1/12/08

മൈക്രോസ്കോപ്പിലൂടെ

കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)
(ലോകപ്രശസ്ത ചെക്ക് കവിയും ക്ലിനിക്കല്‍ പാഥോളജിസ്റ്റും.1923-ല്‍ പഴയ ചെക്കോസ്ലോവാക്യയില്‍ (ചെക്ക് റിപ്പബ്ലിക്) ഒരു റെയില്‍വേ ജീവനക്കാരന്റെയും ഭാഷാധ്യാപികയുടെയും മകനായി ജനിച്ചു. 30-ആം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. നിരവധി കവിതകളുടെയും, ഗവേഷണപ്രബന്ധങ്ങളുടെയും(ഇമ്യൂണോളജിയില്‍) കര്‍ത്താവ്. കവിതയെഴുതുന്ന സയന്റിസ്റ്റുകള്‍ മിക്കവരും തങ്ങളുടെ ജോലിഭാരത്തില്‍ നിന്നുള്ള ആശ്വാസമായി കവിതയെ സമീപിച്ചപ്പോള്‍ ഹോല്യൂബ് രണ്ടിനെയും കൂട്ടിയിണക്കാന്‍ പരിശ്രമിച്ചു. ശാസ്ത്ര ഭാവനയും കലാഭാവനയും തമ്മില്‍ ആഴത്തിലുള്ള അന്തരങ്ങളൊന്നും തന്നെയില്ലെന്നും, രണ്ടിലും ഏറ്റവുമധികം അളവില്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ടെന്നും ഒരേയൊരു വ്യത്യാസമെന്ന് പറയുന്നത് ശാസ്ത്രം സൈദ്ധാന്തികവും പരീക്ഷണാത്മകവുമാണെങ്കില്‍, കല പരീക്ഷണാത്മകം മാത്രമാണെന്നുമുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു.)

ഇവിടെയുമുണ്ട്,
സ്വപ്നത്തിലാഴ്ന്ന ഭൂതലങ്ങളും
നിശ്ശൂന്യമാം ചാന്ദ്രലോകങ്ങളും.
ഇവിടെയുമുണ്ട്,
മണ്ണിലദ്ധ്വാനിക്കും ജനതതികളും
ഒരു ഗാനത്തിനായ്
ജീവിതം തന്നെയര്‍പ്പിക്കുന്ന
പോരാളി കോശങ്ങളും.

ഉണ്ടിവിടെ,ശ്മശാനങ്ങള്‍,
പെരുമയും പിന്നെ മഞ്ഞും.
കേള്‍ക്കാമെനിക്ക്,
തോട്ടങ്ങളില്‍ വിങ്ങുന്ന
വിപ്ലവത്തിന്റെ മര്‍മരം പോലും.
------------------------------
വിവര്‍ത്തനം: സൂരജ് രാജന്‍.
വിവര്‍ത്തകന്റെ കുറിപ്പ് : നേരിട്ടുള്ള ഒരു ഭാഷാന്തരമല്ല, കവിതയുടെ സ്റ്റാലിനിസ്റ്റ് ചെക്കോസ്ലോവാക്യന്‍ പരിപ്രേക്ഷ്യത്തിനു പ്രാധാന്യം കൊടുത്തുള്ള ഒരു വായനയാണ്. അതിനു ആസ്വാദകന്റേതായ (ദു)സ്വാതന്ത്ര്യം ഞാനെടുത്തിട്ടുണ്ട് :)

1 അഭിപ്രായം:

Mahi പറഞ്ഞു...

ഹോല്യൂബിന്റേത്‌ തികച്ചും വ്യത്യസ്തമാര്‍ന്ന കവിതകളാണ്‌.എല്ലാ transilationഉം വായിച്ചു.നന്ദി ഈ പരിചയപ്പെടുത്തലിന്‌