10/5/09

ഹാവൂവിലെ സ്ത്രീകള്‍

ഹാവൂവിലെ

സ്ത്രീകളുടെയല്ലാം

രഹസ്യക്കാരനാണു ഞാന്‍.

രാത്രിയുടെ കൂലിയുമെണ്ണി

ഞാനീ തെരുവിലൂടെ

നടക്കാറുണ്ട്.

ഏതെങ്കിലും

പൈപ്പിന്‍ ചുവട്ടില്‍

കുളിച്ചെന്നു വരുത്തി

ഉറക്കത്തെ പ്രാപിക്കുന്നു.

ഉറക്കത്തില്‍

വീര്‍ത്തു വരുന്ന

എന്റെ വയറും തടവി

വയറ്റില്‍ നിന്നൊരു

ചാപിള്ള പെറ്റു വീഴുന്നതും

സ്വപ്നം കണ്ട് ഞാനുണരുന്നു.

പണ്ട് ഹാവൂവെത്ര

സുന്ദരമായിരുന്നു,

ഇവിടുത്തെ സ്ത്രീകളും.

ഇപ്പൊഴവര്‍

പഴയതു പോലെയല്ല,

എനിക്കറിയാം

എനിക്കേ അറിയൂ.

ഹാവൂവിലൂടെ

കടന്നു പോകുന്ന

പുലര്‍ച്ചവണ്ടിയെത്തി നിന്നിരുന്നത്

ഇവരുടെ കിതപ്പുകളിലായിരുന്നു.

ഇന്ന് ആ കിതപ്പുകള്‍

രാത്രിവണ്ടിക്കു തന്നെ

തെരുവ് കടന്നു പൊകുന്നു.

തെരുവില്‍

ക്രിക്കെറ്റ് കളിക്കുന്ന

കുട്ടികളെ

തെറി വിളിക്കാന്‍

പോലുമാകാത്ത ഇവരുടെ

പകലുകള്‍

ദുര്‍ബലങ്ങളാണ്.

പഴയപോലെ

തെരുവില്‍ നിര്‍ത്തിയിരിക്കുന്ന

ലോറികളില്‍ നിന്നും

രാത്രിയുടെ സീല്‍കാരങ്ങള്‍

കേള്‍ക്കാറില്ല.

എന്നെങ്കിലും ഹാവൂവിലൂടെയുള്ള

നിങ്ങളുടെ യാത്രയും

വിരസമാകില്ല

കാരണം

ഹാവൂവിലെ വയറുകള്‍ക്ക്

ഇപ്പോഴും വിശക്കാറുണ്ട്.