13/1/11

ദേവീ സരസ്വതീ.....

സാബു ഷണ്മുഖം

ദേവീ സരസ്വതീ ദിവ്യസുഗന്ധിയാം
താമരപ്പൂവിൽ നീ സൌമ്യം വിളങ്ങുന്നു
നിന്മുന്നിലർച്ചിക്കാനർച്ചനപ്പൂവില്ല
നിന്നെ ഞാൻ പൂജിക്കാനൊട്ടും നിനച്ചില്ല
തൂവമ്പിളിത്തൂവൽ ബാല്യം മുതൽക്ക് ഞാൻ
മഞ്ചാടിമൌനത്തിൽ മോഹിച്ചു നിന്മനം
നീയെൻ കളിത്തോഴിയായ് വന്നു പൂമര
ച്ചോട്ടിൽ നാം കല്ലുകൾ കൊത്തിക്കളിക്കുന്നു
കണ്ണാരം പൊത്തുമ്പോൾ കുന്നിമണിക്കണ്ണിൽ
കാലം മയിൽപ്പീലിക്കൌതുകമാകുന്നു
നിൻ കുഞ്ഞുപാവാടപ്പൂക്കളിലംബര
മാലോലമാടി നിറയുന്നു ചുറ്റിലും
സന്മഹൂർത്തങ്ങളിലാരാധനതോന്നി
ഉമ്മവെക്കാൻ ഞാൻ കൊതിച്ചുവോ നിഷ്ക്കളം ?

ദേവീ സരസ്വതീ, പൊൽക്കണി വീണയിൽ
നന്മ്യദുപല്ലവിയായ് നീ നിറയുന്നു
നിന്മുന്നിൽ സങ്കടസാഷ്ടാംഗമായില്ല
നിന്നോട് ഞാൻ വരം ചോദിച്ച് കേണില്ല
സപ്തവർണ്ണത്തിരക്കുള്ളിലുന്മത്തമാം
കൌമാര വിസ്മയം പൊട്ടിത്തരിക്കുന്നു
എൻ മുന്നിൽ കേശാദിപാദം നീയത്ഭുതം
നീയപ്സരാകാരകാന്തരഹസ്യവും
സ്വർണ്ണസിംഹാസനമുള്ളിലൊരുക്കി
ഞാൻ നിർമ്മലം നിന്നെ എടുത്തുവെച്ചു
നിന്റെയചുംബിതലജ്ജയിൽ നേർത്തലി
ഞ്ഞെന്റയലൌകിക പ്രേമദീപ്തികൾ
ഇടയുന്ന നെഞ്ചിടിപ്പോടു ഞാൻ നിൻ മുന്നി
ലിടറുന്നടിയോടെ മുടിയുന്നു വാക്കുകൾ


ദേവീ സരസ്വതീ , നീൾമിഴിത്താളിൽ നീ
ശാന്തമപാരം മഹാകാവ്യമാകുന്നു
നിന്മുന്നിൽ മന്ത്രക്കളങ്ങൾ വർച്ചില്ല
നിന്നെ ഞാൻ നാമജപത്താൽ വിളിച്ചില്ല
യൌവ്വനം വിങ്ങിപ്പുളഞ്ഞുപിടഞ്ഞ്തീർ
ന്നാതിരത്തേന്മാരി,യാകെ നനഞ്ഞു ഞാൻ
നിന്മാറിൽ തുള്ളിത്തുടിച്ചു നിന്നു, ത്രസി
ച്ചെന്റെയാദ്യത്തെ പദങ്ങൾ, വരികളും
നിന്നിൽഞാനാകെ തകർന്നുനിറഞ്ഞുനിൻ
സൌരഭം നീറിത്തുളുമ്പിസമസ്തവും
നിന്നിലലിഞ്ഞലഞ്ഞെത്തീയൊടുവി
ലെന്കാല്വെച്ചിറങ്ങിനിൻ കന്യാഹ്യദയത്തിൽ
എൻ ചുണ്ടിൽ തെന്നിത്തെറിച്ചുനിന്നു
തെറ്റിലൂറ്റങ്ങളൂറ്റിക്കുടിച്ച പദാവലി


ദേവീ സരസ്വതീ, സന്ധ്യയിലേകാന്ത
ശാലീനദീപികാന്യത്തമാടുന്ന നീ
നിന്മുന്നിൽ നിന്നെ മറന്ന് ഞാൻ നിന്നില്ല
നിന്നോട് കാത്തുരക്ഷിയ്ക്കാൻ പറഞ്ഞില്ല
ഏതേത്കാലവും, മക്കാലമിക്കല-
മെക്കാലമെങ്കിലും കാലം കലിക്കുന്നു
വേർപാടിലെപ്പൊഴും വേദന വന്നെന്നെ
വേദനിപ്പിച്ചിട്ടുവേദമായ് മാറുന്നു
അരുതെന്നറിഞ്ഞിട്ടുമരുതായ്കകൾ
ചെയ്യുമരുതാത്തറിവിന്റെയാഴങ്ങളാകുന്നു
എങ്ങനെയായാലുമൊന്നുമില്ലല്ലെങ്കി
ലെന്തായ്രുനാലുമത്രതന്നെ ചിരം
എന്നെന്നുമെല്ലാമതേപോലെയങ്ങനെ
യിങ്ങനെയായേതുമെന്തും വളരുന്നു

2 അഭിപ്രായങ്ങൾ:

Sureshkumar Punjhayil പറഞ്ഞു...

Bhoomiyile roopngalum...!

Manoharam, Ashamsakal...!!!

മുകിൽ പറഞ്ഞു...

നന്നായിരിക്കുന്നു കവിത. ചൊല്ലിപ്പഠിക്കാവുന്ന ഒരു കവിത. സന്തോഷം.