5/5/07

സമാധാനം

നന്ത്യാര്‍വട്ടങ്ങള്‍ക്ക്
ഒരൌചിത്യബോധവുമില്ല.
എപ്പോഴും വെളുക്കെ
ചിരിച്ചുകൊണ്ടിരിക്കും.
വീട്ടുമുറ്റത്ത് ശവം
പൊതിഞ്ഞുകൊണ്ടു-
വെച്ചാലും മാറ്റുകയില്ല,
വെളുവെളുത്ത ചിരി.
ഔചിത്യബോധമില്ലാത്ത
ഇത്തരം കൂട്ടച്ചിരി കണ്ടിട്ടാവണം
സ്കൂള്‍മുറ്റത്തെ എല്ലാ
പൂച്ചെടികളും
മുഹമ്മദ് അലി മാസ്റ്റര്‍
വെട്ടിക്കളഞ്ഞു.
ഒരു ചിരിയും ബാക്കി
നില്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍
മാഷിന് സമാധാനമായി.

8 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

സാധാരണ ചില സ്കൂള്‍ മാഷന്മാറ്ക്കുള്ള ഒരു കോമ്പ്ലക്സ് ആണ്‍ ഇത്.എത്ര കുട്ടികളുടെ ചിരികളാണെന്നൊ നിറ്ദ്ദയം മുറിച്ചു മാറ്റുക!
നല്ല വരി.;)

വല്യമ്മായി പറഞ്ഞു...

അപ്പോള്‍ മാഷും ഒരു ക്രൂരനാണോ? ഞാന്‍ പഠിപ്പിച്ചിരുന്നപ്പോള്‍ എന്റെ കുട്ടികള്‍ പറയുമായിരുന്നു വഴക്ക് പറയുമ്പോള്‍ പോലും ചിരിച്ച് പറയുന്ന കാരണം അവര്‍ക്കൊട്ടും നോവാറില്ലെന്ന്.

തറവാടി പറഞ്ഞു...

മാഷെ ,

ഞാനധ്യാപകജോലി ചെയ്യാത്തതിനാല്‍ ഒന്നും പറയുന്നില്ല..:(

വിഷ്ണു പ്രസാദ് പറഞ്ഞു...

മാഷുമ്മാരുടെ ക്രൂരതയല്ല കവിതയുടെ പ്രതിപാദ്യം എന്നു പറഞ്ഞോട്ടെ.ഉടഞ്ഞു പോയ ഒരു ജീവിതത്തിന്റെ അകത്തു നിന്ന് നോക്കുമ്പോള്‍ ചില ചിരികള്‍ അലോസരപ്പെടുത്തും...അങ്ങനെയൊക്കെയേ ഒരു ഭ്രാന്തിന് അര്‍ഥം പറയാന്‍ പറ്റൂ.

വല്യമ്മായി പറഞ്ഞു...

"ഉടഞ്ഞു പോയ ഒരു ജീവിതത്തിന്റെ അകത്തു നിന്ന് നോക്കുമ്പോള്‍ ചില ചിരികള്‍ അലോസരപ്പെടുത്തും"

അതിനെ അസൂയ എന്ന് പറയാന്‍ പറ്റുമോ,അതോ സ്വയമുടച്ച ജീവിതത്തെ കുറിച്ചുള്ള നിരാശയോ.
qw_er_ty

വിശാഖ് ശങ്കര്‍ പറഞ്ഞു...

എനിക്ക് ചെമ്പരത്തിയാണ് ഇഷ്ടം.ചിരിച്ചാലും മുഖം പൊത്തിയേ ചിരിക്കൂ...താഴോട്ടു നോക്കി...

അനിലൻ പറഞ്ഞു...

നല്ല കവിത.

നന്ത്യാര്‍വട്ടങ്ങള്‍ പാവങ്ങളാണ് വിഷ്ണൂ, കാണുമ്പോഴൊക്കെ മോനു കണ്ണു വേദനിക്കുന്നുണ്ടോ എന്നു ചോദിക്കും,‍ ഇതളുകളില്‍ തണുപ്പ് കിനിയാന്‍ തുടങ്ങും പൂവിനടുത്ത് ചെവി ചേര്‍ത്തു നോക്ക് കേള്‍ക്കാം!!

വിഷ്ണു പ്രസാദ് പറഞ്ഞു...

ഈ കവികളെക്കൊണ്ട്റ്റ് തോറ്റു...ആരേയും ഒന്ന് കുറ്റപ്പെടുത്താന്‍ സമ്മതിക്കൂല.അവര്‍ക്ക് എല്ലാരും പാവങ്ങളാണ് .നന്ത്യാര്‍വട്ടവും പാമ്പും നിശ്ശബ്ദതയും ഒക്കെ പാവങ്ങള്‍...:)