ടായിരുന്നോ ഇദ്ദേഹം. മാഷേ, ഞാനിവിടെ ഉണ്ട്, വളരേ കാലമായിട്ട്...
sir,
kindly give permission to include this criticism in ayyappan- life and poetry ,releasing soon.the book published by sign books tvm. I am the editor of which.
yours faithfully,
k.muraleedharan mob.9846105910
nomenkaiatharam@gmail.com
അയ്യപ്പന് എന്നാ മനുഷ്യനെ നമ്മള് കാണാതെ പോയതാണോ.. അതോ കണ്ടിട്ട് മിണ്ടാതെ പോയതാലോ..എന്തായാലും കാലത്തിനും കുറെ നല്ല മനുഷ്യര്‍ക്കും ആയി കുറച്ചു നല്ലത് കാത്തു വെക്കാന്‍ ആ മഹാനു കഴിഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ