27/7/09

ബാഹര്‍‌വാലാ*

ഞാന്‍ ബാഹര്‍വാലാ
നിന്റെ വീടിന്റെ പുറത്തുനില്‍ക്കുന്നവന്‍
നിന്റെ തരാതരമറിയുന്നവന്‍
നിന്റെ സൂക്ഷ്മഗന്ധങ്ങളോരോന്നും
നന്നായറിയുന്നവന്‍

നിന്റെ നാവിന്റെ രുചിഭേദമറിയുന്നവന്‍
നിന്റെ സസ്യശീലത്തിന്റെ
മാംസദാഹം കണ്ടവന്‍
നിന്റെ രോഗാതുരത കാണാതെ കണ്ടവന്‍
നിന്റെ രക്തസമ്മര്‍ദ്ദ
രസതന്ത്രമറിയുന്നവന്‍
ഞാന്‍
ഞാന്‍ നിന്റെ ബാഹര്‍വാലാ

ഒരു ഫോണ്‍‌വിളിയില്‍ നിന്‍
അരികിലെത്തുന്നവന്‍
കാത്തുനില്‍ക്കുന്നവന്‍
സൌമ്യന്‍, വിധേയന്‍
നിന്റെ ധാരാളിത്തം, പാപ്പരത്തം
എല്ലാം നിരവധിയാവര്‍ത്തി കണ്ടവന്‍
അധികമായ്‌ നീ തന്ന നാണയം വാങ്ങിയി-
ട്ടതിലൊരു കുടുംബത്തിന്റെ തൂണിനെത്താങ്ങുവോന്‍
ഞാന്‍
ഞാന്‍ ബാഹര്‍വാലാ,
നിന്റെ പൊരുളറിഞ്ഞവന്‍

ഒരു വാതിലിനപ്പുറമിപ്പുറം നിന്നിട്ടും
വെളിയിലാണുനാമിരുവരുമെപ്പോഴും
ഇല്ല നാം തമ്മില്‍ തെല്ലുഭേദം
അകവും പുറവുമെന്നിത്രമാത്രം
നമ്മള്‍ക്കിടയിലീ ഹ്രസ്വദൂരം

എന്നിട്ടും ഞാന്‍ മാത്രം
ഞാന്‍ മാത്രം ബാഹര്‍വാലാ




*കടകളില്‍നിന്നും ഇടത്തരം ഹോട്ടലുകളില്‍നിന്നും ഭക്ഷണവും മറ്റു നിത്യോപയോഗ സാധനങ്ങളും വീടുകളിലെത്തിക്കുന്നവരെ ഗള്‍ഫുനാടുകളില്‍ വിളിക്കുന്ന പേര്‍.

7 അഭിപ്രായങ്ങൾ:

Calvin H പറഞ്ഞു...

“ഇല്ല നാം തമ്മില്‍ തെല്ലുഭേദം“


ആരു പറഞ്ഞു? വോട്ടവകാശമൊണ്ടോ?

Rajeeve Chelanat പറഞ്ഞു...

ഇവിടെ അതിലും ഒരു ഭേദവുമില്ല കാല്‍‌വിന്‍. രണ്ടുപേര്‍ക്കുമില്ല ആ അവകാശം.

ബിനോയ്//HariNav പറഞ്ഞു...

"..നിന്റെ സസ്യശീലത്തിന്റെ
മാംസദാഹം കണ്ടവന്‍.."

ഹ ഹ അത് കലക്കി.
കവിത നന്നായീട്ടോ :)

Mahi പറഞ്ഞു...

അപ്പോള്‍ ഈ പരിപാടിയും കയ്യിലുണ്ടല്ലെ ? കവിത നന്നായിട്ടുണ്ട്‌.ചരിത്രത്തിനും സമൂഹത്തിനുമൊക്കെ പുറത്തു നില്‍ക്കുന്നവര്‍ക്ക് നേരെയുള്ള ഈ ഉള്‍നോട്ടങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍

താരകൻ പറഞ്ഞു...

വാഹ്..വാഹ്..ബാഹർവാലോം കീ അവസ്ഥാ അഛീ തരഹ് ലിഖാ ഹെ..ശുഭ് കാമ്നായെം...

Ravi Paloor പറഞ്ഞു...

Ellam nhan kanunnu. nokkukuthi.
ravi paloor, kolkata

പ്രസക്തി പറഞ്ഞു...

നന്നായിരിക്കുന്നു രാജീവ്
നമ്മുടെ വാതില്‍നു പുറത്ത് കാത്ത്
നില്‍ക്കുന്നവന്‍,
അകത്തേ കാഴ്ചകളോട്,നിറങ്ങളോട്
സംവേദിക്കുന്നവന്‍...............
അവനില്‍ നിറയുന്നതും ഒരു ജീവിതം തന്നെ..........