26/4/07

ചുവരെഴുത്തുകള്‍

ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.

ഉയിര്‍ കാത്ത്‌,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്‌
പോയവരെ കാത്ത്‌ കാത്ത്‌,
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.

നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

12 അഭിപ്രായങ്ങൾ:

Rajeeve Chelanat പറഞ്ഞു...

കവിത

ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

തറവാടി പറഞ്ഞു...

രാജീവെ ,

നല്ല കവിത . അര്‍ത്ഥവത്തായതും

Pramod.KM പറഞ്ഞു...

രാജീവേട്ടാ..
മധ്യവറ്ഗമായതിന്റെ കാരണങ്ങള്‍ തേടിയുള്ള യാത്ര മനോഹരമായി.

ടി.പി.വിനോദ് പറഞ്ഞു...

നല്ല എഴുത്ത് മാഷേ...
മധ്യവര്‍ഗം ഒരു ശകാരപദമല്ല എന്ന് മുന്‍പ് വായിച്ചിരുന്നത് (കെ.ഇ.എന്‍ ആണ് എഴുതിയതെന്ന് തോന്നുന്നു,മാതൃഭൂമിയില്‍)ഓര്‍ത്തുപോയി..

വേണു venu പറഞ്ഞു...

രാജീവു്, നല്ല കവിത.
ചുവരെഴുത്തിഷ്ടപ്പെട്ടു.

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു....

nalla varikal.nalla kavitha rajeev.

Abdu പറഞ്ഞു...

അതിജീവനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു നിയമമാണ്. മധ്യവര്‍ഗ ന്യായത്തില്‍ പ്രത്യേകിച്ചും. അതെന്തേ അങ്ങിനെയെന്ന ചോദ്യത്തിന്റെ ഉത്തരം ഒരേ സമയം ലളിതവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ്.

ആ നിയമത്തിന്റെ മറവില്‍ സിമന്റിട്ടടക്കുന്ന ജീവിതങ്ങളെ നേരിടാനുള്ള ധൈര്യം അത് കാണിച്ച് കണ്ടിട്ടില്ല, എവിടേയും.

നന്നായിരിക്കുന്നു രാജീവ്

salim | സാലിം പറഞ്ഞു...

രാജീവ് , നല്ലകവിത

വല്യമ്മായി പറഞ്ഞു...

ജനിച്ചു പോയില്ലേ ജീവിക്കണമെന്ന വ്യാജേന നാം കുഴിച്ചു മൂടുന്ന നമ്മുടെ മോഹങ്ങളും ചവിട്ടിയരക്കുന്ന മറ്റുള്ളവരുടെ സ്വപ്നങ്ങളും ആ സ്വാര്‍ത്ഥതയെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.

Rajeeve Chelanat പറഞ്ഞു...

അഭിപ്രായങ്ങള്‍ക്കു നന്ദി.

ലാപുട..മധ്യവര്‍ഗ്ഗം എന്നത്‌ ശകാരപദമല്ല..കെ.ഇ.എന്‍-നിനെപ്പോലുള്ളവര്‍ അതുപയോഗിക്കുമ്പോള്‍, ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലായിത്തോന്നാറുണ്ടെങ്കിലും...

സ്നേഹപൂര്‍വ്വം

mumsy-മുംസി പറഞ്ഞു...

നല്ലത്‌ . നന്ദി

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഉള്ളിലെ ഉറവകളെല്ലാം വറ്റിച്ച് സ്ഫുടം ചെയ്തെടുത്ത മദ്ധ്യവര്‍ഗ്ഗ വെടുപ്പുകളേക്കുറിച്ചുള്ള “ചുവരെഴുത്തുകള്‍” ഇഷ്ടമായി.