24/8/07

ചാറ്റ് : ഒരു തിരക്കവിത

ചാറ്റ് : ഒരു തിരക്കവിത

സ്ഥലം : വിരുന്നുപുര
സമയം : അപ്രസക്തം

ചെയ്ത പാപങ്ങളുടെ കണക്കുകള്
സമവാക്യ സിദ്ധാന്തങ്ങളിലൂടെ
സമറ്ഥിച്ചു തീറ്ന്നപ്പോള് കവി
മനസ്സും മതവും മാറി.

അവന് രക്ഷിച്ചെടുത്ത
ആടിനെ വെട്ടുമ്പോള്
ഞങ്ങളാരും തന്നെ
കരഞ്ഞിരുന്നില്ല,
ആട് മാത്രം നിലവിളിച്ചു.
അതിനുമേല് മുളക് പുരട്ടുമ്പോള്
അവളും കരഞ്ഞില്ല.
ഭക്ഷിക്കുമ്പോള് മാത്രം
അവന്റെ കണ്ണുനിറഞ്ഞു
'അതിനുമാത്രം എരിവൊന്നും ചേറ്ത്തിട്ടില്ല'
എന്നവള് പറഞ്ഞപ്പോള്
ഞങ്ങള്ക്കൊപ്പം
അവനും ചിരിച്ചു.

അവധിക്കു വന്ന
വിദേശത്തു പഠിക്കുന്ന രാഹുലന്
പത്രം വായിക്കയായിരുന്നു.
ക്ലാസ്സ്റൂമിനുള്ളില് മാഷിനെ
വെട്ടിക്കൊന്ന വാറ്ത്തയുടെ ചിത്രം
മറിഞ്ഞു കിടക്കുന്ന ബെഞ്ച്.
ചിത്രത്തില് നിന്നു കണ്ണെടുക്കാതെ
അവന് ശകുന്തളക്കുട്ടിയോടു ചോദിച്ചു.
'ആറ് ദേ സ്റ്റില് യൂസിങ്
ദീസ് ഏന്ഷ്യന്റ് ഫറ്ണിച്ചറ്
അറ്റ് സ്കൂള്സ് ഹിയറ്?'
ഉയറ്ന്നുവന്ന നെടുനിശ്വാസം
അവള് നെഞ്ചിലടക്കി.

പന്തിരണ്ടു തെകയാത്ത കാലത്ത്
നെഞ്ചത്തെ വളരാത്ത ശവങ്ങളെ നോക്കി
നെടുവീറ്പ്പിട്ട പവാനിക്കുട്ടിക്ക്
പന്തീരാണ്ടു ചെന്നുണ്ടായ മകള്,
ശകുന്തങ്ങളുടെ ബ്രോയിലറ് ഫാമില് വളറ്ന്ന
പത്തുവയസ്സുള്ള ശകുന്തളക്കുട്ടി
തോഴിയെ വിളിച്ചു.
'ഇതൊന്നയച്ചു തരൂ പ്രിയംവദേ
ഒരു നെടുവീറ്പ്പിടട്ടേ.'

'ഇപ്പോഴും നീ പേക്കിനാവില്
തുറുകണ്ണുകള് കണ്ട്
ഞെട്ടിയുണരാറുണ്ടോ?'
ചോദ്യമെറിഞ്ഞ രാവണന്റെ
ഇരുപതു കണ്ണുകള്
തെറിച്ചുനിന്ന കണ്ണുകളെ
മുറിച്ചു.

'ചാനലില് അവദാരഗ-
യായ ഷേഷം തീരെയില്ല.'
കണ്ണും കയ്യും മുദ്രകാട്ടി
ചുണ്ടു കൂറ്പ്പിച്ചവള് കുറുകി.
ഫോണ് ഇന് പ്രോഗ്രാമിലേയ്ക്ക്
അഴകിയ രാവണന്റെ
നൂറു വിരലുകളും
എസ്സെമ്മെസ്സയച്ചു തളറ്ന്നു.
മുറുക്കമയഞ്ഞ മുഷ്ടിയിലെ
സെല്ഫോണില് സന്ദേശം
'റീചാറ്ജ്ജ് ചെയ്യാന്
ഒന്നില് വിളിക്കുക
മറ്റു സേവനങ്ങള്ക്ക്
മണ്ഡോദരിയെയും.'

വാത്സല്യായനന് മൊഴിഞ്ഞു:
'എന്റെ മകള് രാകേന്ദുവിന്റെ
ആണ്പേടി ഞാന് മാറ്റി
മദ്ധ്യവേനലവധിയില്
അറുപത്തിനാലു നാളത്തെ
വികസന ശില്പശാലയും
അമ്മേടെ ക്യാപ്സൂള് കോഴ്സും.'
ഇന്നലെ യാത്രാവണ്ടിയില്
പിന്നാലെ കൂടിയ പിശാചിനോട്
അവള് ചൊന്ന വാക്യമിത്,
'ഡോണ്ട് സ്പോയില് മൈ യൂനിഫോം.'
പാണിനിഗുരു പാണിഘോഷം മുഴക്കി
'ഭാരതസ്ത്രീകള് തന് ഭാഷാശുദ്ധി.

വറ്റിയ പുഴത്തിണ്ടിലെയിരുട്ടില്
മണ്ണുണ്ണിവണ്ടികളുടെ
മങ്ങിയ വെട്ടം,
സഞ്ചാരി നാരദന് പാടി-
'കെട്ടിടങ്ങളുടെ കെട്ടുകാഴ്ച്ചയാണമേരിക്ക
കേട്ടിട്ടില്ലവിടെ മണലൂറ്റിന് വിവാദം.'

ഇഷ്ടികച്ചൂളകളാല്
നികന്ന വയലിന്നക്കരെ
ടൂറിസം മേളയ്ക്കൊരുങ്ങുന്ന ഇട്ട്യാതിയുടെ
കള്ളിന്റെയിനിപ്പാറ്ന്ന
നാടന്പാട്ട്.
കാഞ്ഞിരമാലയെത്തോറ്റുന്ന ചാറ്റ്
വിരുന്നുപുരക്കോണിലിരുന്ന
തിരുവരങ്കന് മുത്തശ്ശനേറ്റു പാടി.
'ഏയയ്യോ ഏയോ ഏയോ
ഏയയ്യോ ഏയോ ഏയോ...'

രാഹുലനും ശകുന്തളക്കുട്ടിക്കും കൌതുകം
'നൈസ് സോങ്ങ്, വാട്സ് ഇറ്റ് ഓള്ഡ് മാന്?'
'ചാറ്റ് മക്കളേ, ചാറ്റു സോങ്ങ്.'

വന്യതാളങ്ങളാവാഹിച്ച വിരലുകള്
വായ്ത്താരിച്ചാറ്റിന്റെയൂറ്റത്ത
ില്
കമ്പ്യൂട്ടറ് കീബോറ്ഡ് വിറപ്പിച്ച്
ഒറ്റയിരട്ട ക്ലിക്ക് ചെയ്ത്
വിന്ഡോകള് തള്ളിത്തുറന്ന്
നെറ്റിലിറങ്ങിയ കൂട്ടണി
ചാറ്റ് റൂമില് പുത്തന് ചാറ്റുപാടി.

മദറ്ബോറ്ഡിന്റെ നടുക്കത്തില്
വിരുന്നുപുരയുടെ ആരൂഢമുലഞ്ഞു
ഉറഞ്ഞിറങ്ങിയ ഐക്കണ് കോലങ്ങള്
വൈറസുകളെക്കാള് വേഗത്തില്
വെബ്കവിഞ്ഞൊഴുകിപ്പരന്ന്
മൌസിനെ വട്ടമിട്ടു.
മൌസിന്മേലെഴുന്നള്ളിയ
ഗണപതിത്താളത്തില് തുടങ്ങി
സരസ്വതിത്താളം ചവിട്ടി
പതിഞ്ഞ ശവതാളം വരെ.

കാളി കൂളി കാഞ്ഞിരമാല
കുരുംബ കുട്ടി കുറുഞ്ചാത്തി
മാക്ഷി മാടനറുകൊല മറുത
പേച്ചി മുത്തി പിള്ളതീനി
ഒറ്റമുലച്ചിയങ്കാള് ഭൈരവി
ഇടനാട്ടുവീരന്, വേറെയും
നൂറായിരത്തെട്ടു തേവരേ, ചാറ്റി-
ത്തോറ്റുന്ന പൈതലിന്നക-
ക്കണ്ണില് വെളിച്ചപ്പെട്ടുണര്
കരളിലകംപൊരുളായി വളര്.

'ഏയയ്യോ ഏയോ ഏയോ
ഏയയ്യോ ഏയോ ഏയോ...'

അഭിപ്രായങ്ങളൊന്നുമില്ല: