30/11/08

സ്നേഹം

കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)
(ലോകപ്രശസ്ത ചെക്ക് കവിയും ക്ലിനിക്കല്‍ പാഥോളജിസ്റ്റും.1923-ല്‍ പഴയ ചെക്കോസ്ലോവാക്യയില്‍ (ചെക്ക് റിപ്പബ്ലിക്) ഒരു റെയില്‍വേ ജീവനക്കാരന്റെയും ഭാഷാധ്യാപികയുടെയും മകനായി ജനിച്ചു. 30-ആം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. നിരവധി കവിതകളുടെയും, ഗവേഷണപ്രബന്ധങ്ങളുടെയും(ഇമ്യൂണോളജിയില്‍) കര്‍ത്താവ്. കവിതയെഴുതുന്ന സയന്റിസ്റ്റുകള്‍ മിക്കവരും തങ്ങളുടെ ജോലിഭാരത്തില്‍ നിന്നുള്ള ആശ്വാസമായി കവിതയെ സമീപിച്ചപ്പോള്‍ ഹോല്യൂബ് രണ്ടിനെയും കൂട്ടിയിണക്കാന്‍ പരിശ്രമിച്ചു. ശാസ്ത്ര ഭാവനയും കലാഭാവനയും തമ്മില്‍ ആഴത്തിലുള്ള അന്തരങ്ങളൊന്നും തന്നെയില്ലെന്നും, രണ്ടിലും ഏറ്റവുമധികം അളവില്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ടെന്നും ഒരേയൊരു വ്യത്യാസമെന്ന് പറയുന്നത് ശാസ്ത്രം സൈദ്ധാന്തികവും പരീക്ഷണാത്മകവുമാണെങ്കില്‍, കല പരീക്ഷണാത്മകം മാത്രമാണെന്നുമുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു.)

രണ്ടായിരം സിഗരറ്റുകള്‍.
ചുമരില്‍ നിന്നും ചുമരിലേക്ക്
ഒരു നൂറു മൈലുകള്‍.
ഒരു അനശ്വരത.
പകുതിയോളം നിരീക്ഷണങ്ങളും
മഞ്ഞിനേക്കാള്‍ ഒഴിഞ്ഞുകിടക്കുന്നത്.

പൂഴിയില്‍ പ്ലാറ്റിപ്പസിന്റെ പാതയോളം പഴക്കമേറിയ
ടണ്‍ കണക്കിന് വാക്കുകള്‍.

ഒരു നൂറുപുസ്തകങ്ങള്‍ നമ്മള്‍ എഴുതിയിട്ടില്ല.
ഒരു നൂറു പിരമിഡുകള്‍ നമ്മള്‍ പണിതിട്ടില്ല.

തൂത്തുവാരല്‍.
പൊടി.

ലോകാരംഭം പോലെ
കയ്പ്പേറിയത്.

എന്നെ വിശ്വസിക്കൂ
അത് സുന്ദരമായിരുന്നെന്ന്
ഞാന്‍ പറയുമ്പോള്‍.
-------------------------
English Translation by Ian Milner
LOVE

Two thousand cigarettes.
A hundred miles
from wall to wall.
An eternity and a half of vigils
blanker than snow.

Tons of words
old as the tracks
of a platypus in the sand

A hundred books we didn't write.
A hundred pyramids we didn't build.

Sweepings.
Dust.

Bitter
as the beginning of the world.

Believe me when I say
it was beautiful.

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഒരു നൂറുപുസ്തകങ്ങള്‍ നമ്മള്‍ എഴുതിയിട്ടില്ല.
ഒരു നൂറു പിരമിഡുകള്‍ നമ്മള്‍ പണിതിട്ടില്ല.

ഈ സംരഭത്തിനു എന്റെ ആശംസക്കള്‍

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu.. Ente Aashamsakal ...!!!

Suraj പറഞ്ഞു...

അന്യഭാഷാ കവികളെയും കവിതകളേയും പരിചയപ്പെടുത്തുന്ന സംരംഭം നല്ലത്.അഭിനന്ദനങ്ങള്‍ .
ഈയുള്ളവന്‍ ഒരു ഭാഷാവിദഗ്ധനല്ല, എങ്കിലും ഈ കവിതയെ മുന്‍ നിര്‍ത്തി ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ:

1. മിറോസ്ലാവ് ഹോളൂബ് ഒരു ഇമ്മ്യൂണോളജിസ്റ്റ് ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ കവിതകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “കവിതയിലെ സയന്‍സ്” എന്നൊരു വിഷയമെടുത്താല്‍ സമകാലീനരില്‍ ഒരുപക്ഷേ ഹോളൂബ് ആകും മുന്‍പന്‍. ആ പശ്ചാത്തലം നോക്കിയാല്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ “In the Microscope“ എന്ന കൃതിയായിരുന്നു ഏറ്റവും അനുയോജ്യം.

2. കവികളുടെ പേര് വെറുതേ ഒരു വിക്കിപ്പീഡിയ ലിങ്കില്‍ ഒതുക്കുന്നതില്‍ പ്രതിഷേധിക്കുന്നു. ഈ കവിയെത്തന്നെ ഉദാഹരണമായി എടുത്താല്‍ ശാസ്ത്രജ്ഞന്‍ എന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഹൈലൈറ്റ് ചെയ്യുന്ന ഒരു ആമുഖ കുറിപ്പായിരുന്നു ആ ലിങ്കിനു പകരം നല്‍കേണ്ടിയിരുന്നത്. അത് ഈ കവിതയ്ക്ക് നല്‍കാവുന്ന വ്യാഖ്യാനങ്ങള്‍ എത്രമാത്രം വൈവിധ്യമുള്ളതാക്കുമായിരുന്നു ! ആ പശ്ചാത്തലത്തില്‍ തന്നെ ഇതിന്റെ തര്‍ജ്ജമയും വ്യത്യസ്തമാകുമായിരുന്നു.

3. പരിഭാഷാ പിഴവുകള്‍ : ഹോളൂബിന്റെ ചെക് കവിതകളെ ആംഗലമാക്കിയപ്പോള്‍ തന്നെ ഒട്ടനവധി പിഴവുകള്‍ വന്നിട്ടുണ്ടെന്ന് നിരൂപകര്‍ ആരോപിച്ചിട്ടുള്ള കവിതകളാണ് ഹോളൂബിന്റേത്. (പില്‍ക്കാലത്ത് ഹോളൂബ് തന്നെ നേരിട്ട് പരിഭാഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഈ പിഴവുകള്‍ മൂലമാണ്)

ഹോളൂബ് കവിതകളില്‍ മലയാളഭാഷാന്തരത്തിന് തീരേ സ്കോപ്പില്ലാത്ത പ്രയോഗങ്ങളാല്‍ സമൃദ്ധമാണ് ഈ കവിത.

“..An eternity and a half of vigils
blanker than snow...”

എന്ന ഭാഗത്തെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് :

ഒരു അനശ്വരത.
പകുതിയോളം നിരീക്ഷണങ്ങളും
മഞ്ഞിനേക്കാള്‍ ഒഴിഞ്ഞുകിടക്കുന്നത്.

എന്നാണ്.

'An eternity and a half' എന്നത് കവിപ്രയോഗിച്ചിരിക്കുന്നത് 'two-and-a-half' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥത്തിലാണ്. ഇത് മലയാള പരിഭാഷയ്ക്ക് വഴങ്ങുന്ന കാര്യം സംശയമാണ് (‘ഒന്നൊന്നര അനശ്വരത’ എന്നൊക്കെ പറയേണ്ടി വരുമോ ? ;)

vigils എന്നതിന് ‘നിരീക്ഷണം’ എന്ന ഭാഷാന്തരം ചേരില്ല. ‘ജനം ഒത്തുകൂടി നിശബ്ദമായി പ്രതിഷേധിക്കുന്ന’തിനെയാണ് വിജില്‍ എന്ന് പറയുക.

[...]Tons of words
old as the tracks
of a platypus in the sand.
എന്നതിന്റെ ഭാഷാന്തരം :
പൂഴിയില്‍ പ്ലാറ്റിപ്പസിന്റെ പാതകള്‍ പോലെ
പഴക്കമേറിയ
ടണ്‍ കണക്കിന് വാക്കുകള്‍.
” എന്നാണ്.

പ്ലാറ്റിപ്പസിന്റെ പാതയോളം പഴക്കമേറിയ എന്നതായിരുന്നു കൂടുതല്‍ ചേര്‍ച്ച. പഴക്കം പാതയ്ക്കല്ല, പ്ലാറ്റിപ്പസിനാണ് എന്ന ഊന്നല്‍ വരും അപ്പോള്‍ .

വിശദമായ ഒരു പശ്ചാത്തലവര്‍ണ്ണന ഇല്ലാതെ പരിഭാഷയ്ക്ക് തീരെ വഴങ്ങാത്ത ഒരു കവിതയാണിത്.അത് ശ്രദ്ധിക്കുക. അന്യഭാഷാ കവികളെ പരിചയപ്പെടുത്തുമ്പോള്‍ അവരുടെ മുഖമുദ്രകളാകാന്‍ പറ്റുന്ന കവിതകള്‍ തെരഞ്ഞെടുത്താല്‍ നന്നായിരിക്കും.

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

തീര്‍ച്ചയായും അന്യഭാഷകളിലെ
അദ്വീതീയ സാഹിത്യകാരന്‍മാരുടെ
കവിതകളെ ഇങ്ങിനെ പരിചയപ്പെടുത്തുന്നത്‌
നല്ല കാര്യം തന്നെ...
വിവര്‍ത്തനം കൊള്ളാം...

സൂരജ്‌ താങ്കളുടെ
ശ്രമവും തീര്‍ത്തും
അഭിനന്ദാര്‍ഹം തന്നെ...
വിവര്‍ത്തനം ഒരു കല തന്നെയാണ്‌...
അത്‌ നടത്തുന്നയാളുടെ
കഴിവ്‌ മാത്രം പോര
വിവര്‍ത്തനത്തിന്‌
വിഷയമാവുന്ന കവിതയും
അത്തരമൊരു പരിഭാഷയ്ക്ക്‌
യോജിച്ചതാവണം...ശരിതന്നെ..

പക്ഷെ....
ഇത്തരമൊരു 'റിജിഡ്‌' കവിത
വിവര്‍ത്തനം ചെയ്യാന്‍
കാണിച്ച നല്ലമനസ്സിനെ
കണ്ടില്ലെന്ന്‌ നടിക്കാനാവില്ലല്ലോ...

Pramod.KM പറഞ്ഞു...

സൂരജ്,വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.വിവര്‍ത്തനങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലല്ലോ.ഹോല്യൂബിന്റെ സൂരജ് പരാമര്‍ശിച്ച തരത്തിലുള്ള കവിതകള്‍ സൂരജിനും വിവര്‍ത്തനം ചെയ്യാവുന്നതാണ്.നേരത്തെ വിവര്‍ത്തനം ചെയ്ത A Textbook of a Dead Language എന്ന കവിതയും ഇംഗ്ലീഷിലാണ് മികച്ചു നില്‍ക്കുന്നത്. കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും കൂടെ ചേര്‍ക്കുന്നത്,തിരുത്തലുകള്‍ക്ക് സഹായകരമാകുമെന്ന് കരുതുന്നു.നന്ദി:)

Suraj പറഞ്ഞു...

പ്രമോദ് ജീ, വിവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും ശ്രമിക്കാം.വിജയിക്കുമോയെന്നറിയില്ല; ഈയുള്ളവന്‍ ഒരാസ്വാദകന്‍ മാത്രമാണ്. കലാകാരനല്ല :)

വിമര്‍ശങ്ങളെ ഗൌരവമായി തന്നെ എടുക്കുന്ന ബൂലോകകവിതാ ടീമിനും കവികള്‍ക്കും നന്ദി. ആശംസകളും.