30/3/11

വിധവ തയ്ക്കുന്നു

നസീർ കടിക്കാട്



















1

അവളുടെ തയ്യൽ‌യന്ത്രത്തിൽ
തീവണ്ടി
ചൂളം കുത്തി നിൽക്കുമ്പോൾ
നൂലിഴയിലൂടെ ഉടൽ
പാലങ്ങളും തുരങ്കങ്ങളും കവച്ച്
പൂളമരത്തിനു മുകളിലൂടെ
ആകാശത്തേക്കു പായുകയാണ്.

തീവണ്ടിയിൽ
അവൾ അവളോടു മാത്രം
സൂചിമുന പോലെ സൂക്ഷിച്ച്
ചുണ്ടുകളനക്കി
അനേകം അളവുകളുള്ള ശരീരത്തെ
പാഠപുസ്തകത്തിന്റെ ഈണത്തിൽ
ഉറക്കെ വായിക്കുകയാണ്.

2

അവളുടെ തയ്യൽ‌യന്ത്രത്തിൽ
പല പ്രായത്തിലുള്ള കുട്ടികൾ
ഓടിവന്നു
മുറ്റത്തു നിൽക്കുകയാണ്.

ഉടുപ്പു തുന്നാൻ വന്നതാണെന്ന്
മടിയിലേക്കും മാറിലേക്കും
ചാഞ്ഞു വീഴുന്ന മഴയിൽ
ചാരിവെച്ച കുട
മലകളിലേക്കു തുഴഞ്ഞു പോവുകയാണ്.

3

അവളുടെ തയ്യൽ‌യന്ത്രത്തിൽ
വെളുത്ത പതാക
എല്ലാം മറന്നു
പാടുകയാണ്.

കെട്ടിപ്പിടിച്ചു
കിതച്ചോടിയ വിരലുകൾ
താളം പിടിച്ചു ഇലകൾ തൊടുമ്പോൾ
കൈവെള്ളയിൽ മുഖം പൊത്തി
ദൈവത്തിന്റെ വിഗ്രഹം
പ്രാർത്ഥിക്കുവാൻ വിളിക്കുകയാണ്.

4

അവളുടെ തയ്യൽ‌യന്ത്രത്തിൽ
കണ്ണുകാണാത്ത മുലകൾ
ഇമകളിറുക്കി
പ്രാർത്ഥിക്കുകയാണ്.

അളന്നു മുറിച്ച
പല നിറത്തിലുള്ള ആകാശമിതാ
മാറത്തു
കൊളുത്തു തുന്നുകയാണ്
അരക്കെട്ടിൽ
പാവാട തുന്നുകയാണ്.

5

അവളുടെ തയ്യൽ‌യന്ത്രത്തിൽ
ദീർഘനിശ്വാസം പോലെ
കാറ്റ്
ഒളിച്ചിരിക്കുകയാണ്.

മേഘങ്ങൾക്കു കുങ്കുമനിറമെന്ന്
അവൾ അവളോടുമാത്രം
ആകാശത്തെ കണ്ണാടിയിൽ
ഒന്നൊന്നായി അഴിച്ചെറിയുമ്പോൾ
കൊടുങ്കാറ്റുകൾ അവളെ
കുതിരപ്പുറത്തു കയറ്റി
പറന്നു പോകുകയാണ്.


13 അഭിപ്രായങ്ങൾ:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

സ്കൂള്‍ കവിതകള്‍ക്ക് ശേഷം
നസീര്‍ക്കയുടെ ഏറ്റവും ഇഷ്ടമായത്.

നന്ദി..
നല്ല കവിതയ്ക്ക്

yousufpa പറഞ്ഞു...

കവിത, ഏതൊക്കെറ്റോ വഴികളിലൂടെ എവിടെയൊക്കെയോ കൊണ്ടു പോയി.ഒട്ടേറെ ചോദ്യങ്ങളും ഉത്തരങ്ങളും തന്നു.

അജിത് പറഞ്ഞു...

കവിത വായിച്ചുകഴിഞ്ഞാലും തയ്യൽ മെഷിന്റെ കറക്കം..ഇഷ്ടപ്പെട്ടു

ഷാജി അമ്പലത്ത് പറഞ്ഞു...

നല്ല കവിതയ്ക്ക്
ഉമ്മ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നല്ല കവിത

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sudheesh kottembram പറഞ്ഞു...

ഏറെ ഇഷ്ടമായി

JIGISH പറഞ്ഞു...

അനേകം അളവുകളുള്ള ഈ കൊടുങ്കാറ്റ്
എന്നെയും പറത്തിക്കൊണ്ടുപോയി, ഏതോ ആകാശങ്ങളിലേക്ക്..! ഉം..പുലി മടയിൽ നിന്നിറങ്ങിയ സ്ഥിതിയ്ക്ക് ഇനി കരുതിയിരിക്കാം..!

ചന്ദ്രകാന്തം പറഞ്ഞു...

വളരെ ഉച്ചത്തില്‍ നിശ്ശബ്ദമായി വായിയ്ക്കപ്പെടുന്ന പാഠപുസ്തകം!

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

നെഞ്ചിലെ ബട്ടൺ തുറന്നിട്ട് മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്നു...

umbachy പറഞ്ഞു...

വാക്കിലും നോക്കിലുമൊക്കെ മുറിച്ചു തുണ്ടമാക്കി
നിന്നെ കവിത
എഴുതുകയാണ്,

ശ്രീനാഥന്‍ പറഞ്ഞു...

അജിത് പറഞ്ഞ പോലെ തന്നെ. വിധവ, തയ്യൽ മെഷീൻ-സമ്മതിച്ചിരിക്കുന്നു ഈ അപാര ഇരട്ടയിൽ കവിത കൊളുത്തിയതിൽ, എനിക്ക് ഇത് വായിച്ചതിന്റെ ഒരു ക്ക്വിക്ക് സഹിക്കാനാവുന്നില്ല നസീർ! നന്ദി.

Mahi പറഞ്ഞു...

ha naseerkka you again.........