മൊഴിമാറ്റം ബിജുരാജ്
ഫലസ്തീന്‍ കവിത
നദാലി ഹന്‍ദാല്‍
ബെത്‌ലെഹേം
രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു.
മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി;
വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയേയും പട്ടണത്തേയും കാത്തുവെച്ചു.
ഞാന്‍ ബെത്‌ലെഹേം കണ്ടു.
എല്ലാം പൊടി നിറഞ്ഞ ഒഴിഞ്ഞ പട്ടണം.
ഒരു വാര്‍ത്താപത്രത്തിന്റെ കീറിയ ശകലം
അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും എവിടെയായിരുന്നിരിക്കും?
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു.
എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം-
എന്റെ മുത്തശ്ശന്‍ വന്നയിടം?
കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി.
ഒലിവുമരങ്ങളും കണ്ണീരും ഓര്‍മ്മിക്കുന്നത് തുടര്‍ന്നു.
ഞാന്‍ പട്ടണത്തിലൂടെ നടന്നു.
വെള്ളമേല്‍ക്കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ.
അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘നിങ്ങളല്ലേ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?‘
എന്നെ ഒന്നു നോക്കിയ ശേഷം അയാള്‍ അവിടം വിട്ടുപോയി.
ഞാനയാളെ പിന്തുടര്‍ന്നു-
എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ചോദിച്ചു?
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി അറിഞ്ഞു;
തന്റെ കാല്‍ച്ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍
അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു.
മൊഴിമാറ്റം:ബിജുരാജ്
ഫലസ്തീന്‍ കവിയും എഴുത്തുകാരിയും നാടകകൃത്തുമാണ് നദാലി ഹന്‍ദാല്‍.1969ല്‍ ഹെയ്തിയില്‍ ജനിച്ചു.ബെത്‌ലെഹേമില്‍ നിന്നുള്ളവരാണ് അച്ഛനും അമ്മയും.യൂറോപ്പ്,അമേരിക്ക,കരീബിയ,ലാറ്റിന്‍ അമേരിക്ക,അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചു.ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ചിലത് നിര്‍മ്മിക്കുകയും ചെയ്തു.വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.‘ലൌ ആന്‍ഡ് സ്ട്രെയിഞ്ച് ഹോഴ്സസ്‘,‘ദ ലിവ്സ് ഓഫ് റെയ്‌ന്‍‘,‘ദ നെവര്‍ ഫീല്‍ഡ്’ തുടങ്ങിയവയാണ് കൃതികള്‍.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മൊഴിമാറ്റം: ബിജുരാജ്
രണ്ട് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍
ക്‍ജഫില ഒയ മഗോഗോഡി
ഓടുന്ന ഭക്ഷണം
മുത്തശ്ശി പറയുമായിരുന്നു
ഓടുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന്.
പക്ഷേ ഈ ദിനങ്ങളില്‍ പാത്രങ്ങള്‍ക്ക്
കാലുകള്‍ മുളച്ചിരിക്കുന്നു
ഭക്ഷണം ഓടിക്കൊണ്ടിരിക്കുന്നു.
ആവശ്യക്കാരനില്‍ നിന്ന്
അത്യാഗ്രഹിയിലേക്ക്.
അരങ്ങ്
ദൈവം ഉണ്ടായിരുന്നു
ഇവിടെ.
ഓടിയകന്നു.
കവി അരങ്ങിലേക്ക്
വന്നപ്പോള്‍.
ക്‍ജഫില ഒയ മഗോഗോഡി 1968 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹെന്നസ് ബര്‍ഗില്‍ ജനിച്ചു.ജാസ് സംഗീതകാരന്‍,കവി,നാടക സംവിധായകന്‍,അധ്യാപകന്‍,എന്നീ നിലകളില്‍ പ്രശസ്തന്‍.വിറ്റ്വാട്ടേഴ്സ് സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.രാജ്യാന്തര ഷോകളില്‍ നാടകവും സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.‘ദ കോണ്ടം കം’,‘ഔട്ട് സ്പോക്കണ്‍’,‘ഐ മൈക്ക് വാട്ട് ഐ ലൈക്ക്’ എന്നിവയാണ് കൃതികള്‍.
മൊഴിമാറ്റം വെള്ളെഴുത്ത്
സിറിയന്‍ കവിത
അഡോണിസ്
Courtesy Photo: Petr Machan/Prague Writers' Festival
കസേര
(ഒരു സ്വപ്നം)
വളരെ നാളുകൾക്ക് മുന്‍പ്
നഗരത്തെനോക്കി
ഞാന്‍ നിലവിളിച്ചിരുന്നു :
ഉള്ളുപൊള്ളയായ ലോകമേ
നിന്നെയാണല്ലോ ഞാൻ കൈകളിൽ
മുറുക്കിപ്പിടിച്ചിരിക്കുന്നത്
നാളുകൾക്ക് മുൻപ്,
കപ്പലിനെ നോക്കി ഞാന്‍
കലമ്പിയിരുന്നു
റോസാദളങ്ങളേക്കാൾ ചുവന്ന
തീജ്വാലകൾക്കുള്ളിൽ നിന്നാണ്
എന്റെ പാട്ടു് വരുന്നത്.
അല്ലെങ്കിൽ
അവ ഒന്നുമല്ല.
ഇപ്പോൾ
തീരെ വയ്യ.
കുട്ടികളേ,
നിങ്ങളും
കടലുകളും
എന്നെ തളർത്തിയിരിക്കുന്നു.
എനിക്ക്
എന്നെ തന്നെ മടുത്തിരിക്കുന്നു.
പേരക്കുഞ്ഞുങ്ങളേ,
ഇനി ആ കസേരയിങ്ങു കൊണ്ടു വരുമോ?
അഡോണിസ്
അലി അഹമ്മദ് സെയ്ദ് എന്നാണ് ശരിയായ പേര്. 1930 ൽ സിറിയയിൽ ജനിച്ചു. വിഅമർശകനും വിവർത്തകനും കവിയും പത്രാധിപരുമായ ‘അഡോണിസ്’ സമകാല അറബ് സാഹിത്യത്തിൽ ഏറ്റവും അധികം അറിയപ്പെടുന്ന വ്യക്തിത്വമാണ്. The Blood of Adonis, Transformations of the Lover, If Only the Sea Could Sleep, The Pages of Day and Night, A Time Between Ashes And Roses തുടങ്ങിയ കൃതികൾ ഇംഗ്ലീഷിൽ ലഭ്യമാണ്.
മൊഴിമാറ്റം കാഞ്ചന ജെ എസ്
ഇംഗ്ലീഷ് കവിത
ക്രിസ്റ്റീന ജോർജിന റോസ്സെറ്റി
ചിലപ്പോൾ ഞാൻ ഓർമ്മകളിൽ ജീവിക്കും
പ്രിയപ്പെട്ടവരേ,
ഞാൻ മരിച്ചാൽ എനിക്കു വേണ്ടി
ദുഃഖഗാനങ്ങൾ ആലപിക്കരുതേ;
റോസാപുഷ്പങ്ങൾ കൊണ്ട്
ശിരസ്സ് അലങ്കരിക്കരുതേ;
സൈപ്രസ് മരത്തിന്റെ തണലിൽ
കിടത്തരുതേ;
മഴയും മഞ്ഞുതുള്ളികളും നനഞ്ഞ
പച്ചപുല്ലുകൾ എനിക്കുമീതേ വളരട്ടേ
അവ, ഉണങ്ങിയാൽ ഓർമ്മിക്കുക
അവ ഉണങ്ങിയാൽ, മറന്നേക്കുക
ഞാൻ നിഴലുകൾ കാണില്ല
മഴയെ അറിയില്ല
രാപ്പാടിക്കുയിലിന്റെ വേദന നിറഞ്ഞ
ഗാനം കേൾക്കില്ല
ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത
നാട്ടുവെളിച്ചത്തിലിരുന്ന്
കിനാവു കാണുകയാണു ഞാൻ
ചിലപ്പോൾ
ഞാൻ ഓർമ്മകളിൽ ജീവിക്കും
ചിലപ്പോൾ
ഞാൻ വിസ്മരിക്കപ്പെടും.
ക്രിസ്റ്റീന ജോർജിന റോസ്സെറ്റി
(1830- 1894) ലണ്ടനിൽ ജനനം. Goblim Market എന്ന ദീർഘകാവ്യം സാഹിത്യലോകത്ത് പ്രശസ്തയാക്കി. The Prince's Progress and Other Poems, In the Bleak midwinter, Up-Hill, Love come down at Christmas, All flesh is grass എന്നിവ പ്രധാനകൃതികൾ.
കാഞ്ചന ജെ എസ്
പ്ലസ് വൺ ശാസ്ത്രം
ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
കരമന, തിരുവനന്തപുരം
11 അഭിപ്രായങ്ങൾ:
കവിതകള്‍ തന്നതിന് ബൂലോക കവിതയ്ക്കും വിവര്‍ത്തകര്‍ക്കും നന്ദി:)
ശ്രദ്ധേയമായ രചനകൾ.
അവസരം തന്നതിന് വിഷ്ണുമാഷിനും മറ്റെല്ലാവർക്കും നന്ദി.
കവിതാദിനം സമ്പന്നമാക്കി... കവിതകളും വിവർത്തനവും ഉഗ്രൻ .നൽകാതിരിക്കാൻ വയ്യ, വിഷ്ണുപ്രസാദിന് ഒരു ഷേക്ക് ഹാൻഡ്.
mozhimatta kavithakal vaayichu. vishadathinteyum, hrudayam murivettu padunnathinteyum, anikchithathinteyum khaneebhavicha manjuthullikal. bijurajinum vellezhuthinum js num thanks.
kavithadinathile virunnine vishnuvinu thanks. page lay outinum.
kavithadinathile virunnine vishnuvinu thanks. page lay outinum.
hrithayathinte shonithamavukayanu kavithakal.jeevaswasam pole ava ennil nirayunnu......
വായനയാൽ നിറഞ്ഞ ഒരു ദിനം!!!
അഭിനന്ദനീയം
Nannayirikkunnu
വല്ലാത്ത ഫീലിംഗ് ഉള്ള കവിതകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ