22/9/07

നിദ്ര പിണങ്ങിപ്പോകുമ്പോള്‍

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്‌
തലയല്‍പം ചെരിച്ച്‌
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ചകഞ്ഞിക്ക്‌
മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്
‍അന്തിവെയിലിനോട്‌ കിന്നാരം പറയുന്ന
വഴിയിലേക്ക്‌
ഞാനവള്‍ക്ക്‌ കൂട്ടു പോകുന്നു..

വെള്ളരിക്ക്‌ നനയ്ക്കുന്ന പെണ്ണുങ്ങള്‍
മുറുക്കിത്തുപ്പി
പടിഞ്ഞാറ്‌ ചോപ്പിക്കുന്നു..

പാവലിണ്റ്റെ പൂക്കള്‍
അവളുടെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌
ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍
കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്‌
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്
‍കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന്‍ മാഷിണ്റ്റെ വീട്ടുവേലിക്കല്
‍കാത്തു നില്‍ക്കുമ്പോള്
‍ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്‌
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന്‍ തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്‌
കൊതിക്കെറുവ്‌..

കവുങ്ങിന്‍ തോപ്പ്‌
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന
ഇരുട്ടിനെ ഭയപ്പെടുത്താന്
‍അവളെന്നോട്‌ ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്‌
ഉണരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു...

കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്‌
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍ വിരുന്നുകാരിയാവുന്നു.

9 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

വിനോദേ,
നീ എഴുതാതിരിക്കുന്നത് വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് നഷ്ടമുണ്ടാക്കും.എനിക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് നീ കണക്കു പറയേണ്ടി വരും...:)

ഈ കവിതയും ഞാന്‍ വായിച്ച് മയങ്ങി.
ഒരു തിരുത്ത് തോന്നുന്നു:
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌
ആത്മഹത്യ ചെയ്യുന്നു


മേല്പറഞ്ഞ വരിയിലെ ‘നിന്റെ’ മാറ്റി ‘അവളുടെ’ എന്നാക്കേണ്ടതില്ലേ?

Vinod Kooveri പറഞ്ഞു...

Thanks Vishnu Mashe..

ഹരിശ്രീ പറഞ്ഞു...

മാഷേ കവിത നന്നായിട്ടുണ്ട്.

അഭിന്ദനങ്ങള്‍...

Unknown പറഞ്ഞു...

"Nidra pinangipokumbol"

its fine .'al the best'.
here i don't have malayalam phont.
sorry.

aneeshans പറഞ്ഞു...

നല്ല. കവിത. ഓര്‍ക്കുട്ടിലെ കവിതാ ശകലങ്ങളില്‍ താങ്കളെ കണ്ട പോലെ ഒരു ഓര്‍മ്മ. ഒരാള്‍ തന്നെയാണോ ?

Vinod Kooveri പറഞ്ഞു...

Dear Harisree, Kesavan...thanks. To
Aaro Oral: randum oral thanne. thanks

സജീവ് കടവനാട് പറഞ്ഞു...

മനോഹരം ഈ കവിത.
പാവലിണ്റ്റെ പൂക്കള്‍
അവളുടെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌
ആത്മഹത്യ ചെയ്യുന്നു..
ഞാനും!

Pramod.KM പറഞ്ഞു...

നന്നായി ഈ പിണങ്ങിപ്പോക്ക്:)

MOIDEEN ANGADIMUGAR പറഞ്ഞു...

കൊള്ളാം ഈ പിണക്കം. നന്നായി ആസ്വാദിച്ചു.