29/5/07

കുടത്തില്‍ കുടുങ്ങിയ തല

നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ
എന്നൊരു കാറ്റുണ്ടായിരുന്നതിനാല്‍
കണ്ടപാടേ തലയിട്ടു.
അകം ശൂന്യമാണെന്നറിഞ്ഞപ്പോഴാണ്
തലയൂരാന്‍ ശ്രമിച്ചത്.
അസാധ്യമെന്ന് കണ്ടപ്പോള്‍
സംഭ്രമങ്ങളുടെ ഒരു പാച്ചിലിലേക്ക്
സ്വയം എയ്തു.
കുടത്തില്‍ കുടുങ്ങിയ തല
പോയ വഴികളെ മുഴുവന്‍
തലയറഞ്ഞ് ചിറിപ്പിച്ചു.
തല കുടുങ്ങാത്ത പട്ടികള്‍
കുരച്ചും കടിച്ചും
പ്രതിഷേധം തുടങ്ങിയപ്പോള്‍
ഓട്ടത്തിന്റെ വേഗം കൂടി.

പിന്നാലെ ഒരു പട വരുന്നുണ്ട്,
തലപൊളിയ്ക്കാനാണൊ
കുടമുടയ്ക്കാനാണോ
എന്ന് എങ്ങനെ പറയും...
കുടത്തില്‍ കുടുങ്ങിയ തലയ്ക്ക്
അതിന്റെ കാലുകളെ അന്ധമായി
വിശ്വസിക്കാനേ പറ്റൂ...

11 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

തലയില്‍ കുടുങ്ങിയ കുടമുള്ളവരേയും കുടത്തില്‍ കുടുങ്ങിയ തലയുള്ളവരേയും(അയ്യോ ചൊറിച്ചുമല്ലല്ലേ...)സ്വാഗതം ചെയ്യുന്നു...

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണു,
ഹോമിയൊ ഗുളിക പോലുള്ള ഈ കവിത ഇഷ്ടമായി.
നര്‍മ്മത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ സര്‍ക്കാസം ചവച്ച് കയ്ക്കുകയും ചെയ്തു.
അഭിനന്ദനങ്ങള്‍...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):

Rasheed Chalil പറഞ്ഞു...

എല്ലാവരും എന്നെപ്പോലെ കുടത്തിനകത്തല്ല എന്നൊരു ചിന്ത വഴി അന്ധമായി കാലുകളെ അനുഗമിക്കാതിരുന്നൂണ്ടെ...

ഇഷ്ടമായി മാഷേ...

വല്യമ്മായി പറഞ്ഞു...

പല കുടങ്ങളും ശൂന്യമാണെന്നും നാം കരുതുന്ന പോലെ നിറകുടമല്ലെന്നും അതിനേക്കാള്‍ വലുതാണ് തന്റെ തലയ്ക്കകത്ത് ഉള്ളതെന്നുമുള്ള ആത്മവിശ്വാസം ഉള്ള ആരും ഈ പണിക്കു പോകില്ല.ഇതിലും വലിയ വിഡ്ഡിത്തം കാട്ടിയായിരിക്കും അല്ലേ കൈവിലങ്ങ് കിട്ടിയത് :).

അങ്ങനെ ഒരു വിവരക്കേടിലൂടെ എത്തുന്ന സാഹചര്യം ശരിക്കും വരച്ച് കാട്ടുന്നുണ്ട് കവിത.

sandoz പറഞ്ഞു...

മാഷ്‌ ബൂലോഗത്തില്‍ പ്രവേശിച്ച കാര്യം എല്ലാര്‍ക്കും അറിയാം...
അതെന്തിനായിപ്പൊ എടുത്ത്‌ പറയണേ.....

ടി.പി.വിനോദ് പറഞ്ഞു...

കാലുകളോടുള്ള അന്ധവിശ്വാസം ചിരിപ്പിക്കുന്നു പിന്നെ ചിന്തിപ്പിക്കുന്നു...:)

വിഷ്ണു പ്രസാദ് പറഞ്ഞു...

സാന്‍ഡോസേ,നിന്റെ ‘ഖമന്റ്’ കലക്കീടാ...
ഞാന്‍ കവിതയെഴുത്ത് നിര്‍ത്തുകയേ ഇനി തരമുള്ളൂ...:)

Siji vyloppilly പറഞ്ഞു...

അസ്സലായിരിക്കുന്നു.ചിന്തിപ്പിക്കുന്ന കവിത.

Rajeeve Chelanat പറഞ്ഞു...

കെ.ജി യുടെ കവിതയില്‍ പറയുമ്പോലെ “വിപ്ലവ വായാടികള്‍ പ്ലീനമാടി നടന്നുപോകു“മ്പോള്‍ സ്വന്തം കാലുകളുടെ ഗതിവേഗത്തെ വിശ്വസിക്കാതെ തരമില്ല.
കവിത ഇഷ്ടപ്പെട്ടു.

കുട്ടനാടന്‍ പറഞ്ഞു...

കുടത്തില്‍ കുടുങ്ങിയ തലയ്ക്ക്
അതിന്റെ കാലുകളെ അന്ധമായി
വിശ്വസിക്കാനേ പറ്റൂ...
കുടം ശൂന്യമായിരുന്നെങ്കിലും കുടുങ്ങീയ തല അങ്ങനെയായിരുന്നില്ലല്ലോ
മധു