12/10/09

പാപം ചെയ്യാത്തവര്‍...

ഒരു ചരിത്രത്തിന്റെയും
വക്കുപോലും കടിക്കാൻ പറ്റാതെ
ജീവിച്ചുപോരുന്ന എനിക്കുമേൽ

അടിപ്പാവാടയുടെ
ചരടിൽ കോർത്തിട്ട എത്ര
ദിവ്യപ്രവർത്തികളാണ്‌ ക്ലാര
ഒറ്റ രാത്രികൊണ്ട്‌ ചൊരിഞ്ഞിട്ടത്‌

എന്നിട്ടും
ഒരു പുണ്യവാളനോ പ്രവാചകനോ
ആവണമെന്ന്‌ ഞാൻ ആഗ്രഹിച്ചില്ല

പിന്നീടൊരിക്കൽ
ഡ്രൈവർ ജോസഫുചേട്ടന്റെ
കഥകൾ കേട്ടപ്പോൾ
വീണ്ടും കൊതി തോന്നിയെന്നതു സത്യം

എങ്കിലും, അടക്കിപ്പിടിച്ച്‌
ഓരോ പുണ്യാത്മാവിനും
ഓരോ നിയമം എന്നാശ്വസിച്ച്‌
ഒരു ദീർഘ നിശ്വാസത്തിനുമേൽ
ചുരുണ്ടു കൂടിക്കിടന്നില്ലേ?

അപ്പോൾ
കെട്ടഴിഞ്ഞു ചിതറിയ
പുണ്യ പ്രവർത്തികളുടെ അവസാനം
ക്ലാരയെ പുണ്യവാളത്തിയെന്നു
പ്രഖ്യാപിക്കേണ്ടി വരുമ്പോൾ

സ്കൂളിൽനിന്നൊളിച്ചുപോയി
എരമല്ലൂർ ജോസിൽനിന്ന്‌
എട്ടു പ്രാവശ്യം കണ്ട
സിനിമയുടെ ചരിത്രത്തിൽ
എവിടെങ്കിലും ഞാൻ തന്നെ
എന്നെ ഒന്നു കോറിയിടേണ്ടതല്ലേ?


( പത്മരാജന്റെ തൂവാനത്തുമ്പികൾക്ക്‌...)

2 അഭിപ്രായങ്ങൾ:

cp aboobacker പറഞ്ഞു...

ഇത് ഒരു വികടവിവരണം മാത്രമായതെന്തുകൊണ്ട്?

പാവപ്പെട്ടവൻ പറഞ്ഞു...

എന്ത് പറ്റി....? പരവശമായ ഈ തിരിച്ചുപോക്ക്