9/9/08

പൂശാരിയമ്മന്‍


ഈറന്‍തറ്റും മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാന്‍ചണ്ടിച്ചോപ്പും
അരിയും നീരും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

2 അഭിപ്രായങ്ങൾ:

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ഉപാസന || Upasana പറഞ്ഞു...

Good Madam
:-)
Upasana