30/1/08

വരവ്-രാധാമണി അയിങ്കലത്ത്

അമ്മയുടെ ഒക്കത്താണ്
വരവ്
സ്റ്റാഫ് റൂം പൂത്തുലഞ്ഞു.

സുമതിട്ടീച്ചര്‍ കാലുവേദന മറന്നു.
ജിയാര്‍പി ചോക്കുപൊട്ട് വെച്ചില്ല
അബുമാഷ് ഉത്തരക്കടലാസില്‍ നിന്ന്
പാളി നോക്കി.

തേയിലയിടാന്‍ വന്ന
കമലേടത്തിക്കു മുന്നില്‍
പാലു തിളച്ചു തൂവി.

വാതില്‍ക്കല്‍ മക്കനവട്ടങ്ങളില്‍ നിന്ന്
നീളുന്ന കൌതുകം
‘ശ്...’ മൂളിയപ്പോള്‍
ഷീല തൂവാല നീക്കി
കുഞ്ഞുമുഖം ഉയര്‍ത്തി.

കാണാന്‍ തിരക്ക് പെണ്‍ പക്ഷത്തിനെന്ന്
പെണ്ണുള്ളം കണ്ടെത്തല്‍
പ്രൊജക്ടാക്കി കെടിയാര്‍

കണ്ണട മൂക്കറ്റം താഴ്ത്തി
പ്രീത സാകൂതം വീക്ഷിക്കെ
ശൈലജയുടെ കിന്നാരത്തില്‍
ബിന്ദുവിന്റെ കയ്യില്‍
ചിരിച്ചൂ... കരഞ്ഞൂ...

ഇതുകണ്ട്
പി‌ഇടി ചിത്രകാരനോട്
ചേങ്ങിലത്താളത്തില്‍
നസ്യം പറഞ്ഞു.

ഇടവേള മുട്ടിത്തീര്‍ന്നപ്പോള്‍
ചോക്ക് വടി പുസ്തകങ്ങള്‍
പലവഴി ചിതറി.

ആയര്‍ വെടിഞ്ഞ
യശോദത്തൊട്ടിലിലേക്ക്
നെഞ്ചിടിപ്പിന്‍ പടിയിറങ്ങി

ആലില പറത്തിവിട്ട്
കാറ്റ്
മടങ്ങി വരുന്നുണ്ടായിരുന്നു.

(രാധാമണി അയിങ്കലത്തിന്റെ ഒറ്റപ്പക്ഷി സ്വപ്നം കാണുന്നു എന്ന സമാഹാരത്തില്‍ നിന്ന് അനുവാദത്തോടെ)

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

http://malayalam.blogkut.com/

സുനീഷ് പറഞ്ഞു...

മനോഹരമായ ഭാഷ...

siva // ശിവ പറഞ്ഞു...

എന്തു സുന്ദരമീ കവിത....

മയൂര പറഞ്ഞു...

ഈ കവിത വായിക്കാന്‍ അവസരം നല്‍കിയതിനു നന്ദി :)

aneeshans പറഞ്ഞു...

നല്ല ഭാഷ. എന്ത് സുന്ദരമായി വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു.