14/10/09

നൊയ്യൽ - 0 കി.മി.

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

പച്ച, പിന്നെയും പച്ചപ്പ്‌
കറുത്ത വയലുകൾ
കരിമ്പിൻ തോട്ടങ്ങൾ
കുടിലുകൾ, എരുമ
പുളിമരങ്ങളും കുഴൽക്കിണറും
കടിച്ചുകുടയുന്നപോലെ തമിഴ്‌
വെറ്റില മുറുക്കിച്ചുവപ്പിച്ച്
തിളങ്ങിക്കറുത്ത പെണ്ണിനേപ്പോലെ
നൊയ്യൽ

വണ്ടി നിറുത്തി
വഴിയരികിലെ പുല്ലിലേക്ക്‌
മൂത്രമൊഴിച്ചു
കരണ്ടു പാഞ്ഞപോലൊരു സുഖം
മൂത്രത്തിന്റെ
വില്ലിലൂടെ വളഞ്ഞ്‌
അടിവയറ്റിൽ തുളച്ചുകയറി
എനിക്കുള്ളിൽ
നൊയ്യൽ വിത്തുമുളച്ച്‌
പച്ച കനത്തു
അവളുടെ ചരിത്രവും
ഭാഷയും ദ്രാവിടമായ
ബലിഷ്ടതയിൽ കട്ടപിടിച്ചു.
ഒരു ഗ്രാമം എനിക്കുള്ളിൽ

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

ഇന്നലെ രാത്രി
പനിച്ച്‌, അലറി ശർദ്ദിച്ചുപോയി
ചുറ്റും നൂറ്റാണ്ടുകളായി
ചവച്ചരച്ചു തിന്നതെല്ലാം
വഴുവഴുത്ത്‌ കിടന്നു
ഏറ്റവും ഒടുവിൽ നൊയ്യൽ
ഒരു ഗ്രാമം എന്റെ മുറിക്കുള്ളിൽ
തരിച്ചുപോയി

കുഞ്ഞു കുടിലുകൾ, കരിമ്പിൻ പാടം
കടും ചേലകൾ ഉണക്കാനിട്ട അയ,
കുഴൽക്കിണറിനു ചുറ്റും കൂട്ടം കൂടുന്ന
പെണ്ണുങ്ങൾ, എന്റെ മക്കളുടെ
ചിത്ര പുസ്തകങ്ങൾക്കു ചുറ്റും
കുഞ്ഞുങ്ങളുടെ വട്ടം, പുളിമരച്ചോട്ടിൽ
ചീട്ടുകളി, സൈക്കിൾ ബെല്ല്‌, തമിഴ്‌
നൊയ്യലിൽ നിന്നുള്ള റോഡ്‌
എന്റെ മുറിക്കുള്ളിൽ
മറുപിള്ള പോലെ
പിണഞ്ഞു വഴുവഴുത്ത്‌ നീണ്ടു

കണ്ണുകൾ മുറുക്കിയടച്ച്‌
എന്റെ ഗർഭപാത്രത്തിൽ
ഞാൻ ചുരുണ്ടു കിടന്നു

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

നീട്ടിയടിച്ച ഒരു ഹോൺ
എന്റെ മുറിയെ വിറപ്പിച്ച്‌ കടന്നു പോയി
അകലെ നിന്നൊരു ലോറിയുടെ
വെളിച്ചം വഴിയരികിലെ
ബോർഡിൽ മിന്നിപ്പോയി

നൊയ്യൽ - 0 കി.മി.

അഭിപ്രായങ്ങളൊന്നുമില്ല: