23/6/07

അബറ

2007 ജൂണ്‍ 7
കടവത്ത്
ബര്‍ദുബയില്‍ നിന്നും
വരാനുള്ള
ചങ്ങാതിയേയും കാത്ത്
അങ്ങനെ നില്‍ക്കുമ്പോള്‍
അബറയുടെ മരപ്പലകമേല്‍ നിന്ന്
ഒരു നൂറിന്‍റെ നോട്ട് കിട്ടി.

വല്ലാതെ മുഷിഞ്ഞിരുന്നു
സൂര്യകോപം
ഇത്ര കടുപ്പത്തില്‍
ആദ്യമേല്‍ക്കയാലാകണം.

ഒരരുക്ക്
തനിച്ച്
വിമ്മിട്ടപ്പെട്ടിരിപ്പായിരുന്നു
കടല്‍ കടന്നതോടെ
ഉള്ള വിലയും പോയതിന്‍റെ
ഖേദത്തിലാകണം.

എടുത്ത്
ഒന്നുരണ്ടുവട്ടം
തിരിച്ചും മറിച്ചും നോക്കിയിട്ടേ
എന്നോടും പരിചയം ഭാവിച്ചുള്ളൂ.

എടുത്തുനോക്കിയ ഒരുപാടുപേര്‍
ഉറുപ്പികയെന്നോ
ഉലുവയെന്നോ
വായിക്കേണ്ടതെന്നറിയാതെ
കിട്ടിയേടത്തു തന്നെ
ഉപേക്ഷിച്ചു പോയതല്ലേ
അതിന്‍റെ കോപം കാണും.

ഗാന്ധിയെ അറിയും
എന്നു പറഞ്ഞപ്പോള്
കൂടെപ്പോരാന്‍ കൂട്ടാക്കി.
ഊന്നുവടി കളഞ്ഞു പോയൊരു
കാരണവരുടെ
ചാഞ്ചല്യത്തോടെ.

ഇപ്പോഴെന്‍റെ കൂടെ നില്‍ക്കുന്നു
ഒരു സഹായത്തിന്,
നാട്ടില്‍ നിന്ന് വന്ന
സച്ചിദാനന്ദന്‍ കവിതകളുടെ
മൂന്നു വാള്യങ്ങളുള്ള സമാഹാരത്തില്‍ ‍
അടയാളമായി വര്‍ത്തിക്കുന്നു

2 അഭിപ്രായങ്ങൾ:

Abdu പറഞ്ഞു...

നാട്ടില്‍ നിന്ന് വന്ന ആ സമാഹാ‍രം ഒന്ന് കിട്ടാല്‍ വകുപ്പുണ്ടോ?


ഓഫാണോ? :(

umbachy പറഞ്ഞു...

സമാഹാ‍രം
kayyilundtto
tharaaaaaaaaaaaaam