12/4/08

നിരാശ

കാലമേ,
നീ നിന്റെ ദംഷ്‌ട്രകളാല്‍
എന്റെ ഹൃദയം കടിച്ചു കീറുക,
ഇതു നീ ബാക്കി വയ്‌ക്കരുത്‌.
നിന്റെ തേരുരുള്‍ച്ചയില്‍ പിടച്ചെന്നെ
ഭയപ്പെടുത്തുന്നത് ഇവനാണ്.
തല ചായ്‌ച്ചു കരയാന്‍ സ്വന്തം തോളു പോലും
ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,
അതുകൊണ്ട്‌ ഇതു മാത്രം നീ ബാക്കി വയ്‌ക്കരുത്‌.

എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക
ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.
ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകള്‍ വെറും അലങ്കാരമാണ്.

കാലുകള്‍ നിന്റെ കുട്ടികള്‍ക്കു കൊടുക്കുക,
അവര്‍ക്കത്‌ കുതിരകളായേക്കാം.
ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്
കാലുകള്‍ ഒരു ബാദ്ധ്യതയാണ്.

കണ്ണുകളും കാതുകളും കഴുകന്മാര്‍ക്കു കൊടുക്കുക
ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.
അറിവുകളെ വെറുക്കുന്നവന്
ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.

അസ്ഥികള്‍ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലില്‍
നീ ഒരു മനസ്‌സു കണ്ടെത്തിയാല്‍
കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം ബാക്കി വച്ചേക്കുക;
എന്റെ ആയുസ്സില്‍ അവശേഷിച്ച ഒരു യുഗം
ഞാന്‍ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.

4 അഭിപ്രായങ്ങൾ:

നിലാവര്‍ നിസ പറഞ്ഞു...

കവിത നന്നായി..
.......

നേടാന്‍ മാത്രമല്ല... നല്‍കാനും ഉപയോഗിക്കാം കൈകള്‍...

തറവാടി പറഞ്ഞു...

നഷ്ടങ്ങളെക്കുറിച്ചു വ്യാകുലതെക്കുറിച്ചും പിന്നെ പ്രണയത്തെക്കുറിച്ചും
എന്തെ-ങ്ങിനെ എഴുതിയാലും അതു നല്ല കവിതയാകുന്നു.

ഫസല്‍ ബിനാലി.. പറഞ്ഞു...

ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകള്‍ വെറും അലങ്കാരമാണ്.
ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്
കാലുകള്‍ ഒരു ബാദ്ധ്യതയാണ്.
അറിവുകളെ വെറുക്കുന്നവന്
ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.

നല്ല കവിതയുടെ കവിയ്ക്ക് ആശംസകള്‍

Unknown പറഞ്ഞു...

എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക
ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.
ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകള്‍ വെറും അലങ്കാരമാണ്.

ആരു പറഞ്ഞും കൈകള്‍ വെറും അലങ്കാരമാണെന്നു .മറ്റുള്ളവര്‍ക്കു എന്തേലും ചെയ്യാനുള്ള ഒരു മന്‍സ് അതേപ്പോഴും ഉണ്ടാകണം എന്നു മാത്രം
http:ettumanoorappan.blogspot.com