20/10/09

കോഴി

ഇറച്ചിക്കോഴികളെന്ന
പരസ്യബോർഡ്
വെയിലിൽ തിളച്ച്
പൊള്ളുന്നതും നോക്കി
അന്നംകൊത്തിതിന്നും
ചിറകുരുമിച്ചിരിച്ചും
ദാ ഇപ്പോൾറോഡിലൂടെ
നടന്നുമറഞ്ഞ
പുള്ളിക്കുപ്പായമിട്ട
നഴ്സറിക്കുട്ടികളെപ്പോലെ
ഞങ്ങളും കലപിലകൂട്ടും
ഇടയ്ക്കിടയ്ക്ക്
ഒരാൾ വീതം
കൂടുതുറന്ന്
കൂകിവിളിച്ച്
സ്വാതന്ത്ര്യമാഘോഷിച്ച്
ഇറങ്ങിപോകും
അവർക്കുപിന്നാലെ
മരക്കുറ്റിയിൽ
വീണുതെറിച്ച
ചുവന്നപൊട്ടുകളെ ചുമന്ന്
ഈച്ചകളും
അപ്പൊഴും
പ്രണയത്തിന്റെ
അങ്കവാലുയർത്തുന്ന
പൂവനെക്കണ്ട്
അന്നത്തിൽ
‘റ’ വരയ്ക്കുന്നുണ്ടൊരു
പിട
മുട്ടയിടാൻ
വെമ്പുന്നെന്ന്
അടക്കം പറയുന്നുണ്ട്
മറ്റൊരുത്തി
മണ്ണുകീറി
ഇരപിടിക്കും വിധം
വിവരിക്കുന്നുണ്ടൊരു
മുത്തശ്ശൻ
കുറുക്കനെപറ്റിച്ച
കഥപറഞ്ഞ്
വീമ്പിളക്കുന്നുണ്ട്
കൂടില്ലാതെ പണ്ട്
മേഞ്ഞവൾ
അങ്ങനെ
കൊക്കരക്കോയുടെ
കൂട്ടിനുള്ളിൽ
തൂവലാൽ
ഉത്സവം കൊട്ടുന്നു
ഞങ്ങൾ
വിലയുറച്ചാൽ
കഴുത്തറ്റൊടുങ്ങുമെന്ന-
റിയാഞ്ഞിട്ടല്ല
എങ്കിലും
സങ്കടപ്പെട്ട് തുലയ്ക്കാൻ
വയ്യൊരു നിമിഷവും
ഇത്തിരി ഇത്തിരിയേയുള്ളൂ
ജീവിതം

7 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

ഈ എഴുത്തു നന്നായി!!

rakesh പറഞ്ഞു...

മടുക്കാന്‍ തുടങ്ങിയിരിക്കുന്നു
ജീവിതത്തെ കവിതയിലേക്ക്‌
കൊത്തി വലിക്കുന്ന മൃഗചിഹ്ന്നങ്ങളെ.....
എങ്കിലും കടപ്പാട്‌....
കോറിയിട്ട നൈമിഷികതയുടെ സത്യത്തിന് --

Kalam പറഞ്ഞു...

നഴ്സറി കുട്ടികളെ പോലെ ഇറച്ചി കോഴികള്‍!
ഉപമ നന്നായി. ;)
കവിതയും

മുത്തശ്ശി കോഴികളും, പണ്ടു കൂടില്ലാതെ മേഞ്ഞവയുമൊക്കെ ചരിത്രമായി.
ഇന്ന് കൂട് നിറയെ വില്പനയ്ക്ക് തയ്യാറായ ഇളംകോഴികള്‍ മാത്രം.

വിഷ്ണു പ്രസാദ് പറഞ്ഞു...

രാകേഷ് പറഞ്ഞതിനോട് യോജിക്കാന്‍ തോന്നുന്നു.എങ്കിലും കവിത വളരെ മനോഹരമായി.

ഇത്തവണത്തേക്ക് ഈ പക്ഷിയെ ക്ഷമിച്ചിരിക്കുന്നു... :)

സെറീന പറഞ്ഞു...

മനോഹരമായ കവിത.

cp aboobacker പറഞ്ഞു...

ങ്ഊം. കവിത, കോഴിക്കവിത. ആ കടന്നുപോവുന്ന കോഴികളില്‍ ഒന്നെനിക്കു തരൂ എന്ന് ആരാണ് കേഴുന്നത്? സൂക്ഷിക്കുക. ഹൃദ്യമായി. നല്ല കറി.

M G RAVIKUMAR എം.ജി.രവികുമാര്‍ പറഞ്ഞു...

apolitical ? no..it 's political.polilitics of withdrawal.
ART OF LEAVING