13/12/07

തുലാഭാരം

മരിച്ചവനുവേണ്ടിയാണ്
ഇന്നത്തെ തുലാഭാരം.
ഇണങ്ങിയും പിണങ്ങിയും
ജീവിക്കുന്നവര്‍
അങ്ങനെയൊക്കെത്തന്നെയങ്ങ് പോകും,
മരിക്കുന്നതുവരെയും.
തിന്നും തിന്നാതെയും,
ഭോഗിച്ചും ഭോഗിക്കാതെയും,
പ്രണയിച്ചും പ്രണയിക്കാതെയും
അങ്ങനെയങ്ങനെയൊക്കെ.
മരിച്ചവന്റെ കാര്യം അതല്ല.
ഒരു ശവപ്പെട്ടിക്കോ
കുഴിമാടത്തിനോ
ഒരു തുണ്ട് വിറകിനോ പോലും
വേണം പരസഹായം.
ജീവിച്ചിരിക്കുമ്പോള്‍ കിട്ടില്ല,
വായ്ക്കരിയും ഒരു കുപ്പി വെള്ളവും സൌജന്യത്തില്‍.
ഇരന്നുവാങ്ങാന്‍ വായില്ലാതെ,
തെണ്ടിത്തിന്നാന്‍ ചലിക്കുന്ന കാലുകളില്ലാതെ,
ചത്തുപോയവന് തുലാഭാരത്തിന്
മറുതട്ടിയില്‍ വയ്ക്കാന്‍
വിലകുറഞ്ഞ
ഒരു ജീവിതം വേണം.
ശവത്തിന്റെ ഭാരമെങ്കിലും വേണം.
അതാരാണ് ദാനം ചെയ്യുക?

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇവിടെ ആദ്യം എത്തിയതാണ്. ചത്തുപോയവന്റെ തുലാഭാരത്തിന് ഒരു ശവം മതിയാവില്ലല്ലോ ല്ലേ?

Suraj പറഞ്ഞു...

ക്ഷമിക്കണം. പക്ഷേ, ഈ ഫീഡിന്റെ വരിക്കാരന്‍ എന്ന നിലയ്ക്കു പറയാതെവയ്യ -
കവിത ബോറ് ....പരമ ബോറ്..!

Unknown പറഞ്ഞു...

സൂരജേ, നന്ദി.... പരമ ബോറെന്ന് പറയാന്‍ തോന്നിയല്ലോ. ഇനിയും എഴുതാം. ഓരോരുത്തരുടെയും ആസ്വാദനനിലവാരം വ്യത്യസ്തമാണ് എന്ന ബോധത്തോടെ. എന്നെങ്കിലും സൂരജിന്റെ ആസ്വാദനബോധത്തിനു പിടിക്കുന്ന ഒരു കവിത ഞാന്‍ എഴുതുമായിരിക്കും. നന്ദി..