സ്കൂള്‍ തുറക്കുന്നതും കാത്ത്
ഒരു കുസൃതിമേഘം ഒളിച്ചിരിക്കും
ജലം നിറഞ്ഞ മഷിത്തണ്ടുകള്‍
കൈനീട്ടിയൊടിക്കാന്കഴുത്തു നീട്ടിത്തരും
വിടര്‍ന്ന ചേമ്പിലകളില്‍
ജലം മെര്ക്കുറിയായ് മിന്നും
അഗ്രചര്‍മം മുറിക്കപ്പെട്ട
ഇളം കൂണുകള്‍ പതുക്കെ നിവരും
അക്ഷരങ്ങള്‍
കൃത്യമായ വടിവുകളുടെ
അപകര്‍ഷതയില്ലാതെ ജനിയ്ക്കും
അപരിചിതമായ വരകള്‍ വരച്ച്
വിരലുകള്‍ വേദനിയ്ക്കും
ജീവിതം ഉരഞ്ഞു തീരുന്നത്
ചോക്ക് ബോര്‍ഡിലെന്നപോലെ
സഫലമായല്ലെന്ന്
അയ്യപ്പന് മാഷും ദേവകി ടീച്ചറും
തീ പിടിച്ച നേടുവീര്പ്പുകളിടും
എനിയ്ക്കപ്പോഴും പേടിയാണ്
എപ്പോഴാണാവോ ഒരു കാക്ക
വഴിയിലേയ്ക്കു താഴ്ന്നു പറന്ന്
തലപൊട്ടിച്ചിതറിയ ചോറു കൊത്തി
ചിറകു വച്ച പോപ്പിക്കുടയ്ക്കൊപ്പം
പറന്നു പോവുക
അനൂപിന്റെ കയ്യില്‍ അഞ്ചു നെല്ലിക്ക
രണ്ടെണ്ണം സുബൈദയ്ക്കു കൊടുത്താല്‍
ബാക്കി എത്ര എന്ന ചോദ്യം അനാഥമാവുക.
6 അഭിപ്രായങ്ങൾ:
അന്‍പതാം പോസ്റ്റ്.
കാക്ക റാഞ്ചാന്‍ വരുന്നതും പേടിച്ചു ഞാന്‍ പറമ്പിലൂടെ ഓടിയതിന്നും ഓര്‍ക്കുന്നു. അന്നെല്ലാം കാക്കയ്ക്കു പോപ്പിക്കുടയുടെ ചിറകല്ലായിരുന്നു, അച്ഛാച്ഛന്റെ നല്ല കറുത്ത ശീലക്കുടയുടെ ചിറകായിരുന്നു.
ഒരു ജാഗ്രതയുണ്ട് ഈ കവിതയില്‍ ഉടനീളം.
നന്ദി.:)
സ്കൂള്‍,മഴ, ജൂണ്‍ സ്ലേറ്റ്,പെന്‍സില്‍...ഇതിനെയൊക്കെ ചേര്‍ത്തുവെക്കാതെ ഒരു മലയാളിയുടെ ബാല്യകാല സ്മൃതിയും പൂര്‍ണമാകില്ല.
നല്ല കവിത.
അനിലാ,
ഇത് ചങ്ങാടത്തില്‍ ഉണ്ടായിരുന്നതാണോ?മുന്‍പെങ്ങോ വായിച്ചതായി ഒരോര്‍മ്മ..
അതേ വിശാഖ്, ചങ്ങാടത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ