3/8/09

നോട്ടം / എം ആര്‍ വിഷ്ണു പ്രസാദ്

ശരീരം കണ്ണാടിയില്‍ നോക്കുന്നൂ;
ഒച്ചയുണ്ടാക്കാതെ.

റെറ്റിനയ്ക്കു പിന്നില്‍
പച്ചഞാറുകളുടെ പാടം തെളിയുന്നു:
പക്ഷികളുടെ മൌനത്തില്‍ നിന്ന്.

മുഖം കഴുകപ്പെടുന്നു
നെല്‍‌വയലിന്റെ ചതുരത്തിലേക്ക്
പതിനെട്ടു കൊറ്റികള്‍ പറന്നിറങ്ങുന്നു.

കുറ്റിരോമങ്ങള്‍ക്കിടയില്‍
നാലഞ്ചൂ വെള്ളത്തുള്ളികള്‍
ഉരുകാതെ,പൊടിയാതെ.

മൌനമെന്നു പേരുള്ള അടിവസ്ത്രം
അഴികള്‍ തുറന്ന് നിഴല്‍ മഞ്ഞിലൂടെ
ഊര്‍ന്നൂര്‍ന്ന്...

നനഞ്ഞ വിരല്‍ കൊണ്ട്
മുടി കോതുമ്പോള്‍
പായല്‍ക്കുളം,
എരുക്കിന്‍ പൂവ്,
മിഥുനമാസം
എന്നിവ.

കണ്ണുകള്‍  കണ്ണുകളിലേക്ക് പടവിറങ്ങവേ
മാഞ്ഞു മാഞ്ഞു പോകുന്നു;
കണ്ണാടിയും ശരീരവും ഒച്ചയുണ്ടാക്കാതെ!

എം ആര്‍ വിഷ്ണു പ്രസാദ്

ബൂലോക കവിതയില്‍ മുന്‍പ് പ്രസിദ്ധീകരിച്ച

അഭിപ്രായങ്ങളൊന്നുമില്ല: