22/5/07

നരകം

ഭ്രമകല്പനകളുടെ പിറകെ
രണ്ട് കമിതാക്കള്‍ ഒളിച്ചോടി.
സഞ്ചരിച്ചുകൊണ്ടിരുന്ന
പുഷ്പക വിമാനം
പൊടുന്നനെ റിക്ഷാവണ്ടിയായി.
മുന്തിരിത്തോപ്പുകള്‍
നല്‍കാമെന്നു പറഞ്ഞ്
നഗരത്തിലെ ചേരിയില്‍
ഒരു മുറി നല്‍കി.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
കാണാന്‍ ജനല്‍ത്തുണി നീക്കിയപ്പോള്‍
പുറത്തു നിന്ന്
നരകത്തിന്റെ ആയിരം കയ്യുകള്‍
ഉള്ളിലേക്ക് നീണ്ടു വന്നു.
പന്നികളും മനുഷ്യക്കുട്ടികളും
ദയനീയമായി നിലവിളിക്കുന്ന
പുറംകാഴ്ച്ചകള്‍ തട്ടി നീക്കി
ജനലടച്ചു.
കണ്ടതും കേട്ടതും മണത്തതും
മറക്കാന്‍ തങ്ങളില്‍ തങ്ങളിലേക്ക്
കൂപ്പുകുത്തി.
അങ്ങനെയാണ്
അവര്‍ അവരുടേതായ
ഒരു നരകത്തിന്റെ പണി
ആരംഭിച്ചത്.

17 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Fantastic poem. Congrats :)

വല്യമ്മായി പറഞ്ഞു...

"ഭ്രമകല്പനകളുടെ പിറകെ
രണ്ട് കമിതാക്കള്‍ ഒളിച്ചോടി."

ഈ ആദ്യവരികളിലറിയാം ഇതെവിടെ എത്തിച്ചേരുമെന്ന്.സ്വപ്നങ്ങളുടെ മായികലോകത്തേക്കല്ല ജീവിതത്തിലേക്കാണ് പങ്കാളിയെ ക്ഷണിക്കേണ്ടതെന്ന് നാമെന്നാണ് തിരിച്ചറിയുക.

sandoz പറഞ്ഞു...

ഇഷ്ടപ്പെട്ടു...വളരെ വളരെ ഇഷ്ടപ്പെട്ടു......
വരികളും ആശയവും.......
ഇത്‌ അനുഭവത്തില്‍ നിന്നാണോ മാഷേ.....

ii wordveri njaan thallippolicchu kalayum....

ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

നല്ല കവിത..ബൂലോകത്തു വിരളമായിക്കൊണ്ടിരിക്കുന്ന തരം ..

ബാച്ചികളുടെ വക ഹാരാര്‍പ്പണമുണ്ട്, വൈകിട്ട് ക്ലബിലേക്ക് വരിക.

Unknown പറഞ്ഞു...

വിഷ്ണു മാഷേ,

നല്ല അര്‍ത്ഥവത്തായ ഒരു കവിത....

ബൂലോഗ ബാച്ചിക്കുട്ടന്മാരേ വരിക ...ഇതൊന്നു വായിച്ചിട്ടു പോവുക, നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട വരികള്‍.

ചന്ദ്രകാന്തം പറഞ്ഞു...

ആവില്ല, മുന്നോട്ടു നീക്കുവാന്‍ ജീവിതം
സങ്കല്പ്പ ലോകത്തിലൊട്ടുനേരം..
പൊള്ളുന്ന സത്യങ്ങളേറ്റു മുന്നേറണ-
മുള്‍ക്കൊണ്ടു നീങ്ങണമാകുവോളം..

അപ്പൂസ് പറഞ്ഞു...

ഈ നരകത്തെയും ഇഷ്ടപ്പെട്ടു പോവുന്നു.

വിഷ്ണു പ്രസാദ് പറഞ്ഞു...

ജീവിതത്തില്‍ നിന്ന് സ്വപ്നത്തെ എങ്ങനെയാണ് വേര്‍പെടുത്തുക.വല്യമ്മായിക്ക് അതിന്റെ എഞിനീയറിങ് വശമുണ്ടോ... :)കാളിയന്‍ നന്ദി.സാന്‍ഡോസ്,ഉണ്ണിക്കുട്ടന്‍ ,പൊതുവാള്‍ ,ചന്ദ്രകാന്തം,തറവാടി അപ്പൂസ്...എല്ലാവര്‍ക്കും നന്ദി.

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണു,
ഗംഭീരമായി തുടങ്ങി ,അതിവാചാലമായി വളര്‍ന്ന് വീണ്ടും ഗാംഭീര്യത്തില്‍ തന്നെ മടങ്ങിയെത്തുന്ന ഈ കവിത ഇഷ്ടമായി.

Unknown പറഞ്ഞു...

കാഴ്ചകളില്‍ ഭ്രമിച്ചു പോയവര്‍ക്ക് നല്‍കാന്‍
എന്‍റെ കായ്യില്‍ കണ്ണാടി മാളികയൊന്നുമില്ല

സ്വപ്നങ്ങളില്‍ ആകാശം കെട്ടിയവര്‍ക്ക് നല്‍കാന്‍
എന്‍റെ കയ്യില്‍ സ്വര്‍ഗ്ഗത്തിന്‍റെ താക്കോലുമില്ല

പ്രേമിച്ച് വഞ്ചിച്ചവര്‍ക്ക് നല്‍കാന്‍
നരക കവാടത്തിലൊരു വാക്കുമാത്രം
‘സ്വാഗതം’.

വിഷ്ണുമാഷിന്‍റെ സമീപകാല രചനകളില്‍ വളരെ ശ്രദ്ധേയ ഈ കവിത

വല്യമ്മായി പറഞ്ഞു...

സ്വപ്നം കണ്ടതിനെ യാഥാര്‍ത്ഥ്യമാക്കലാണ് എഞ്ജിനീയറിം‌ഗിലൂടെ സാധ്യമാകുന്നത് മാഷേ :)

പിന്നെ സ്വപ്നത്തെ വേര്‍പ്പെടുത്തേണ്ടതെപ്പോഴെന്ന് ചന്ദ്രകാന്തത്തിന്റെ കമന്റില്‍ നിന്നും വ്യക്തമാണല്ലോ

Rasheed Chalil പറഞ്ഞു...

വിഷ്ണുമാഷേ ഒരുപാട് ഇഷ്ടമായി ഈ കവിത.

ഒന്ന് ഇരുട്ടിവെളുക്കുമ്പോള്‍ മുമ്പിലെത്തുന്ന യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവതെ നിറം മങ്ങിയ ജീവിതങ്ങള്‍ ഒത്തിരി...

കുടുംബംകലക്കി പറഞ്ഞു...

നല്ല കവിത.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിശാഖ്,കമന്റ് വായിച്ചു തുടങ്ങിയപ്പോള്‍ വിചാരിച്ചു...ഗംഭീരമായി തുടങ്ങി അതിവാചാലമായി വളര്‍ന്ന്....നശിപ്പിച്ചു എന്നാവും എന്ന് ...:)
ഇരിങ്ങലേ ,ദെന്താ കഥ.പ്രേമിച്ചു വന്ചിച്ചവറ്ക്കൊക്കെ സ്വാഗതം പറഞ്ഞാല്‍ -എല്ലാരും കൂടി അങ്ങോട്ടു വന്നാല്‍-അവിടെ സ്ഥലമുണ്ടാവുമോ..:)
വല്യമ്മായീ,എപ്പോള്‍ വേര്‍പെടുത്തണം എന്നതല്ല പ്രശ്നം,എങ്ങനെ വേര്‍പെടുത്തണമെന്നതാണ്..:)

ഇത്തിരീ,ശരിയാണ്.പ്രണയിക്കുന്നവരേ നിങ്ങള്‍ അറിയുന്നില്ല...:)
കുടുംബം കലക്കീ,എന്തിന് ഇങ്ങനെയൊരു പേര്?
നരകമാണോ ഹേതു?

സീയെം പറഞ്ഞു...

കൊള്ളാം.കവിത ഇഷ്ട്ടപ്പെട്ടു.

അശോക് പറഞ്ഞു...

നല്ല വരികള്‍..

വല്യമ്മായി പറഞ്ഞു...

"വല്യമ്മായീ,എപ്പോള്‍ വേര്‍പെടുത്തണം എന്നതല്ല പ്രശ്നം,എങ്ങനെ വേര്‍പെടുത്തണമെന്നതാണ്..:)"

കുറച്ച് കൂടി പ്രായോഗികമായി കാര്യങ്ങളെ കാണണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് മാഷേ,പ്രണയം മുഴുവനും പൗര്‍ണ്ണമിയും നിലാവും സ്വപ്നം കണ്ട് ജീവിതം ജീവിച്ച് തീര്‍ക്കേണ്ടത് നട്ടുച്ച വെയിലത്താണെന്ന് തിരിച്ചറിയാത്തന്റെ പ്രശ്നം.പനിനീര്‍പൂവിന്റെ ഇതളുകളുടെ മാത്രം ഭംഗീ കാണുമ്പോള്‍ അതിനടിയിലെ മുള്ളുകള്‍ കാണാത്തതിന്റെ പ്രശ്നം.

പിന്നെ വേര്‍പ്പെടുത്താനായി എങിനീയറിംഗിങ്ങില്‍ പലതരം ഫില്‍ട്ടറിം‌ഗ് സര്‍ക്യൂട്ടുകള്‍ ലഭ്യമാണ്.:)