24/9/12

കന്യാകുമാരി

(ഒരു യാത്രാവശിഷ്ടം)
-
കളഞ്ഞു കിട്ടിയ ശബ്ദങ്ങളെയെന്റെയപശബ്ദങ്ങളുമായി
സംയോജിപ്പിച്ച്
ഒരു ശില്പം തീർക്കുമെന്ന് പറഞ്ഞപ്പോൾ
കടലെനിക്ക് മൂന്ന് വളപ്പാട്ടുകൾ തന്നു.
വെളുപ്പ്.
ചുവപ്പ്.
പച്ച.
-
തിരുവള്ളുവരുടെ ഈ പ്രതിമ ഒരു വരി പോലും എഴുതിയിട്ടില്ല.
സമുദ്രത്തിനും കരയ്ക്കുമിടയിൽ ഒരു പാറകഷണത്തിൽ
എഴുതിയുയർത്തിയത് കൊണ്ട് മാത്രം
ഈ ഖരവസ്തു
എല്ലാ കവികളേയും കുറിച്ചുള്ള കവിതയായ് പോയിരിക്കുന്നു.
-
വരി നിന്നും
വള്ളം കേറിയും
തടവുകാരെപ്പോലെ എത്തിയവർ
അവശേഷിച്ച ജീവനെ ഛായപടങ്ങൾ കൊണ്ട് തല്ലിക്കൊല്ലുന്നു.
പുറത്ത് കടലും കാറ്റും പാടുമ്പോൾ
മങ്ങിയ വെളിച്ചത്തിലെ
കൃതൃമപ്രണവം കേൾക്കാൻ അല്പനേരമിരുന്നു.
പുറത്തേതോ കുട്ടിയുടെ ചിരി കേട്ടപ്പോൾ ഇറങ്ങി പോന്നു.
-
വാക്ക് മൌനത്തിന്റെ വാലാണ്.
മൌനം വാക്കിന്റെ ഉടലോ തലയോ
ഒന്നുമല്ല.
രണ്ടുമല്ല.
-
നിനക്ക് നൽകേണ്ട ഏറ്റവും മികച്ച സമ്മാനം ഞാൻ തന്നെ
എന്ന വിശ്വാസത്തെ ഉപേക്ഷിച്ചവാനായ്,
ഏതു മുത്തുമാലയിലും കക്കാ കൊണ്ടുണ്ടാക്കിയ കരകൌശലവസ്തുവിലും
കുറ്റം കണ്ടെത്തുന്നു.
വലിയ കിട്ടപ്പോരിലെന്ന് കണ്ട്
വഴിവാണിഭക്കാരൻ ബീഡിയ്ക്ക് തീ കൊടുത്ത് മാറിയിരിക്കുന്നു.
ഞാൻ,
പണവും
പ്രണയവും
അഹങ്കാരവും
ഒരേ അകലം സൂക്ഷിക്കുന്ന ഒരു ബിന്ദുവിൽ
മനുഷ്യനാകുന്നു.
-
യാത്രകളൊക്കെ വിനോദമാകുന്നതിനു മുമ്പൊരിക്കൽ
ഒരു ചെറുപ്പക്കാരൻ ഈ കടലു നീന്തി
ആ പാറയിൽ പോയിരുന്നു.
പാറയിൽ നിന്നും ആകശത്തിലേക്കൊരു പ്യൂപ്പയുണ്ടായി.
വാക്കിനപ്പുറത്തൊളിച്ചിരിപ്പായി.
ആകാശത്തിലപരിമിത ഗുരുത്വം.
പിന്നീട് പ്യൂപ്പ ഭേദിച്ചയാൾ പറന്ന് പോയി,
കടലുകൾ കടന്ന് പോയി.
ചിറകടിയൊച്ചയോ കാലം കടന്ന് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
-
കറുത്ത ഷാളുകൊണ്ട് പുതച്ച് മുഴുത്ത സൂര്യനെയൊളിപ്പിച്ച കുമാരിയുടെ കുസൃതി.
പകരം തിരപ്പൊലിമകൊണ്ട് കെട്ടിപിടിച്ചുമ്മ വച്ച ഒരമ്മയുടെ ലാളനം.
-
രാത്രിയിൽ കടലിൽ കാലുനനഞ്ഞപ്പോൾ ഒപ്പം നനഞ്ഞെന്ന് പറഞ്ഞവൾക്കൊരുമ്മ.
ആ ഉമ്മ, നിമിഷാർദ്ധങ്ങൾക്കൊണ്ട് മൈലുകൾ താണ്ടി പോകുന്നത് കണ്ട് ഒരുൽക്ക കൂടി നാണിച്ചു പൊലിയുന്നു.
-
കന്യാകുമാരിയിൽ
പഞ്ചഭൂതങ്ങളൊരുമിച്ചുണരുമ്പോൾ
ആയിരത്തിലൊരിതളെങ്കിലും വിടരുന്നു.
-


-

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രണയവും
അഹങ്കാരവും
ഒരേ അകലം സൂക്ഷിക്കുന്ന ഒരു ബിന്ദുവിൽ
മനുഷ്യനാകുന്നു.
-