8/2/10

അരിയുടെ വിലയിന്നെത്തറയാ

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുന്നു
തോട്ടുവരമ്പിന്നപ്പുറമോ
വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ്

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുമ്പോൾ
വയലിൽ നിന്നൊരു വിളിപൊങ്ങി
നടുവെയിലിൽ കുത്തനെ നിൽക്കുന്നു
നടുവെയിലും കുന്നനെ നിൽക്കുന്നു

വയലിൽ കേട്ടതു കേട്ടോ എന്ന്
കൊക്കുകളോടും ചോദിച്ചു
വയലിൽ കേട്ടതു കേട്ടോ എന്ന്
കാക്കകളോടും ചോദിച്ചു
കാക്കളാട്ടെ കൊക്കുകളാട്ടെ
ബൊമ്മകൾ പോലെ നിൽക്കുന്നു
വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു.

തോട്ടിൽ നിന്നൊരു മീൻ‌കൊത്തി
മീൻ‌കൊത്തിയുയർന്നുപറക്കുന്നു.
ഉച്ചയ്ക്കൂണിന് അരിയുംവാങ്ങി
പോവുകയാണ് മറക്കണ്ട
തോട്ടുവരമ്പേ രമ്പേ അമ്പേ
വീട്ടിനു നേരേ പായുന്നു, ഞാൻ
വീട്ടിനു നേരേ പായുന്നു.

കൈതക്കൂടൽ കഴിയും മുൻപേ
വയലിൽ വീണ്ടും വിളിപൊങ്ങി
തോട്ടുവരമ്പതുകേട്ടുവിറച്ചു
കാക്കകൾ,കൊക്കുകൾ
ഞെട്ടിയുയർന്നു
കൈതക്കൂടൽ കാറ്റിലുലഞ്ഞു
വിറകുകണക്ക് വരണ്ടൂ ഞാൻ
വയലിൽ കണ്ണുവിതയ്ക്കുമ്പോൾ
പെറ്റുതളർന്നൊരു വയലിലതാ
ഒരു കലപ്പനാവു തിളങ്ങുന്നു
“പറയെട ചെക്കാ പറയെട പറയ്
അരിയുടെ വിലയിന്നെത്തറയാ..”

18 അഭിപ്രായങ്ങൾ:

Me പറഞ്ഞു...

ശ്രമം അഭിനന്ദനീയം . പക്ഷേ.

Unknown പറഞ്ഞു...

ബൂലോക കവിതയുടെ എഡിറ്റര്‍മാര്‍
കൊള്ളാം..ഒരാള്‍ പറയുന്നു കവിതകള്‍
തമ്മില്‍ ഇടവേള വേണമെന്ന്,
അതിലൊരാള്‍ അതിനെ കൈയ്യടിച്ചു പാസ്സാക്കുകയും
അയാള്‍ തന്നെ അതിനു വിരുദ്ധമായി
കവിത പബ്ലിഷ് ചെയ്യുന്നു. ബുലോക കവിത നന്നാകുന്നുണ്ട്..
എന്നാലും ആ നഗ്നന്‍ ആദ്യായിട്ടൊരു നല്ല കവിത
ഇട്ടതല്ലേ സനാതനാ!

Sanal Kumar Sasidharan പറഞ്ഞു...

പക്ഷേ..?
കമെന്റിലും ജാഡയെന്തിനാ സുഹൃത്തേ..അർത്ഥ‘ഗർഭ‘മായ മൌനമായിരിക്കും ഉദ്ദേശിച്ചത്. കവിത പൊട്ടയാണെങ്കിൽ അതങ്ങ് തുറന്ന് പറഞ്ഞാൽ പോരേ...ഗർഭത്തിനകത്ത് കേറിനോക്കിക്കോണം എന്നാണോ..

ഗുപ്തന്‍ പറഞ്ഞു...

എനിക്കിഷ്ടമായി. (പബ്ലിഷ് ചെയ്ത റ്റൈം ഒഴികെ ) :)

Me പറഞ്ഞു...

സനാതനൻ എന്തിനാണിത്ര അസഹിഷ്‌ണുവാകുന്നത്‌? നല്ല കവിതകളെഴുതുന്ന(കമന്റുകളും) സനാതനന്‌ ആ കമന്റിന്റെ അർത്ഥം കാണാൻ ഗർഭത്തിനുള്ളിൽ കയറേണ്ടിവരും എന്നു സ്വപ്നേപി വിചാരിച്ചില്ല. പ്രതീക്ഷകൾ തകർന്നു തരിപ്പണമായ സ്ഥിതിയ്ക്ക്‌ വിശദീകരിക്കാം
സംഗതി ഇത്രമാത്രം.
typed കവിതകളിൽനിന്നും (തന്റേയും മറ്റേറേപ്പേരുടെയും) മാറിച്ചിന്തിക്കാനുള്ള ശ്രമമാണ്‌ അഭിനന്ദനീയം .
പിന്നെ ആ പക്ഷേ ..
നാടൻ ശീലിനു പറ്റിയ ഭാഷയും പദവിന്യാസവും അല്ല ഇക്കവിതയ്ക്ക്‌.
വെറുതേ ഒന്നു ചൊല്ലിനോക്കാൻ (ചൊല്ലി വായിക്കാൻ)ആരും ശ്രമിക്കുന്ന കവിതയാണെന്നിരിക്കേ ഇടയ്ക്കുള്ള കല്ലുകടികളേക്കുറിച്ചു പറയാതിരിക്കാൻ ആവില്ലല്ലോ .ആ പക്ഷേയിൽ അതുമടങ്ങിയിട്ടുണ്ട്‌.
ചില ആവർത്തനങ്ങൾ കവിതയുടെ ചൊൽവടിവിനു ഭംഗി കൂട്ടുന്നു എന്നതു നല്ല vരു കാര്യമാണ്‌. കവിതയുടേ നല്ല വശം മാത്രം എടുത്തുകാട്ടി സോപ്പിട്ടു നശിപ്പിക്കേണ്ട ഒരാളല്ല താങ്കൾ എന്നാണു ധാരണ.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അടുത്തിടെ ബ്ലോഗില്‍ ഞാന്‍ വായിച്ച നല്ല കവിത
നഗ്നന്റെ മുലഗുരുത്വം തന്നെയാണ്.

മലയാളത്തില്‍
ഇടത്തോട്ടും വലത്തോട്ടും വല്ലാതെ നോക്കിനോക്കി വളര്‍ന്ന
കവിതയുടെ ഇന്നത്തെക്കാലം മരത്തില്‍ ചാരി
മഴയിലും മഞ്ഞിലും കാറ്റിലും മഴയിലും ചാരി
പുച്ചയിലും കോഴിയിലും പട്ടിയിലും ചാരി
ആ വീട്ടിലും ഈ വീട്ടിലും ചാരി
ചാരിച്ചാരി മടുത്ത്
ഓടിപ്പോകുന്ന,ഒളിച്ചിരിക്കുന്ന ആകസ്മികതകള്‍
ചിലപ്പോള്‍ ചിലരെങ്കിലും തരാറുണ്ട്.

മുലഗുരുത്വം പോലെ.

മുല കൈകള്‍ക്കുള്ളതല്ല
തീര്‍ച്ചയായും
നുണച്ചിലിനുള്ളതാണ്.

കവിതയില്‍ നുണയില്ല
നുണച്ചിലാണ്

സനാതനന്‍ കവിയല്ല
കവിതയുള്ള ഒരു വരി ഇന്നുവരെ എഴുതിയിട്ടില്ല

Kuzhur Wilson പറഞ്ഞു...

" വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ് "

പെറ്റു തളര്‍ന്ന വയലിലതാ..

സനാതനാ
ഇപ്പോഴത്തെ വയലിനെ നീ നന്നായി വരച്ചു.
നിറയെ ചിത്രങ്ങള്‍ ഉള്ളിലുള്ളതും കൊണ്ടാകണം
ഇത് കാഴ്ച്ചയുടെ ഒരു കവിതയാകുന്നുണ്ട്

Sanal Kumar Sasidharan പറഞ്ഞു...

Me,
അസഹിഷ്ണുതയൊന്നുമില്ല. കവിതയെക്കുറിച്ചുപറയാനുള്ളത് തുറന്ന് പറയണമെന്ന് മാത്രമാണ് പറഞ്ഞത്.നല്ലതെങ്കിൽ നല്ലതെന്ന് ചീത്തയെങ്കിൽ ചീത്തയെന്ന്. ശ്രമം അഭിനന്ദനീയം.പക്ഷേ..എന്ന മുറിവാചകം എങ്ങനെയും പൂരിപ്പിക്കാം.കവിതയെക്കുറിച്ചുള്ള അഭിപ്രായമാകുമ്പോൾ അത് മറ്റുള്ളവർക്ക് തോന്നുമ്പടി പൂരിപ്പിക്കാവുന്ന ഒന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്.അതുമാത്രം പറഞ്ഞെന്നേയുള്ളു. താങ്കളുടെ രണ്ടാമത്തെ കമെന്റ് മാനിക്കുന്നു.കവിതയിൽ ഒന്നുരണ്ട് വാക്കുകൾ മാറ്റവും വരുത്തിയിട്ടുണ്ട്.

നന്ദി നസീർ..അഭിനന്ദനങ്ങൾ..സ്വന്തം ഭോഷ്ക് ഇത്രപച്ചക്ക് വിളിച്ചുപറയാൻ കാണിച്ച തന്റേടമുണ്ടല്ലോ അതാണ്..അതാണ് കപിത്വം.

Me പറഞ്ഞു...

ആശംസകൾ .

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അഭിനന്ദനങ്ങള്‍ അങ്ങിനെത്തന്നെ സ്വീകരിക്കുന്നു.

കവികളെന്നും ഭോഷ്കായിരുന്നു,
ഞാന്‍ കവിയാണ്!

പച്ചയ്ക്ക് വിളിച്ചുപറയും,
ഞാന്‍ വയലാണ്!!

എന്റെ ഭാഷ എനിക്കറിയാം,
ഞാന്‍ കുരങ്ങാണ്!!!

ഞാന്‍ കവിയാണ്
സനാതനന്‍ അതല്ല.

പട്ടേപ്പാടം റാംജി പറഞ്ഞു...

വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു

വരികളിലോളിഞ്ഞിരിക്കുന്ന ഭാവന
വയലിന്റെ വര്‍ണ്ണന നന്നായി.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അരിയുടെ വിലയിന്നെത്തറയാ
-ഇത് സനാതനന്റെ കവിതയുടെ പേര്.
ഇത് വായിക്കുന്നിടത്ത് ഒരു കുട്ടീയുണ്ട്;ഒപ്പം ഒരു നാട്ടുവര്‍ത്തമാനവും.
വായിക്കുക എന്ന് തന്നെയാണ് കവിത,എന്തെഴുതിയാലും...എങ്ങിനെ എഴുതിയാലും.
നാട് ഈണമാണ്
നെരൂദയുടെ കവിതയുടെ ഈണം ഏത് തര്‍ജ്ജമയിലും വായിക്കാനാവില്ല.
ഇടശ്ശേരിയുടെ കവിതയുടെ ഈണം മറ്റൊരു ഭാഷാവിവര്‍ത്തനത്തില്‍ വായിക്കാനാവില്ല.
വയലും വെയിലും ചില പിരിമുറുക്കവും കൂട്ടിക്കൊടുത്താല്‍ ആദികവിതയ്ക്കൊപ്പം നടന്നു എന്നാണെങ്കില്‍
പാരഡിപ്പാട്ടുകാരാണ് വലിയകവികള്‍.

കവിതയിലെ നാട്ടുപാട്ടും,നാട്ടുപാട്ടിലെ കവിതയും,അതിലെ രാഷ്ട്രീയവും വിനയചന്ദ്രന്റെ കവിതയില്‍ കണ്ടിട്ടുണ്ട്.

സെറീന പറഞ്ഞു...

നല്ല കവിത,
കാഴ്ചയുടെയും
കേള്‍വിയുടെയും
വായനയുടെയും സുഖമുള്ള കവിത.

Lijo joy പറഞ്ഞു...

കവിതയും കിഡു കവിയും കിഡു. ബൂലോകകവിത കിക്കിഡു. പോരട്ടേ പോരട്ടേ, കുഴൂര്‍ വില്‍സന്‍ നീണാല്‍ വാഴ്ക. വിഷ്ണുപ്രസാദ് ജയിക്കട്ടെ, സെറീന ധീരതയോടെ നയിച്ചോളൂ. സെറീനാ, നിങ്ങളുടെ കവിതകളാണ്‌ ഞങ്ങളുടെ ജീവന്റെ സ്പന്ദനം . എല്ലാവരും കൂഴൂര്‍ വില്‍സന്റെ കവിത വായിച്ച് പഠിക്കണം . സനാതനാ നീ പുലി, നസീര്‍ കടിക്കാട് നീ ബൂലോഗത്തിന്റെ നെടുഘതി. വീരാ വീരാ നേതാവേ ധീരതയോടെ എഴുതിക്കോ...കവിത..കവിത...

കണ്‍മണീ അന്പോട് കാതലന്‍ ഞാന്‍ എഴുതും കടിതമേ.. ( ഗുണാ കമലഹാസന്‍ )

വിഷ്ണു പ്രസാദ് പറഞ്ഞു...

പുതിയ കവിതയില്‍ കാര്‍ഷിക സംസ്കാരത്തിന്റെ അംശങ്ങള്‍ പാടേ ഇല്ലാതായി എന്നൊരു നിരീക്ഷണം ഉണ്ടായിട്ടുണ്ട്.നെല്‍കൃഷി കടന്നു വരുന്ന എത്ര പുതിയ കവിതകളുണ്ടെന്ന് ആലോചിച്ചപ്പോള്‍ ഒരു തുമ്പും കിട്ടിയില്ല.വൈലോപ്പിള്ളിയുടെ കവിതകളിലും ഇടശ്ശേരിയുടെ കവിതകളിലും കാര്‍ഷിക സംസ്കാരം നിറഞ്ഞു നില്‍ക്കുന്നത് കാണാം.പുതിയ കാലത്ത് നാമെല്ലാം വെറും അരി വാങ്ങുന്നവരായിത്തീര്‍ന്നതുകൊണ്ടാവാം കവികള്‍ക്ക് ഈ കൃഷിയനുഭവങ്ങള്‍ ഇല്ലാതായിത്തീര്‍ന്നത്.സുനില്‍ കുമാര്‍ എം.എസിന്റെ കവിതയില്‍ നെല്ലുണക്കുന്നത് സംബന്ധിച്ചുള്ള ഒരു പരാമര്‍ശം മാത്രമാണ് ഇതിനെതിരായി ഓര്‍മയില്‍ വരുന്നുള്ളൂ...

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കവിതയില്‍ വീണ്ടും വയലും കിളികളും... നന്ദി!

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

സനാതനനിൽ കവിയുണ്ട്, കവിതയും..!

:) പറഞ്ഞു...

valare naal koodiyaanu manassilavunna oru kavitha vayichathu. iniyum ezhuthu ithupole.