15/3/10

തീറ്റക്കാരന്‍

കുടവയറുള്ള
ഒരു തീറ്റക്കൊതിയനായി
മരണത്തെ സങ്കല്‍പിക്കാന്‍
കവിയാവണമെന്നില്ലെന്ന്‌
അറിയാഞ്ഞിട്ടല്ല.

ചിലപ്പോള്‍
ഒരു
കൊച്ചു ചായക്കടയില്‍ കയറി
പാത്രം നക്കിത്തുടച്ച്‌
വിരലഞ്ചുമീമ്പിക്കുടിച്ച്‌
ഒരൊറ്റപ്പഴവുംതിന്ന്‌
ഏമ്പക്കംവിട്ടെഴുന്നേല്‍ക്കുന്ന കാഴ്ച
ആരാണ്‌ മറന്നിട്ടുണ്ടാവുക!

മറ്റൊരിക്കല്‍
പിറന്നാളിനോ സപ്തതിക്കോ
നീളത്തില്‍ മുറിച്ച തൂശനിലമേല്‍
കണ്ണിമാങ്ങയച്ചാര്‍ തൊട്ട്‌
പപ്പടവും പായസവും കൂട്ടി,
എരിശ്ശേരിയും പുളിശ്ശേരിയും
ഓലനും കാളനും കൂട്ടി
പച്ചടിയും കിച്ചടിയുമായി
നൂറ്റൊന്നുകൂട്ടം കറിയിട്ട്‌
നിര്‍ത്താതെ നിര്‍ത്താതെ
കുഴച്ചുണ്ണുന്നത്‌ കാണുമ്പോള്‍
ആര്‍ക്കാണ്‌
ശ്വാസം മുട്ടാതിരുന്നിട്ടുള്ളത്‌!

കുറേനാള്‍
പട്ടിണിയായി നിരത്തിലൂടെ നടന്ന്
ഒരു
ചെറിയ കിണ്ണത്തില്‍ കിട്ടിയ ചോറ്‌
കറിയൊന്നുമില്ലാതെ
ഒരൊറ്റയുരുളയായ്‌ വിഴുങ്ങിയിട്ട്‌
മതിവരാതെ
പാത്രത്തിലേക്ക്‌ നോക്കി
സങ്കടപ്പെടുന്നതു കാണുമ്പോള്‍
ആര്‍ക്കാണ്‌ കരച്ചില്‍ വരാതിരിക്കുക.

കഷ്ടം!
ഏതു ദുഷ്ടനാണിതിനെ
ഇങ്ങനെയൊരു
പെരുവയറനായി സൃഷ്ടിച്ചത്‌!