29/7/10

മണ്ണാങ്കട്ടയും കരിയിലയും

കാറ്റും മഴയുമെന്ന് കേട്ടാലുടൻ
ഓർമ്മ വരുന്നത്
കടലിൽ പോയ സ്വന്തം അപ്പനെയല്ല,
അമരത്തിലെ മമ്മൂട്ടിയെപ്പോലുമല്ല,
മണ്ണാങ്കട്ടയെയും കരിയിലയെയുമാണ്.
പുത്തൻ വിദ്യാഭ്യാസത്തിന്റെ ഒരു
ഗതികേട്.

28/7/10

തീരദേശ തീവണ്ടികള്‍ /നസീര്‍ കടിക്കാട്

തീരദേശത്തെ മണലു മുറിച്ച്

തീവണ്ടി ഓടിക്കിതച്ച്

കുഞ്ഞുകാലം പിന്നിലാക്കിയ

പാലങ്ങളുടെയും തുരങ്കങ്ങളുടെയും

വയലുകളുടെയും നഗര പ്രാന്തങ്ങളുടെയും ഫോട്ടോ

എന്റെ വീട്ടിലില്ല

കൂട്ടുകാരുടെ വീട്ടിലില്ല

സുന്ദര്‍ സ്റ്റുഡിയോയുടെ ചുവരിലില്ല



തീവണ്ടി പായുമ്പോഴെല്ലാം

ചങ്ങല വലിച്ച്

കടലിലേക്കിറങ്ങിയോടുന്ന കൂട്ടുകാരനെ

പേടിക്കാരാ എന്നു കളിയാക്കുന്ന

കല്‍ക്കരിയുടെ എഞ്ചിന്‍ മുറി

ഉപ്പുകാറ്റില്‍ തുരുമ്പിച്ച്

കടലോരത്തു തന്നെ കിടക്കുന്നുണ്ട്

തുരുമ്പിക്കാന്‍ കാത്തിരിക്കുകയായിരുന്നോ

സ്മാരകം പണിയുവാനെന്ന്

ഇടയ്ക്കിടെ കടലുകാണാന്‍ പോകുമ്പോള്‍ ...

പേടിക്കാരനെ കാണാതായതിന്റെ അടയാളമാണ്

മണ്ണില്‍ തറഞ്ഞ ഇരുമ്പുകുറ്റികള്‍



കടലിരമ്പുന്നത്

തീവണ്ടി സ്വപ്നം കണ്ടിട്ടാണെന്ന്

സാമൂഹ്യപാഠത്തിലെഴുതിവെച്ച്

മായാവിയായ കൂട്ടുകാരാ

നിന്റെ കപ്പലാണോ

നടുക്കടലില്‍ നങ്കൂരമിട്ടത്?

നിന്റെ രാജ്യമാണോ കരയിലേക്ക്

വെടി പായിച്ചത്?



തീരദേശ റെയിലിനു വേണ്ടി പടിഞ്ഞാറന്‍ കടലോരത്ത് മണലില്‍ പുതഞ്ഞുപോയ അനേകം ഇരുമ്പുകുറ്റികള്‍ക്ക്.

25/7/10

തറവാട്

താവഴികൾ
വിലയിലൊക്കാത്തതു കൊണ്ട്
ഇലമുഴുവൻ കൊഴിഞ്ഞുപോയ മരം പോലെ
തറവാടിങ്ങനെ
ഒരേയൊരു നിൽ‌പ്പ്.

ഉമ്മറക്കോലായും
കോളാമ്പിയും
തുണികീറിയ ചാരുകസേരയും
വല്ല്യുപ്പയെയും
വല്ല്യുമ്മയെയും
മിസ് ചെയ്യുന്നെന്നു പറയുന്നു

നങ്ങ്യാർവട്ടം വിരിഞ്ഞ നടവഴിയിൽ
ബീഡിവലിച്ചൂതുന്ന മാമ
അലക്കുകല്ലിനെ അലക്കിവെളുപ്പിക്കുന്ന
താത്ത,
കിണറ്റിനെ ആഴങ്ങളെ
ബക്കറ്റിൽ നിറക്കുന്ന അമ്മായി
നൊസ്റ്റാൾജിയയുടെ എസ് എം എസ്
കഴിഞ്ഞകാലങ്ങളിൽ നിന്നാരോ
അയക്കുന്നതുപോലെ...

ഉമ്മ തൊടാത്ത പാത്രങ്ങളില്ലെന്നു
വീമ്പുപറയുന്ന
അടുക്കള
വാപ്പച്ചിയുടെ മണം
സിംഗപ്പൂരിന്റേതാണെന്നു പറയുന്ന
കോവണി........

വിറകു വിലക്കു വെട്ടിമാറ്റിയ
പൂമരമേ
പൂത്തുചുവന്നപ്രണയം
തുടയിലെത്ര ചുവന്നവര
വരച്ചെന്നോർക്കുന്നുണ്ടോ?

എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെ
കിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും.

24/7/10

സ്വപ്നലോകം

പാർട്ടിയിൽ നിന്ന്‌
പുറത്താക്കിയപ്പോൾ
സഖാവ്‌ കുഞ്ഞനന്തൻ
മറ്റൊരു ലോകം സാദ്ധ്യമാണോയെന്ന്‌
കള്ളുഷാപ്പിലിരുന്ന്‌ ആലോചിച്ചു.
കള്ളുഷാപ്പും
അവനെപ്പറ്റിത്തന്നെ ആലോചിച്ചു
ആലോചിച്ചാലോചിച്ച്‌
സഖാവ്‌ കുഞ്ഞനന്തനും
കള്ളുഷാപ്പിനും ദേഷ്യം വന്നു

`പാർട്ടിയോട്‌ പോഹാൻ പറ`
കള്ള്‌ ഷാപ്പ്‌ കുഞ്ഞനന്തനോട്‌ പറഞ്ഞു
കുഞ്ഞനന്തൻ
സഖാവിന്റെ പുലിനഖം വിടർത്തി
കള്ളുഷാപ്പിനെ നോക്കി പല്ലിറുമ്മി:

കള്ളുഷാപ്പിനപ്പുറത്തെ വയലോരത്ത്‌
ഫണം വിരുത്തി നിന്ന വർഗ്ഗശത്രുക്കൾ
കുഞ്ഞനന്തന്റെ ഓരോ വാക്കും വരുന്ന വഴി നോക്കി
അക്ഷമരായി കാത്തു കിടന്നു

`പാർട്ടിയെപ്പറ്റി നീയന്താ വിചാരിച്ചട്ക്കണത്‌,
പൊറത്താക്കിയാപ്പിന്നെ പാർട്ടി
ഒരു വഹയ്ക്കും കൊള്ളാത്ത പിണമാണെന്നോ`

കള്ളുഷാപ്പിനും
വർഗ്ഗ ശത്രുക്കൾക്കും
അത്ഭുതം തോന്നി:
എത്രപേർ പുറത്താക്കപ്പെട്ട ശേഷം
ഇവിടെ വന്നിരുന്ന്‌ മൂക്കറ്റം കുടിച്ചിട്ടുണ്ട്‌
സഖാവ്‌ ചാമിയാര്‌, രാഘവൻ നായര്‌,
താമിയേട്ടൻ ഒക്കെ
എല്ലാരും പറഞ്ഞതെന്താ
ഒരു മഹാരാജ്യം
റിപ്പബ്ളിക്കുകളായി പിളർന്നു പോയ പോലെ
ഹൃദയം നുറുങ്ങിപ്പോയീന്ന്,
'ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ലാന്ന്'
എന്നിട്ടിപ്പോ ഈ തീയച്ചെക്കനെന്താണ്‌ടാ
ഇങ്ങനെ പറയണത്!

`ഓന്‌ വെഷമണ്ടാവും നായരേ`
ഒരു വഴിപോക്കനോട്‌ കള്ളൂഷാപ്പ്‌ പറഞ്ഞു:
'ക്ളാസില്‌ കേറാണ്ടും വീട്ടില്‌ പോവാണ്ടും
കൊറേ കൈല്‌ കുത്തീതല്ലേ
കൊടി പിടിച്ച ചെറുപ്പമല്ലേ
കൊള്ളിമിന്നിയ പ്രസങ്കമല്ലേ
വാളും പരിചേം പിടിച്ച ചേകോനല്ലേ
വെഷമണ്ടാവാതിരിക്കില്ല'

കുഞ്ഞനന്തൻ
പിന്നേം കള്ളുഷാപ്പിനെ തുറിച്ചു നോക്കി
‘അല്ല നിങ്ങളെന്താ പാർട്ടിയെപ്പറ്റി
വിചാരിച്ചട്‌ക്കണത്‌,
ഒരാളെപ്പൊറത്താക്കിയാ
പാർട്ടി കട്ടേം പടോം മടക്കൂന്നോ,
ഇതേ പ്രസ്ഥാനം വേറ്യാ കുട്ട്യോളേ’

കള്ളുഷാപ്പിന്റെ അത്ഭുതം
മേല്ക്കൂരപൊളിച്ച്
പുറത്തേയ്ക്ക് തള്ളി.
കണ്ണു തുറിച്ചും വാ പൊളിച്ചും അതങ്ങനെ നിന്നു.
വർഗ്ഗ ശത്രുക്കൾ നിരാശരായി
പത്തിമടക്കി
മാളത്തിലേയ്ക്കു തന്നെ മടങ്ങി

കുഞ്ഞനന്തൻ
മറ്റൊരുലോകം സാദ്ധ്യമാണോ എന്ന്
കള്ളുഷാപ്പിലിരുന്ന് പിന്നെയും പിന്നെയും ആലോചിച്ചു
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ആരൊക്കെയോ വന്ന്
കൈയ്യിലും കാലിലും പിടിച്ച് തൂക്കിയെടുത്ത്
എങ്ങ്ട്ടോ കൊണ്ടോയി

ഒരിടവേളയ്ക്കു ശേഷം
മറ്റൊരു ലോകം
അവനു വേണ്ടി സൃഷ്ടിക്കപ്പെടുകയും
അതിൽ മലർന്നടിച്ചു കിടന്ന്
അവൻ സുഖമായി ഉറങ്ങുകയും ചെയ്തു

15/7/10

പ്രവാസം

മണ്ടപോയി
കുലയ്ക്കാതെയായ
തെങ്ങിന്റെ
വരണ്ട തണലിൽ നിന്നും
പഴുത്തുകുലച്ചുനിൽക്കുന്ന
ഈന്തപ്പനയുടെ
പൊള്ളുന്ന തണലിലേക്ക്
മാറുന്നതിനെയാണോ സർ
പ്രവാസം പ്രവാസം
എന്നുപറയുന്നത്?

എന്താണത്?

എന്താണത്?
എന്നും
എന്നെയിങ്ങനെ
ജീവിതത്തിൽനിന്നും മുന്നിലേക്ക്
പിടിച്ചുവലിച്ചുകൊണ്ടിരിക്കുന്നത്?
ഇടക്കെവിടെയെങ്കിലുമൊന്ന്
നിർത്തിയിരുന്നെങ്കിൽ
ഇറങ്ങിപ്പോകാമായിരുന്നല്ലോയെന്ന്
യാത്രയിൽ മുഴുവനും
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്?

14/7/10

ഇന്നു വൈകുന്നേരത്തെ മഴയില്‍

ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

13/7/10

ശേഷം

ശരീരത്തില്‍ നിന്നും
ഊരിവീണ
രക്തഞരമ്പുകള്‍
പുഴുക്കളെപ്പോലെ വളഞ്ഞ്
രണ്ടറ്റവും ചീഞ്ഞ്
നെഞ്ച് ചീഞ്ഞ്
പുളയ്ക്കുന്നു.

പ്രണയം ഉള്ളില്‍
കടന്നതാണ്‌.

9/7/10

വെറുപ്പിന്റെ വിളവെടുപ്പ്

അതെ,
അത് അവനാണ്,
അവന്‍ തന്നെയാണ്.

ഇന്നലെ,
കറുത്ത രാത്രിയുടെ
കനത്ത കമ്പിളി പുതപ്പണിഞ്ഞു വന്നവന്‍.

ഇരുളിന്റെ മറവില്‍
അവന്‍ ചെയ്തതെന്തെന്നറിയില്ല.

എങ്കിലും,
ചെയ്തത് അവനാകയാല്‍
അതൊരു ഘോരകൃത്യം
തന്നെ ആയിരുക്കുമെന്നുറപ്പാണ് .

അതെ,
അവനെ തന്നെയാണ് കൊല്ലേണ്ടത്.

അവന്റെ കൊലക്ക്,
അവന്‍ തന്നെയാണ് ഉത്തരവാദി.
അവന്‍, അവനാണെന്നതില്‍ കവിഞ്ഞ
മറ്റെന്തു കാരണമാണ് നമുക്ക് വേണ്ടത്?

ഇന്നലെ ഞങ്ങള്‍ ഇത് പറഞ്ഞിരുന്നു.
ഇന്നും ഇത് തന്നെ പറയുന്നു.
നാളെയും പറഞ്ഞു കൊണ്ടിരിക്കും.

അങ്ങിനെ നമ്മുടെ
ഹൃദയങ്ങള്‍ തിളക്കട്ടെ.

തിളച്ചു, തിളച്ചു, തിളച്ചു,
കനിവിന്റെ അവസാനത്തെ
നനവും വറ്റിയാല്‍...
പിന്നെ,
പുകഞ്ഞു കരിയാന്‍ തുടങ്ങും.

കരി പിടിച്ച ഹൃദയങ്ങള്‍
നിര നിരയായി ജാഥ നടത്തുന്നത്,
എത്ര മനോഹരം!

ആഘോഷിക്കുക,
വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

7/7/10

നിശ്ശബ്ദ കവിതകള്‍ /ചിത്രഭാനു




ചിപ്പികള്‍ കോര്‍ത്ത് മാലയിട്ടു നടക്കുമ്പോള്‍
ആരറിഞ്ഞു അതിലൊരു
കടല്‍ വറ്റിക്കിടപ്പുണ്ടെന്ന്.....

ഇല്ല. ഞാനിനി മഴവില്‍നിറങ്ങളെ
തേടിയലയില്ല
ആ അരിവാള്‍ മൂര്‍ച്ഛയില്‍
ഞാനറുക്കപ്പെട്ടാലോ....

2

എന്ത്....
ഞാനെന്തിനീ
മഞ്ചാടി മണികള്‍ പെറുക്കുന്നുവെന്നോ...

അതില്‍ നാം
പരസ്പരം നഷ്ടപ്പെടുത്തിയ കാലം
ഒളിച്ച് കിടപ്പുണ്ട്

അടവെച്ചടവെച്ചതിനെയെനിക്ക്...
ക്ഷമിക്കണം..
നമുക്ക് വിരിയിക്കണം.


3

വാക്കുകള്‍ക്കിടയില്‍ നീകുറിക്കുന്ന
മൗനത്തിലൂടെയാണ്
ഞാന്‍
നിന്നെ കേള്‍ക്കുന്നത്


4

വഴിവിളക്കുകള്‍ നമുക്കെന്താണ് നല്‍കുന്നത്..?
വെളിച്ചം?
വഴി?
ജീവിതം?

അല്ല

ഇരുള്‍നിറഞ്ഞ യാത്രയില്‍
വഴികള്‍ നല്‍കുന്ന
സ്നേഹോപഹാരങ്ങളാണ്

ഈ വഴിവിളക്കുകള്‍

6/7/10

നീലക്കണ്ണുള്ള പൂച്ച

എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച്.....

പണ്ട്
സ്കൂളിൽ നിന്നുള്ള
പാതയോരത്ത്
മ്യാവൂ മ്യാവൂ എന്നൊരു
ക്ഷണക്കത്തുമായി
അരുമയായി നില്ക്കുമായിരുന്നു.

വഴിയോരത്തെ
ടാപ്പിൽ നിന്ന്
വെള്ളം കുടിക്കുമ്പോൾ
സ്നേഹത്തിന്റെ നനവു കൊണ്ട്
കാലുരണ്ടും
നക്കിത്തുടയ്ക്കുമായിരുന്നു.

എന്നിരുന്നാലും
പൂച്ചകളെ
എനിക്കിഷ്ടമായിരുന്നില്ല;
അതിന്റെ പതുമ്മിപ്പതുമ്മിയുള്ള വരവും
വല്ലാത്ത അരുമഭാവവും
സ്ത്രീകളുടേതുപോലുള്ള
കൊഞ്ചിക്കുഴഞ്ഞുള്ള കീഴടങ്ങലും
പ്രലോഭിപ്പിക്കുന്ന
വിളയാട്ടങ്ങളും
ഒന്നും

ദേഹത്തുകയറാൻ
വരുമ്പോഴൊക്കെ
ഞാനതിനെ ചുരുട്ടിയെടുത്ത്
ദൂരേയ്ക്കെറിഞ്ഞിട്ടുണ്ട്
അപ്പോഴൊക്കെ
അതിന്റെ നീലക്കണ്ണുകളിൽ
പൂർവജന്മത്തിലെ
ഒരിക്കലും അനുഭവിച്ചുതീരാത്ത
പ്രണയത്തിന്റെ ദാഹം
ഓളം വെട്ടിയിരുന്നു.
അതിൽ
കാമുകൻ ചതിച്ചുകൊന്ന
ഒരിംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ആഴമുണ്ടായിരുന്നു.

എങ്കിലും പൂച്ചകളെ
എനിക്കുവെറുപ്പായിരുന്നു,
പരിഭവത്തിന്റെ ചായം പൂശിയാലും
പൊടുന്നനെ
ആക്രാമകമായി
നീണ്ടുവരുന്ന
പല്ലും നഖങ്ങളും കാരണം,
മീൻമണമോ പാൽമണമോ ഉള്ള
മീശകാരണം

വേശ്വേടത്തിയുടെ
കല്യാണത്തിന്‌
ഉരുളിനിറയെ
പുലർച്ചയ്ക്കുമുൻപേ
വെച്ചുണ്ടാക്കിയപായസത്തിൽച്ചാടി
കല്യാണമാകെ
അലങ്കോലമാക്കിയപ്പോൾ
ചെല്ലപ്പേട്ടൻ
അതിനെ അപ്പോത്തന്നെ
ചാക്കിലിട്ട് കല്ലുകെട്ടി
കുറച്ചകലെയുള്ള
പൊട്ടക്കിണറ്റിലിട്ടു.

വെള്ളത്തിലേക്ക്
വീഴുന്ന വീഴ്ചയിൽ
മ്യാവൂ മ്യാവൂ എന്ന്
കണ്ടുനിന്നവരുടെ കരളിലള്ളിപ്പിടിച്ചു.

അതവിടെക്കിടന്ന്
ശ്വാസം മുട്ടി ശ്വാസം മുട്ടി
സ്നേഹത്തിന്റെ നാവുകൊണ്ട്
വെള്ളത്തിന്റെ കാലുകൾ
നക്കിത്തുടച്ചിരിക്കണം.

കല്യാണപ്പുലർച്ചക്ക്
വേശൂനെക്കാണാനില്ല
വെശൂനെക്കാണാനില്ല
എന്ന ബഹളത്തോടൊപ്പം
വീട് ക്ഷീണംവിട്ട്
കണ്ണുതുറന്നപ്പോൾ
വാടിയ പ്രകാശത്തിനു താഴെ
പൊട്ടക്കിണറിനു ചുറ്റും
കണ്ണീരുവീണ്‌ പടർന്ന
മഷിവട്ടം പോലെ
അനേകമാളുകൾ
തിങ്ങിക്കൂടി
നില്പുണ്ടായിരുന്നു

ഇംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ഭാവത്തിന്മേൽ
നീലക്കണ്ണുപതിപ്പിച്ച
ആ പൂച്ചയെ
ഞാനെത്രവട്ടം
കണ്ടിട്ടുള്ളതാണ്‌
വേശ്വേടത്തിയുടെ മടിയിൽ

ആളുകൾക്കിടയിലൂടെ
ഞാൻ
എത്തിനോക്കി:

ഇരുൾമുടികൾ വീണ
ആഴത്തിന്റെ
മടിത്തട്ടിലെവിടെയെങ്കിലുമൂണ്ടോ
ആ നീലക്കണ്ണുള്ള പൂച്ച?

4/7/10

അത്തി മരത്തിലെ കുരങ്ങന്‍

അക്കര കടക്കണമെങ്ങനെയും, ഈ-
അത്തിമരത്തിലെത്രനാളിങ്ങനെയേകാന്തം.

ഒട്ടുനിന്നോടടുത്തെന്നു നടിച്ചോ ചിരിച്ചോ,
കടന്നുകിട്ടണമീ പരാവാരം ,ഓര്‍ക്കുക
കടന്നുകിട്ടുവോളം നാരായണ;മഹാനഗരമേ
നിന്നോടൊട്ടുമില്ലെനിക്കു താദാത്മ്യമമിറ്റുതാല്പര്യവും.
വാപിളര്‍ത്തികുതിച്ചെത്തേണ്ട നീ; നിന്‍-
രോഗശാന്തിക്കായെന്‍ ചിത്തമേകില്ലാഹരിക്കുവാന്‍.

ചേറുതിന്നുമദിച്ചും പുളഞ്ഞും,
ചെറുജീവിതങ്ങളെ കൊന്നു തള്ളിയും
എത്രമേലിങ്ങനെ തടിച്ചു കൊഴുത്താലും,
വിട്ടുപോകുവാനാകില്ല നിനക്കൊരിക്കലുമീ-
ചെളിക്കുളം, അത്രമേലഗാധമാഴത്തില്‍
ഹൃത്തില്‍ പേറുന്നുണ്ടതു നീ-അതു നിന്നെയും.

ഒറ്റമരത്തിലെക്കുരങ്ങനെങ്കിലും ഞാന്‍‍,
വനദേവതകള്‍ പോറ്റിവളര്‍ത്തിയോന്‍;
പല പരമ്പരകളിലേയ്ക്കു പടര്‍ന്നു പന്തലിച്ച,
മഹാവൃക്ഷങ്ങശിഖരങ്ങളില്‍ ആദ്യപാഠമഭ്യസിച്ചവന്‍.
വഴിമുടക്കുവാനാകില്ല നിനക്കീ-
കൊച്ചുപാദം തളരില്ലൊരിയ്ക്കലും