പഠിച്ച സ്കൂളില്‍
ഞങ്ങള്‍ താമസിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ അറിവ്
ഒരഭയമാകുന്നതുപോലെ
...........................................
പഠിച്ച സ്കൂളിന്റെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും ഒരു സ്കൂള്‍
(സ്കൂള്‍ / ബിനു എം. പള്ളിപ്പാട്)
ഓര്‍മ്മയുടെ അരം കൊണ്ട് മുറിയുന്ന വാക്കുകളാണ് ബിനു എം. പള്ളിപ്പാടിന്റെ 'പാലറ്റി'ല്‍ ഉള്ളത്. വളച്ചുകെട്ടില്ലാതെ ചരിത്രത്തെ കവിതയില്‍ പിടിച്ചുവെയ്ക്കുന്നു ബിനു. പഠിച്ച സ്കൂള്‍ കവിക്ക് ജീവിതത്തിന്റെ പാഠപുസ്തകമല്ല. അനിവാര്യമായ അഭയം മാത്രമാണ്. ഗൃഹാതുരതയെ പുനരാനയിക്കലല്ല ഈ ഓര്‍ത്തെഴുത്ത്. അനുഭവിച്ച നേരുകളെ വേരോടെ കവിതയില്‍ നടുന്ന/ വൈയക്തിക ഓര്‍മ്മയെ ചരിത്രവല്ക്കരിക്കുന്ന എഴുത്തിന്റെ രാഷ്ട്രീയമാണത്. നഷ്ടബോധത്തിന്റെയോ വീണ്ടെടുപ്പിന്റെയോ ശീതളച്ഛവിയല്ല 'പാലറ്റി'ലെ കവിതകള്‍ പകര്‍ന്നുതരുന്നത്. ഓര്‍മ്മ ഒരുതരം സമരമായാണിവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇടഞ്ഞുനില്‍ക്കുന്ന ഓര്‍മ്മയെ മെരുക്കുക എന്നതത്രേ ഈ കവിതകളുടെ ഇച്ഛ. ഭക്തിപ്രസ്ഥാനത്തിനും ഉത്തരാധുനികതയ്ക്കും ഇടയില്‍ ഈ കവി ക്ഷുഭിതയൗവ്വനങ്ങളുടെ വിഫലസ്വപ്നങ്ങളെ ചേര്‍ത്തുവെയ്ക്കുന്നു. രൂപാന്തരപ്പെട്ട ഒരു കാലത്തിന്റെ കണക്കെടുപ്പാണിവിടെ കവിത. അതില്‍ അശരണമായ ഒരു നിലവിളിയുണ്ട്. കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത ഒരാദര്‍ശത്തിന്റെ വഴുക്കുന്ന ഉപമകളുണ്ട്.
നെഞ്ചുതടവുമ്പോള്
കൈമുറിയുന്ന
ചിലര്‍
ഇപ്പോഴും
ജീവിച്ചിരിപ്പുണ്ട്
വസന്തം പിടിച്ച്
ചൊമച്ച് ചൊമച്ച്
(വസന്തത്തിന്റെ ഇടിമൊഴക്കം)
ഇത് ഗതകാലത്തെ കാല്‍പ്പനികമായി രേഖപ്പെടുത്തുകയല്ല, മറിച്ച് കാല്പ്പനികവത്കരിക്കപ്പെട്ട കാലത്തെ പുതിയ കാവ്യരീതിയില്‍ നിന്നുകൊണ്ട് നോക്കിക്കാണുകയാണ്. ഏറ്റിവെച്ച ഭാരങ്ങളൊക്കെയും അയത്നലളിതമായി ഇറക്കിവെയ്ക്കാന്‍ കഴിയുന്ന ഓര്‍മ്മയുടെ ഈ പിരിച്ചെഴുത്താണ് പള്ളിപ്പാടിലെ കവിയെ ജാഗരൂകനാക്കുന്നത്. നാം പങ്കിട്ട പൗരത്വവും ആദര്‍ശജീവിതവും അലങ്കാരങ്ങളില്ലാതെ പ്രശ്നവല്കരിക്കുന്ന എഴുത്തകം ബിനുവിന്റെ പല കവിതകളിലും വായിക്കാം.
'മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍സ് 'എന്ന കവിത നോക്കുക. ഋതുക്കള്‍ നിര്‍വ്വ(ഹി)ചിക്കപ്പെട്ട സൗന്ദര്യത്തില്‍ നിന്നും ഒളിച്ചുകടത്തപ്പെടുന്നു ഇവിടെ. അതിനാല്‍ നികൃഷ്ടമായ ഋതുക്കളുണ്ടാകുന്നു. വളംകടിയുടെ കാലം, അണയ്ക്കുന്ന വിശപ്പിന്റെയും നാറിപ്പോലീസുകാരുടേയും ശിശിരം, കണ്ണീച്ചകളുടെയും കെട്ട പഴങ്ങളുടെയും കാലം എന്നിങ്ങനെ അസൗന്ദര്യത്തെ സൗന്ദര്യമായി പ്രയോഗിക്കുന്ന മറുപാഠമുണ്ടാകുന്നു. പോസ്റ്ററൊട്ടിച്ചും പൊറോട്ട തിന്നും ചുവരെഴുതിയും നടന്ന ദിവസങ്ങളിലെ രാഷ്ട്രീയജീവിതത്തെ എഴുതുമ്പോഴും മനുഷ്യച്ചങ്ങല കഴിഞ്ഞ് വഴിതെറ്റിയതും കവിതയാവുമ്പോള്‍ വെളിപ്പെടുന്നത് മുഖ്യധാരാ രാഷ്ട്രീയ ശരികള്‍ക്ക് പിറകില്‍ അരികുചേര്‍ക്കപ്പെട്ട പൗരാനുഭവമാണ്. സമൂഹനിര്‍മ്മിതിയിലെ ഈ പൗരത്വത്തെ സങ്കടഭരിതമായ പൂര്‍വ്വകാലം എന്ന നിലയ്ക്കല്ല വായിക്കേണ്ടത്. അരക്ഷിതമായ(?) പൗരത്വത്തിന്റെ രേഖപ്പെടാതെ പോകുന്ന സാമൂഹ്യപാഠം കൂടിയാണിവ. സമത്വവും സോഷ്യലിസവും സ്വപ്നം കണ്ടവന്റെ നിരാഹാരവ്രതങ്ങള്‍ അധികാരരൂപങ്ങള്‍ക്ക് മുന്നില്‍ അപഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ആശ നശിച്ച കാലത്തില്‍ ഈ കവി ഭ്രാന്തുപറയുകയും പൂക്കള്‍ കൊരുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നിറയെ മുഖക്കുരുവുള്ള ദൈവത്തെ പ്രതീക്ഷിക്കുന്നു. അത് മലയാളകവിതയുടെ ചരിത്രത്തോടും വര്‍ത്തമാനത്തോടും സംവാദമുയര്‍ത്തുന്ന പ്രതിഭാവനയുടെ എഴുത്തായും മാറുന്നു.
3 അഭിപ്രായങ്ങൾ:
വായിക്കാന്‍ തോന്നുന്നു
പുതുമയുള്ളതും വായിക്കേണ്ടതുമായ ഈ കവിതാസമാഹാരത്തിലെ ചില കവിതകളുടെ വായന പുസ്തകം വാങ്ങാനും മുഴുവന്‍ കവിതകളും വായിക്കാനും മോഹിപ്പിക്കുന്നുണ്ട്.പുസ്തകം വാങ്ങാനാവത്തതില്(പോയ സ്ഥലത്തൊന്നുംകിട്ടിയില്ല)നിരാശയുമുണ്ട്... കുറച്ചുകൂടിയൊക്കെ എഴുതാമായിരുന്നു,സുധീഷ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ