6/7/10

നീലക്കണ്ണുള്ള പൂച്ച

എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച്.....

പണ്ട്
സ്കൂളിൽ നിന്നുള്ള
പാതയോരത്ത്
മ്യാവൂ മ്യാവൂ എന്നൊരു
ക്ഷണക്കത്തുമായി
അരുമയായി നില്ക്കുമായിരുന്നു.

വഴിയോരത്തെ
ടാപ്പിൽ നിന്ന്
വെള്ളം കുടിക്കുമ്പോൾ
സ്നേഹത്തിന്റെ നനവു കൊണ്ട്
കാലുരണ്ടും
നക്കിത്തുടയ്ക്കുമായിരുന്നു.

എന്നിരുന്നാലും
പൂച്ചകളെ
എനിക്കിഷ്ടമായിരുന്നില്ല;
അതിന്റെ പതുമ്മിപ്പതുമ്മിയുള്ള വരവും
വല്ലാത്ത അരുമഭാവവും
സ്ത്രീകളുടേതുപോലുള്ള
കൊഞ്ചിക്കുഴഞ്ഞുള്ള കീഴടങ്ങലും
പ്രലോഭിപ്പിക്കുന്ന
വിളയാട്ടങ്ങളും
ഒന്നും

ദേഹത്തുകയറാൻ
വരുമ്പോഴൊക്കെ
ഞാനതിനെ ചുരുട്ടിയെടുത്ത്
ദൂരേയ്ക്കെറിഞ്ഞിട്ടുണ്ട്
അപ്പോഴൊക്കെ
അതിന്റെ നീലക്കണ്ണുകളിൽ
പൂർവജന്മത്തിലെ
ഒരിക്കലും അനുഭവിച്ചുതീരാത്ത
പ്രണയത്തിന്റെ ദാഹം
ഓളം വെട്ടിയിരുന്നു.
അതിൽ
കാമുകൻ ചതിച്ചുകൊന്ന
ഒരിംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ആഴമുണ്ടായിരുന്നു.

എങ്കിലും പൂച്ചകളെ
എനിക്കുവെറുപ്പായിരുന്നു,
പരിഭവത്തിന്റെ ചായം പൂശിയാലും
പൊടുന്നനെ
ആക്രാമകമായി
നീണ്ടുവരുന്ന
പല്ലും നഖങ്ങളും കാരണം,
മീൻമണമോ പാൽമണമോ ഉള്ള
മീശകാരണം

വേശ്വേടത്തിയുടെ
കല്യാണത്തിന്‌
ഉരുളിനിറയെ
പുലർച്ചയ്ക്കുമുൻപേ
വെച്ചുണ്ടാക്കിയപായസത്തിൽച്ചാടി
കല്യാണമാകെ
അലങ്കോലമാക്കിയപ്പോൾ
ചെല്ലപ്പേട്ടൻ
അതിനെ അപ്പോത്തന്നെ
ചാക്കിലിട്ട് കല്ലുകെട്ടി
കുറച്ചകലെയുള്ള
പൊട്ടക്കിണറ്റിലിട്ടു.

വെള്ളത്തിലേക്ക്
വീഴുന്ന വീഴ്ചയിൽ
മ്യാവൂ മ്യാവൂ എന്ന്
കണ്ടുനിന്നവരുടെ കരളിലള്ളിപ്പിടിച്ചു.

അതവിടെക്കിടന്ന്
ശ്വാസം മുട്ടി ശ്വാസം മുട്ടി
സ്നേഹത്തിന്റെ നാവുകൊണ്ട്
വെള്ളത്തിന്റെ കാലുകൾ
നക്കിത്തുടച്ചിരിക്കണം.

കല്യാണപ്പുലർച്ചക്ക്
വേശൂനെക്കാണാനില്ല
വെശൂനെക്കാണാനില്ല
എന്ന ബഹളത്തോടൊപ്പം
വീട് ക്ഷീണംവിട്ട്
കണ്ണുതുറന്നപ്പോൾ
വാടിയ പ്രകാശത്തിനു താഴെ
പൊട്ടക്കിണറിനു ചുറ്റും
കണ്ണീരുവീണ്‌ പടർന്ന
മഷിവട്ടം പോലെ
അനേകമാളുകൾ
തിങ്ങിക്കൂടി
നില്പുണ്ടായിരുന്നു

ഇംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ഭാവത്തിന്മേൽ
നീലക്കണ്ണുപതിപ്പിച്ച
ആ പൂച്ചയെ
ഞാനെത്രവട്ടം
കണ്ടിട്ടുള്ളതാണ്‌
വേശ്വേടത്തിയുടെ മടിയിൽ

ആളുകൾക്കിടയിലൂടെ
ഞാൻ
എത്തിനോക്കി:

ഇരുൾമുടികൾ വീണ
ആഴത്തിന്റെ
മടിത്തട്ടിലെവിടെയെങ്കിലുമൂണ്ടോ
ആ നീലക്കണ്ണുള്ള പൂച്ച?

4 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

kollaam Anil. Ennaalum anubhavavedyamaayilla theevramaayi. iniyum ezhuthu. asamsaklode.

Pranavam Ravikumar പറഞ്ഞു...

Nannayi.....

ജസ്റ്റിന്‍ പറഞ്ഞു...

നല്ല കവിത തന്നെ

എന്‍.ബി.സുരേഷ് പറഞ്ഞു...

ചിലതുണ്ട് സ്നേഹങ്ങൾ;എത്ര തലോടിലും
കുറുകി വാൽ‌പൊക്കിപ്പരിഭവിക്കുന്നവ.
ചിലതുണ്ട് ഖേദങ്ങൾ; എത്ര കൈമാറിലും
കയറിൽ തിരിഞ്ഞു നോക്കീട്ടമറുന്നവ
ചിലതുണ്ട് മോഹങ്ങൾ;ചിറകറുത്തീടിലും
ഉയരം കിനാക്കണ്ട് തൂവൽ കോതുന്നവ.
ചിലതുണ്ട് കൂറുകൾ പുഴ കടത്തീടിലും
തിരികെത്തുഴഞ്ഞു വാലാട്ടി വരുന്നവ.
(ചിലത്-സച്ചിദാനന്ദൻ)

അതിനെയൊക്കെ നമ്മുടെ മനസ്സിൽ നിന്നും ഇറക്കിവിടുമ്പോൾ നാം തന്നെയല്ലേ ഇറങ്ങിപ്പോകുന്നത്.

പൂച്ച മാത്രമല്ല കവിതയിലെ ദു:ഖം.