3/3/09

ഇരുട്ടുന്നതിനു മുമ്പ്

ചൂണ്ടക്കുരുക്കിലേക്ക്

വിരുന്നു തേടിപ്പോയ
മത്സ്യങ്ങളിതുവരെ
മടങ്ങിവന്നിട്ടില്ല.

രാവിലെ സൂര്യനിലേക്കു
പറന്നുപോയ
തുമ്പികളുമതെ.

പുലര്‍ന്നുവെന്നു കൂവാന്‍
പുരപ്പുറത്തു കയറിയ
കോഴിപ്പൂവനുമതെ.

മത്സ്യങ്ങള്‍ ചിലപ്പോള്‍
അങ്ങനെയാണ്.
ചുണ്ടക്കുരുക്കിലെ
രുചിയിലങ്ങനെ
ഒരിരുപ്പിരിക്കും.

തുമ്പികള്‍ സൂര്യന്‍റെ
ചൂടിലങ്ങനെ
ഭൂമി മറന്നിരിപ്പാവും.
പകല്‍  പറയുന്ന
കോഴി അടുത്തതിന്
ചുമ്മാ കാത്തിരിക്കും.

രാത്രിയാവാതിരിക്കാന്‍
ഭൂമിയുടെ വാതില്‍
മലര്‍ക്കെ തുറന്നിടുന്നത്
അറച്ചുവരുന്നൊരു കാറ്റ്.

പക്ഷെ, ഫലമെന്തുണ്ട്
തീന്‍മേശയ്ക്കു ചുറ്റും
വിശപ്പത്രയും
നിലവിളിക്കെ.
വി ജയദേവ്

3 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

പക്ഷെ, ഫലമെന്തുണ്ട്
തീന്‍മേശയ്ക്കു ചുറ്റും
വിശപ്പത്രയും
നിലവിളിക്കെ.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അതിജീവനം....!

പാവപ്പെട്ടവൻ പറഞ്ഞു...

ചൂണ്ട കുരുക്കിലേക്കു പിടഞ്ഞൊടുങ്ങിയ മത്സ്യങ്ങളിനീ വരില്ല. ശലഭങ്ങളും,തുമ്പികളും,കോഴിപ്പൂവനും ഇനി വരില്ല .കാതിനെയും കണ്ണിനെയും അമര്‍ത്തി പിടിച്ചു കൊള്ളുക കൊടുംങ്കാറ്റിന്‍റെ ഭീകരത നമുക്ക് കാണാതിരിക്കാം