11/8/09

കയ്യെഴുത്ത് പ്രതി

കോടതി മുറിയിൽ
ഒരു കവി
വക്കീൽ വേഷത്തിൽ
കള്ളനെപ്പോലെ
ആരും കാണാതെ
കവിതയുടെ പൂട്ടു പൊളിക്കുന്നു

കോടതി കൂടുന്നു
കേസു വിളിക്കുന്നു
വിചാരണ തുടങ്ങുന്നു
കവി അറിയുന്നില്ലൊന്നും
കവിതയുടെ പൂട്ട് തുറക്കുന്നില്ലൊട്ടും

കോടതി ക്രുദ്ധമാവുന്നു
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
പ്രതിയുടെ പേര് നീട്ടി വിളിക്കുന്നു
ജാമ്യമില്ലാത്ത വാറന്റിട്ട്
കേസ് അനിശ്ചിതകാലത്തേക്ക്
വലിച്ചെറിയുന്നു.

എന്നിട്ടും
കവി അറിയുന്നില്ലൊന്നും
പൊടുന്നനെ മിന്നൽ പോലെ
ആൾക്കൂട്ടത്തിൽ നിന്നൊരു പ്രതി
ചാടിയെത്തുന്നു.
കവിയെ തട്ടി വിളിക്കുന്നു
കരണത്ത് കയ്യൊപ്പ് വെയ്ക്കുന്നു
ഓർമ്മയുണ്ടോടാ കവീ
ഈ മുഖം എന്ന് ഒച്ച വെയ്ക്കുന്നു.

കവിതയുടെ പൂട്ടുപേക്ഷിച്ച്
കവി എണീൽക്കുന്നു
മറന്നുപോയല്ലോ
സ്വന്തം കയ്യെഴുത്ത് പ്രതിയെ
എന്ന് വിലപിക്കുന്നു.
കോടതി
പിരിഞ്ഞ് പോകുന്നു
പാലുപോലെ
പിരിഞ്ഞുപോകുന്നു
നൂലുപോലെ
പിരിഞ്ഞുപോകുന്നു.

4 അഭിപ്രായങ്ങൾ:

ഷിനില്‍ നെടുങ്ങാട് പറഞ്ഞു...

ഒരു ഏകാങ്ക നാടകം പോലെയുണ്ട്

സജീവ് കടവനാട് പറഞ്ഞു...

ഹോ!

കളഞ്ഞുപോയ ഒരു പൂട്ട് തിരിച്ചുകിട്ടി.
ഞാനൊന്നു പൊളിച്ചു നോക്കട്ടെ;

ഹരീഷ് കീഴാറൂർ പറഞ്ഞു...

പ്രതിയല്ല, വാദിയാവണം. അപ്പോഴെ മനസെഴുത്തുണ്ടാകൂ.

പള്ളിക്കുളം.. പറഞ്ഞു...

പ്രതിഭാഗം ഹാജരായിരന്നോ?
ആസ്വദിക്കാനായില്ല.