2/6/09

ഉണ്ണി ശ്രീദളം

കുളംപടിഞ്ഞാറെ അതിരില്‍
സര്‍പ്പക്കാവിനു പിന്നില്‍
വെയിലറിയാതെ ഒളിവില്‍ കഴിഞ്ഞു പോന്നു
ഒരുപാടുനാള്‍, ഞങ്ങളുടെ കൊച്ചുകുളം.

ഒരൊറ്റ വൈകുന്നേരം പോലും
കരുവണ്ണാച്ചികള്‍ക്കും
കാരാമകള്‍ക്കും
പുളവന്‍മാര്‍ക്കുംമാത്രമായി
ഞങ്ങള്‍ വിട്ടുകൊടുത്തില്ല.

ആദ്യം അച്ഛന്റെ കൈത്തണ്ടവണ്ണത്തില്‍ സ്നേഹബലമാര്‍ന്ന
പൂവരശിന്‍കൊമ്പിലേയ്ക്ക്‌ഒരോടിക്കയറ്റം.

പിന്നെ അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ
പഴന്തണുപ്പുറഞ്ഞ വെളളത്തിലേയ്ക്ക്‌ഒറ്റക്കുതിപ്പ്‌.

ഉതിക്കൊമ്പില്‍ ഞങ്ങള്‍ വവ്വാലുകളായി
അവധിപ്പകലുകള്‍ തലകിഴുക്കാമ്പാടായി.

കരഞ്ഞു കരഞ്ഞിരുന്നു ചില കര്‍ക്കിടകപ്പാതിരകള്‍,
പണ്ട്‌ ചേറില്‍പ്പുതഞ്ഞ്‌
കളഞ്ഞുപോയഞങ്ങളുടെ കുഞ്ഞമ്മാവനെയോര്‍ത്ത്‌.

മുങ്ങാങ്കുഴിയിട്ടുചെന്ന്‌
മുളളന്‍പായല്‍ക്കെട്ടിളക്കുമ്പോള്‍
മുകള്‍പ്പരപ്പില്‍ ഒന്നൊന്നായി പൊന്തിവന്നു പൊട്ടുന്നു,
നശിച്ച ഓര്‍മ്മകള്‍.

കൊന്നുകുഴിച്ചുമൂടിയ ഒരു കുളമുണ്ട്,
എന്റെ മാര്‍ബിള്‍ മുറിച്ചുവട്ടില്‍.

4 അഭിപ്രായങ്ങൾ:

ഉണ്ണി ശ്രീദളം പറഞ്ഞു...

this poem was published in BHASHAPOSHINI APRIL 2009

കെ.കെ.എസ് പറഞ്ഞു...

പഴയതറവാട് വീടിന്റെ മുറ്റത്തുമുണ്ടായിരുന്നു ഒരു
സരസ്സ്.ശാപം കിട്ടിയ ഗന്ധർവ്വരും ചിലമായാവിനികളും മത്സ്യമണ്ഡൂകാദികളായി ഒളിച്ച് പാർക്കുന്ന ഒരു മാനസസരസ്സ്.അതിപ്പോൾ
കരിപ്പിടീകാരാമകൾ പുളക്കുന്ന പൊട്ടകുളമായി കോലം കെട്ടു പോയിരിക്കുന്നു.ഒരിക്കൽ അതിൽ പൂത്തുനിന്നിരുന്ന വെൺ താമരകൾ കവിളിലൊന്നുരുമ്മിയതു പോലെ തോന്നി ഈ കവിത വായിച്ചപ്പോൾ

സബിതാബാല പറഞ്ഞു...

ചൂരല്‍ ചെടികളും കാഞ്ഞിരവും ചുറ്റ് മതില്‍ തീര്‍ത്ത ഒരുകുളം ഇപ്പോളുമുണ്ട് തറവാട്ടില്‍....
എല്ലാവരും അതു മൂടാന്‍ നോക്കുന്നു ഇപ്പോള്‍,കാരണം ആ കുളം കൂടി മൂടിയാല്‍ പൊന്നും വില കിട്ടുമത്രേ സ്ഥലത്തിന്.
പക്ഷേ ആ ചെറുകാവില്‍ നിന്നും കേള്‍ക്കുന്ന പുള്ളൂപക്ഷിയുടെ സ്വരം കേട്ട് പേടിപ്പിച്ച് ഭ്ക്ഷണം തന്നിരുന്ന നാളുകള്‍ എങ്ങനെ മറക്കും...
എന്റെ വീട്ടിലേയ്ക്ക് വഴികാട്ടിയായ വരികളെഴുതിയതിന് ആശംസകള്‍

Rameez Thonnakkal പറഞ്ഞു...

hrudhyamayirikkunnu thikachum gruhathurathwathintae pacha payalum..
nagara vedanayudae vevumundu..

aasamsakal..