കറന്‍റു
പോകാത്ത രാവിലെകളില്‍
അമ്പലത്തില്‍
നിന്നും
രാമായണം കേട്ടിരുന്നു
അതിനൊപ്പം കേട്ടിരുന്നു
കാട്ടിലേക്ക് വിട്ടവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും നേരെ
മരങ്ങള്‍
കണ്‍മിഴിക്കുന്നതു പോലെ
എന്തോ വേറെ...
മഴ
തോര്‍ ന്ന
ഉച്ചകളില്‍
വിരുന്നുകാരാരോ
വരുന്ന വിവരത്തിന്
കാക്കയിരുന്നു കരഞ്ഞിരുന്നു
അതോടെ
ഉണര്‍ന്നു വരുന്ന
ഏതോ പ്രലോഭനത്തിന്‍റെ
ദാഹം
ചുമരു ചാരി നില്‍ക്കുകയും
വിശപ്പ്
അടുപ്പൂതിയൂതി
പുക കെട്ടുകയും ചെയ്തിരുന്നു
ഉച്ചക്കു വിട്ടുവരുംവഴി
പാട വരമ്പിലെ
കൈതപ്പൂക്കള്‍ക്കും
കുളത്തിലും കുഴിയിലും
തിരിച്ചെത്തിയ
പരല്‍ മീനുകള്‍ക്കും
വിശപ്പിനേയും ദാഹത്തേയും
ഇട്ടു കൊടുത്ത്
മോനിപ്പോള്‍ ഉണ്ണാന്‍ വരും
അതുവരെ
ഒറ്റക്ക്
ഉരുവിടും
അവളവളുടെ രാമായണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ