ഞായര്‍, ജനുവരി 05, 2025

15/9/07

തെറ്റി വായിച്ചത്.


ഓര്‍മ്മയുടെ വീട് തുറക്കാനുള്ള
അടയാള വാക്ക് മറന്നതിനാല്‍
ഇന്നലേയും വന്നിരുന്നു അവന്‍

ആദ്യത്തെ പേര് ഓമനപ്പൂച്ചയുടെ
പിന്നെ പഠിച്ച സ്കൂള്‍, കളിപ്പേര്
അടയാള വാക്ക് കടം തരുമ്പോള്‍
ചോദിച്ച ചോദ്യങ്ങളും മറന്നു.
ഓര്‍ക്കുവാന്‍ കയ്പ്പുള്ള വാക്ക്
തുപ്പിക്കളഞ്ഞതാവാം
എഴുതി വയ്ക്കാതിരുന്നത്
ആരെങ്കിലും കണ്ടാലൊ
എന്ന് കരുതിയാവും.

തെറ്റായി ഉച്ചരിക്കാതെ
ആര്‍ക്കും കൈമാറാതെ
കൊരുത്തിട്ട അടയാളവാക്ക്
സായാഹ്നത്തില്‍ വെയില്‍
ഉപേക്ഷിച്ച് പോയ വിശ്വാസത്തിനു
കുറുകെ വെളിപ്പെടുമ്പോള്‍
ഒരോ അക്ഷരവും സ്ഫടിക തുല്യമായ
ആഴങ്ങളിലേക്ക് ചോര്‍ന്ന് പോയി

മൂന്ന് ദിവസങ്ങള്‍,
പൊങ്ങുതടി പോലെ അടയാളങ്ങള്‍
അറിവില്‍ ‍ഞാന്‍ സ്വതന്ത്രനാവുന്നു
ഇനി വാതിക്കല്‍ എത്തുമ്പോള്‍
കരിയിലയിരമ്പല്‍ പോലെ
ഒച്ചയുണ്ടാക്കരുത്
തണുത്ത വിരലാല്‍ മുട്ടരുത്
അപ്രകാരം സമുദ്രങ്ങള്‍
എന്നോട് പറഞ്ഞിരിക്കുന്നു
മൌനമാണ് അടയാള വാക്കെന്ന്

8 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ബൂലോക കവിതയിലേക്ക് സ്വാഗതം...
മൌനത്തില്‍ തുറക്കുന്ന ഓര്‍മകള്‍...നന്നായിരിക്കുന്നു.

ഉപാസന || Upasana പറഞ്ഞു...

കൊള്ളാട്ടൊ..
:)
ഉപാസന

Sethunath UN പറഞ്ഞു...

നല്ല കവിത.
കവിത്വമുണ്ട്. ഒന്നുകൂടി കാച്ചിക്കുറുക്കൂ.

Sanal Kumar Sasidharan പറഞ്ഞു...

നല്ല കവിത.ഓര്‍മയുടെ വീട്ടിലെ അന്തേവാസിയാരാണാവോ!

Kuzhur Wilson പറഞ്ഞു...

ചെരുപ്പിന്റെ ഒച്ച. ചുമ. എന്തുമാകാം.

പണ്ട്, ഒരു കാലിനു സ്വാധീനമില്ലാതിരുന്ന ചേട്ടന്‍ വരുമ്പോള്‍ വീട് താനെ തുറക്കുമായിരുന്നു.

ആദ്യമായി മദ്യപിച്ചു വന്ന അന്ന്
വീട് എത്ര പതുക്കനെയാണു വാതില്‍ തുറന്നതെന്നോ ?

ഇപ്പോള്‍ ആ വീട് അവിടെയുണ്ട്. ഈ പഹയന്‍ എവിടെയാണാവോ ? എന്നാണാവോ എന്നെല്ലാം വിചാരിച്ച്.

വിശാഖ് ശങ്കര്‍ പറഞ്ഞു...

കടലുകള്‍ പറയാത്ത
അടയാള വാക്കും തേടി
കാത്തിരിക്കുന്നുണ്ട്
കുറേ വീടുകള്‍...!
ഉറഞ്ഞുപോയ ഓര്‍മ്മകള്‍ കൊണ്ട്
താഴിട്ട അവയുടെ
മൌനത്തിന്റെ താക്കോല്‍
നീയായിരിക്കും..

നന്നായി ഈ കവിത.

SUNISH THOMAS പറഞ്ഞു...

ഗലക്കന്‍!!!

Unknown പറഞ്ഞു...

...ormakalude veedu thurakkanulla adayaala vaakku MAUNAM.manassurukkunna ormakal maunathaal thurakkumbol athoranubhavam thanneyaanu...samudrathilum othukkaanaavaatha sankadam..valare nannayittund eee kavitha.