24/9/12

www.sevidosedmore.com

രാത്രി
തലച്ചോറിൽ ഒരു മെസേജ് റിസ്സീവ് ചെയ്തതാണ്.
സെവിഡൊസെഡ്മോർ എന്ന വെബ്സൈറ്റിലേക്കുള്ള ലിങ്ക്
ഓപ്പൺചെയ്തത് ഓർമ്മയുണ്ട്
ഹോം ഒരു നഗരമാണ്.
നിങ്ങളുടെ മുഖമുള്ള എല്ലാവരുമുണ്ട്
നിങ്ങളുടെ നിങ്ങൾ
വന്യജീവികളുടെ നഗരം.
ഹോമിൽ നിന്ന് എല്ലാ ലിങ്കുകളും ഓരോ തെരുവിലേക്ക്
ഓരോ തെരുവിൽ നിന്നും അദൃശ്യമായ വഴികൾ

ഓക്ക്യു എന്ന് ഫാക്റ്ററികളിൽ നഗരത്തിന്റെ പേർ

ശത്രുക്കളുടെ നഗരമാണ് ഓക്ക്യു
ഫാക്റ്ററികൾ മാത്രമാണ്,വീടുകളോ മുറ്റങ്ങളോ ഇല്ല
മാനേജർ തൊഴിലാളികളെ
തൊഴിലാളികൾ മാനേജരെ,എം ഡിയെ
കൊല്ലുകയും,
അവർക്കുപകരം നിരനിരയായി മറ്റുള്ളവർ
പുനസ്ഥാപിക്കപ്പെടുകയും ചെയ്യും

കൊല്ലുക എന്നതാണ് പൂർണ്ണസ്വാതന്ത്രം എന്ന് വിശ്വസിക്കുന്ന ജനങ്ങൾ
ഓരോ തെരുവിലും സൈൻഔട്ട് ബോർഡുകൾ തിരഞ്ഞ്
നടക്കുകയാണ് ഞാൻ

ഒരാൾ മുന്നിൽ നടക്കുന്നു
വഴിയരികിലുള്ള ഒരാളെ ശാന്തതയോടെ കൊന്ന്
നടന്നുപോകുന്ന അയാളെ മനോഹരമായ ഒരു കവർഡ്രൈവിലൂടെ
ആകാശത്തേക്ക് പറത്തി ഒരു കാറിൽ ഒരാൾ
അതാസ്വദിച്ചുനിൽക്കേ,ഒരു ഹൈഡ്രജൻ ബോംബ് വന്നു വീഴുന്നു
നഗരം തീകൊണ്ട് പൂവുകൾ വിരിയുന്ന ഒരു വസന്തകാലമാകുന്നു.

ശത്രുത ഒരു നിയമമായ നഗരം

ഒരു പ്രായോഗികതയുമില്ലാത്ത നിമിഷം എന്നതും
ഒരു നിർബന്ധവുമില്ലാത്ത മുഖങ്ങൾ എന്നതും
ഇരകളെപ്പോലെ തലതാഴ്ത്തിനടക്കുന്ന
ഒരാൾ കൂട്ടം നടന്നുപോകുന്നതും
ഒന്നുചിതറി ഇല്ലാതാകുന്നതും കാണുന്നു

ആരും കാണാതെ ഞാൻ
ലിങ്കുകളിൽ അകപെട്ടുപോവുകയാണ്
ഇപ്പോൾ ഹോം എന്ന് കാണാനാകുന്നില്ല
പുറകോട്ടൊരു ലിങ്ക്.

ഓരോരുത്തരും അവരവരുടെ ഒരു കലാപം നയിക്കുന്നു
വിജയിക്കുക എന്നത് ഒരു കലാപത്തിന്റെയും ലക്ഷ്യമല്ല
തെരുവുകൾ പോലും തോൽക്കപ്പെടുന്നു
തോറ്റുപോകുന്ന തെരുവുകൾ ഇല്ലാതാകുന്നു
അവ മറ്റൊരു ലിങ്കിലൂടെ പാലായനം ചെയ്യുന്നു
മറ്റൊരു നഗരം  അവയെ മണം പിടിച്ച് നില്ക്കുന്നു

ആവിർഭവിക്കപ്പെട്ട
പ്രതിരൂപങ്ങൾ
പ്രതികഥാപാത്രങ്ങൾ
ഫാൿറ്ററികളിൽ നിന്നും ഇറങ്ങിവരുന്നു
മാസ്ക്കുകൾ,നീളൻ കയ്യുകൾ
പലകുഴൽ തോക്കുകൾ

നിങ്ങൾ പുറത്തിരിക്കുകയാണ് എന്നതാണ്
ഞാൻ അന്യതയെ അനുഭവിക്കുന്നത്

രക്ഷപ്പെടാൻ എനിക്കൊരു കമ്പ്യൂട്ടർ വേണം
രക്ഷപ്പെടാൻ ഒരു ലിങ്ക് നിർമ്മിക്കണം
ഇഴഞ്ഞിറങ്ങാവുന്ന ഒരോപ്ഷൻ.
ഞാൻ ഒരു കമ്പ്യൂട്ടർ മോഷ്ട്ടിച്ചു.

അതിനുവേണ്ടി ഞാൻ ഒരു കമ്പ്യൂട്ടർ ഷോപ്പുടമയെ
കെട്ടിടത്തിനുമുകളിൽനിന്ന് താഴെക്കിട്ടു
ഞാൻ ഒളിച്ചിരുന്നു
അല്ല,തെരുവിലൂടെ നടന്നു
മരണത്തിന്റെ നിഴലുകൾ ചുവരുകളിൽ ഒളിച്ചിരിക്കുന്നുണ്ടോ.
അതിന്റെ വികൃതനൂലുകൾ എന്റെ കാലുകളിലേക്ക് നീണ്ടുവരുന്നുണ്ടോ.
പ്രാചീനകാലങ്ങൾ നിർമ്മിച്ച് നഗരങ്ങൾ ഇന്നും എവിടെല്ലാമോ
ഒളിച്ചിരിക്കുന്നുണ്ടോ..


ഞാനിവിടെ ആദ്യ കുടിയേറ്റക്കാരന്റെ
സ്ഥലകാലമില്ലാത്ത നടത്തം.


പുറത്തിരിക്കുന്ന സുബലേ,നീയ്യൊന്ന് ചാറ്റിൽ വരൂ
എം.ആർ വിഷ്ണൂപ്രസാദിന്റെ പേരിൽ എനിക്കൊരു ലിങ്ക് കിട്ടി
രാത്രി
ഇത്
ഓക്ക്യു എന്ന നഗരമാണ്,നീ വിശ്വസിക്കില്ലേ
എനിക്ക് സൈൻഔട്ട് എന്ന ഓപ്ഷൻ പറഞ്ഞുതരൂ
എം.ആർ വിഷ്ണുപ്രസാദേ,താങ്കളറിഞ്ഞിരിക്കുമോ
താങ്കളുടെ പേരിൽ ഒരു ലിങ്ക് തലച്ചോറുകളിലേക്ക്
ഒരു മെസേജ് പ്രചരിക്കുന്നു
ഉറക്കങ്ങളിൽ എന്റെർ ചെയ്തുപോകരുതെന്ന്,
എല്ലാവരുടെയും സ്വപ്നങ്ങളിലേക്ക് കടന്നുകയറിവരുമെന്നും പറയൂ

ദൈവം ഒരു വൈറസാണെന്നും,പൂർണ്ണാസ്വാതന്ത്ര്യം ദൈവത്തിനെ
നാടുകടത്തുമെന്നും എന്റെ വിലാപങ്ങളെ കണക്കിലേടുത്ത് പറയൂ
www.sevidosedmore.com
ഒരു രാത്രിയല്ല,മുന്നറിയിപ്പുകൾ ഇല്ലാതെ കടന്നുവരുന്ന
ഒരു ദുരന്തമാണെന്നും എല്ലാവരെയും അറിയിക്കൂ

നീയ്യെന്നോട്
സീമോർ എന്ന ഓപ്ഷൻ തിരയാൻ പറയുന്നു
ഇവിടെ ഡിഫൈൻ എന്നല്ലാതെ ഒന്നുമില്ല
നീ പറയുന്നത് കടലെന്നും
ഡിവൈൻ എന്നുമാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന
നിസ്സഹായതയിലാണ് ഞാൻ
നീ പറയുന്നത്
കൂടുതൽ കാണുക എന്നല്ലേ..?

ഫാക്റ്ററികളുടെ മൂളലിൽ നിന്റെ ശബ്ദം നാടുകടക്കുന്നു
നിന്റെ ഭാഷ പോലും അപരിചിതമാകുന്നു
എന്റെ രൂപം നഷ്ട്ടപ്പെട്ടിരിക്കുന്നു
ഇത് ഓക്ക്യു എന്ന നഗരം
സെവിഡോസെഡ്മോർ ഒരു രാജ്യമാണ്
എന്റെ ഭാഷയിൽ സംസാരിക്കടാ

സീമോർ
സീമോർ
ഞാൻ സീമോർ എന്ന ആളാണ്

ഞാൻ കൊല്ലപ്പെടും, മണലടുക്കിൽ
ഇനിയും ഒളിച്ചിരിക്കാനാകില്ല
എനിക്ക് രക്ഷപ്പെടണം
ഓക്ക്യു എന്ന നഗരം നീ അനുഭവിച്ചിട്ടില്ല
അനുഭവിക്കാത്ത നഗരങ്ങളെകുറിച്ച് നീ കവിതയെഴുതുമോ
ഞാൻ പറഞ്ഞുതരാം
നമ്മുക്കറിയാത്ത നഗരങ്ങളുണ്ട്
വഴികളും,തെരുവുകളുമുണ്ട്
അന്യമാക്കപ്പെട്ട സ്വപ്നങ്ങളുമുണ്ട്
വന്യമാക്കപ്പെട്ട നമ്മളുതന്നെ എവിടെല്ലാമോ ജീവിക്കുന്നു
ഇവിടുള്ള ഒരു എന്നെ തീർച്ചയായും കണ്ടുമുട്ടും
ഒരു പക്ഷെ അവൻ തന്നെ എന്നെ
ഒരു പൂർവ്വവിചാരമോ
ദയയോകൂടാതെ വധിക്കും.

എന്റെ ഞരമ്പുകളിലൂടെ പഴുതാരകൾ കയറി വരുന്നു.


അരണ്ടമഞ്ഞനിറത്തിൽ അനേകമനേകം ലിങ്കുകൾ.
ക്ലോസ് വിൻഡോ എന്ന് ഏതെങ്കിലും ജനൽ കാണിച്ചുതരാൻ
വിളിച്ച്പറയൂ

രക്ഷപ്പെട്ടെത്തിയാൽ തിരിച്ചുകയറിവരാൻ,
എനിക്കെന്നെ
ആൿറ്റിവേറ്റ് ചെയ്യാൻ മറ്റൊരു ഓപ്ഷൻ കാണിച്ച്തരണം
അതിനുമുൻപ്
നിന്റൊപ്പമുള്ളവരോട് ചോദിക്കൂ
മരവിച്ചകാലുകളുള്ളവരോട് ചോദിക്കൂ
ലോകത്തെ പ്രോഗ്രാം ചെയ്യുന്ന എല്ലാവരോടും ചോദിക്കൂ
ഓക്ക്യു എന്ന നഗരത്തിൽ നിന്ന്
സെവിഡോസെഡ്മോർ എന്ന രാജ്യത്തിൽ നിന്ന്
സൈൻഔട്ട് എന്ന ഓപ്ഷൻ എവിടെയാണ്..?

2 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒരു കുഞ്ഞുരാജ്യത്ത് മലയാളത്തില്‍ സൈൻഔട്ട് ചെയ്യാനാവാത്ത കവിത

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു രാത്രിയല്ല,മുന്നറിയിപ്പുകൾ ഇല്ലാതെ കടന്നുവരുന്ന
ഒരു ദുരന്തമാണെന്നും എല്ലാവരെയും അറിയിക്കൂ