23/10/07

കൃഷിക്കാരന്‍


രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോള്
ചായക്കടയില് ‍നിന്നും
രണ്ടു പഴം വാങ്ങി

പഴം തിന്നുമ്പോള്
അത് കൃഷി ചെയ്തയാളെ
ഭാവനയില്‍ വരച്ചു നോക്കി

ഞാനിപ്പോള്‍ തിന്നുന്ന
പഴത്തിന്‍റെ കൃഷിക്കാരന് ‍
ഇപ്പോളെവിടെയായിരിക്കും

അയാള്‍ ഉറങ്ങുകയാവുമോ
കൃഷി ചെയ്യുകയായിരിക്കുമോ
അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ

കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍
കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു

കഷ്ടം
ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍

20 അഭിപ്രായങ്ങൾ:

simy nazareth പറഞ്ഞു...

വിത്സാ, നന്നായി :-) അവസാനം കലക്കന്‍!

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍

അതാണ് സംഗതി.

ശ്രീ പറഞ്ഞു...

മാഷേ...
നന്നായി.
“ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍”

ബാജി ഓടംവേലി പറഞ്ഞു...

നന്നായിരിക്കുന്നു
പഴത്തിന്റെ ഓരോ ഗുണങ്ങളേ
പഴത്തോലിയെങ്കിലും ബാക്കി വെച്ചതു നന്നായി
ചിലര്‍ക്കൂ‍ടി കൃഷിക്കാരനെ ഓര്‍ക്കട്ടെ
അഭിനന്ദ്അനങ്ങള്‍

സാല്‍ജോҐsaljo പറഞ്ഞു...

‘വിളവധികം വേലക്കാരോ ചുരുക്കം, വിളവിന്റെ നാഥനെ ആരാധിക്കുവിന്‍‘ എന്ന് ഓര്‍മ്മ വന്നു. നാഥനെ മറന്നുപോകുന്നു.

Sapna Anu B.George പറഞ്ഞു...

വിത്സാ നാന്നായിട്ടുണ്ട്
“ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍“

ആശയം അതിഗംഭീരം.

aneeshans പറഞ്ഞു...

തെറിച്ച വിത്തേ :)

Ajith Polakulath പറഞ്ഞു...

ആദ്യം വായിക്കുമ്പോള്‍ തോന്നും ഹോ! എന്തൊരു സിമ്പിള്‍ കവിത!

പക്ഷെ വാക്കുകളില്‍ നിന്നും വാക്കുകളിലേക്കും വരികളില്‍ നിന്നും വരികളിലേക്കും ചാടി നോക്കിയപ്പോള്‍ എന്തോ ഒന്ന് മറഞ്ഞു കിടക്കുന്നതു പോലെ..

കുഴൂരിന്റെ കവിതകളില്‍ എനിക്കിഷ്ടപ്പെട്ട കവിതയാണിത്... ഏതൊരുത്തനും വായിച്ചാല്‍ മനസ്സിലാകും കവിതയിലെ കാമ്പ്.

ഇവിടെ അച്ഛനെയോര്‍ക്കാന്‍ ഒരു പഴം വേണ്ടി വന്നു...

ജീവിതത്തില്‍ സംഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം.. എല്ലാവരും ഒന്ന് ഓര്‍ത്തു നോക്കൂ നമ്മള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടില്ലേ?

ചിലപ്പോള്‍ ചിലരെ കാണുമ്പോള്‍ പെട്ടെന്ന് അയാളെ സംബന്ധിയായ കാര്യങ്ങള്‍ ഓര്‍മ്മവരുന്ന്.. ഇത് അതിന്റെ ഒരു ശാസ്ത്രീയ വശം മാത്രം.

ഈ കവിതയില്‍ ഒരു രസതന്ത്രം ഉണ്ട് ജീവിതത്തില്‍ പിണഞ്ഞുകിടക്കുന്ന ഓര്‍മ്മകള്‍.. അവ ഉണ്ടാകുന്ന
കുറ്റബോധങ്ങള്‍..

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

Kaithamullu പറഞ്ഞു...

“രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോള്...“
തുടക്കം ഉഗ്രന്‍.

അവസാനമോ:

“ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു...”
കൃഷിക്കാരനെ ആര്‍ ഓര്‍ക്കാന്‍? ഇപ്പോള്‍ തരിശായിക്കിടക്കുന്ന പാഴ്നിലത്തേയോ?

-വിത്സാ, കസറി!

ശെഫി പറഞ്ഞു...

നന്നായിരിക്കുന്നു

Murali K Menon പറഞ്ഞു...

പഴം കഴിക്കുമ്പോള്‍ കൃഷിക്കാരനെ ഓര്‍ക്കാന്‍ കഴിയുന്ന ഒരു തലമുറ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്ന്. ഇപ്പോള്‍ ആരും ഓര്‍ക്കാത്തത് ചിലപ്പോള്‍ കയറില്‍ തൂങ്ങുന്ന കൃഷിക്കാരന്റെ രൂപം ഓര്‍മ്മ വന്ന് കാശുകൊടുത്തു വാങ്ങിയ പഴം കഴിക്കാന്‍ പറ്റാതായാലോ എന്ന ചിന്തയുമാവാം.

നന്ന്.

വാളൂരാന്‍ പറഞ്ഞു...

വില്‍സാ... പഴത്തിലൂടെയെങ്കിലും ഓര്‍ക്കാനാവുക എന്നതു തന്നെ വര്‍ത്തമാനകാലത്ത്‌ ഒരു ഭാഗ്യമാണ്‌, മറവി മനപ്പൂര്‍വ്വമാക്കുന്ന ഈ കടും വര്‍ത്തമാനത്തില്‍....

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ആ അവസാന വരി..........

santhosh balakrishnan പറഞ്ഞു...

നന്നായിട്ടുണ്ട്..!
ചെറിയവാക്കുകളില്‍ വലിയലോകം..!

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇത് നേരത്തേ വായിച്ചിരുന്നുവെന്നാണ് ഓര്‍മ.ഇഷ്ടമുണ്ട് അന്നും ഇപ്പോഴും ഈ കൃഷിക്കാരനെ...

Unknown പറഞ്ഞു...

“ ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു
സ്വന്തം കൃഷിക്കാരനെ
ഓര്‍മ്മിക്കുവാന്‍ “

മാഷെ,
നന്നായി

Sherlock പറഞ്ഞു...

ചിലപ്പോള് ചിക്കന് കറി കഴിക്കുമ്പോള് ഞാന് ആലോചിക്കാറുണ്ട്...ഇന്നലെ ചിക്കി ചികഞ്ഞു നടന്ന കോഴിയല്ലേ ഇതെന്ന് :)

Pramod.KM പറഞ്ഞു...

പഴം തിന്നാലും ഓര്‍മ്മ വരാത്ത എത്ര തെറിച്ച വിത്തുകള്‍ വേറെ!!

വിശാഖ് ശങ്കര്‍ പറഞ്ഞു...

തെറിച്ച വിത്സോ...

രാജേഷ് ആർ. വർമ്മ പറഞ്ഞു...

അവനെയൊക്കെ ഉണ്ടാക്കിവിട്ട സമയത്ത്‌ ഒരു വാഴവെച്ചിരുന്നെങ്കില്‍ എത്ര പഴം തിന്നാമായിരുന്നു എന്നു വിചാരിക്കുന്നുണ്ടായിരിക്കും പഴം തിന്നുന്ന സമയത്തു ചില കൃഷിക്കാര്‍.