6/4/08

നൊസ്സ്

;
ഭ്രാന്തിന്‍റെ ചികിത്സയിലായിരുന്നു.

കുറെ നാള്‍
ലെനിനായിരുന്നു,
പിന്നെ
ബൊളീവിയന്‍ കാടുകളുടെ
നെഞ്ചെരിച്ച
ഒരു വെടിയുണ്ട,
യിപ്‌ഹോങ്ങ് റെസ്റ്റോറന്‍റിലെ
സോസിട്ടു വച്ച
ചൈനീസ് മത്സ്യം,
കുന്നോളമുള്ള കുഴിയില്‍
കല്‍ക്കരി വാരുന്നവന്‍‌റെ
ചെറുതുകല്‍‌സഞ്ചിയിലെ
മൂലധനം

എന്നിലേക്ക് മാത്രം
കടന്ന്
ഞാന്‍ ഞാനെന്ന് തന്നെ
ഉറപ്പിച്ചപ്പോഴാണ്‍
മൂര്‍ച്ഛിച്ചെന്ന്‍
വിധിയെഴുത്ത് വന്നത്

ഇരുമ്പ് കൂട്ടില്‍
തഴച്ച
ബൊളീവിയന്‍ മരങ്ങള്‍
വെറ്റിലക്കറ കാട്ടി
ചിരിച്ച
ചെമന്ന ബ്ലൌസിട്ട
നെല്ല് മെതിക്കുന്ന
യന്ത്രങ്ങള്
വിയര്‍ത്തും നനഞ്ഞും
മുറിക്കോണിലെ
ദ്വാരങ്ങള്‍
നോക്കിപ്പോയ
വിപ്ലവങ്ങള്‍

പാതകത്തിണ്ണയിലെയൊരരിവാളോ
ചന്ദ്രനില്ലാത്തൊരാകാശമോ
കുശിനിപ്പുരയിലെയൊരു ചുറ്റികയോ
കണ്ണുകളെ ചുവപ്പിക്കുന്നില്ലെന്ന് തോന്നുന്നു

കടല്‍ കുടിച്ചത്ര
വൈദ്യുതി
തൊട്ടു മറിച്ചിട്ട് കടന്നാലും
അറിയാതെയെങ്കിലും
അമ്മേന്ന് മാത്രമാണല്ലോ
ഉള്ളിലലയ്ക്കുന്നത്

കണ്ണ് ഞെരടിപ്പൊടിച്ചിട്ടും
കരയാനറിയാത്തവനേ
കരള്‍ മുറിച്ച്
കരിങ്കല്ല് പണിതവനേ

8 അഭിപ്രായങ്ങൾ:

vadavosky പറഞ്ഞു...

വളരെ നല്ല കവിത.പല ആവര്‍ത്തി വായിച്ചു :)അഭിനന്ദനങ്ങള്‍.

വേണു venu പറഞ്ഞു...

നല്ല കവിത.:)

വിശാഖ് ശങ്കര്‍ പറഞ്ഞു...

കവിതയുടെ ആദ്യ ഭാഗങ്ങള്‍ക്ക് വല്ലാത്ത തീവ്രതയായിരുന്നു.ശരിക്കും പൊള്ളിക്കുന്നവ.

പക്ഷേ അവസാനത്തെ പത്തു വരികളില്‍ എത്തുമ്പോഴേയ്ക്കും ആ തീവ്രതയും മുറുക്കവും തെല്ലു കുറയുന്നതുപോലെ...

സുനീഷ് പറഞ്ഞു...

വിശാഖേ, നന്ദി. കവിതയുടെ തീം ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ്‍ അവസാന വരികള്‍ക്ക് മുറുക്കം കുറഞ്ഞത്.

ജ്യോതിര്‍ഗമയ പറഞ്ഞു...

നന്നായിരിക്കുന്നു. Insightful!

Kuzhur Wilson പറഞ്ഞു...

"വെറ്റിലക്കറ കാട്ടി
ചിരിച്ച
ചെമന്ന ബ്ലൌസിട്ട
നെല്ല് മെതിക്കുന്ന
യന്ത്രങ്ങള് "

വളരെ ഇഷ്ട്ടപ്പെട്ടു എന്നാണോ എഴുതുക ?

പതിവ് പോലെ അറിയില്ല

mumsy-മുംസി പറഞ്ഞു...

നല്ലത്, നന്ദി

ഹാരിസ് പറഞ്ഞു...

:)