8/1/10

തോറ്റ വിപ്ലവക്കാവടിയാടി മറയുന്നോര്‍




മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

ഒടിയനും കുടിയനും
മാടനും മറുതയും
പൊട്ടിയും ജാരനും
പുലയാടിത്തെറികളും
കൂമനും കുറുനരിക്കുരവയും
യക്ഷി ഗന്ധര്‍വ ഭൂതഗണങ്ങളു-
മാടിത്തിമര്‍ത്ത
നാട്ടുമ്പുറപ്പാതിരയിലെ
നാട്ടുവെളിച്ചക്കാലത്തിലേക്ക്
വാമനച്ചുവടുവെച്ചെത്തി
കൂറ്റന്‍ വൈദ്യുതി വിളക്കുകള്‍.
ഇല്ലാത്ത കരിംപൂച്ചയെ
തപ്പുവാനെങ്കിലു-
മിത്തിരിയിരുട്ടു പതുങ്ങുന്ന
മാളങ്ങള്‍ പോലും
നക്കിത്തുടയ്ക്കുന്ന
നിയോണ്‍ ദീപങ്ങളുടെ
ആഗോളീകരണത്തേറ്റ
വെളിച്ചം പേടിച്ച്
നാട്ടിരുട്ടു ഭൂതങ്ങള്‍
പൊട്ടിച്ചൂട്ടുകളോടൊപ്പം
തോട്ടിറമ്പിലൂടെ
തോറ്റ വിപ്ലവക്കാവടിയാടി
മങ്ങിമായുന്ന വിശ്വാസത്തി-
നന്തിയൂഴം കഴിഞ്ഞ്
ഭൂതകാലത്തിലേക്ക്
ഒളിച്ചോടവെ
ആരോരുമറിയാതെ
നരിമടയിലവയെ ആവാഹിച്ചു
കുടിയിരുത്തിയ ഞാവലിക്കുന്നേ
കരുതിക്കോ,
കൊലവിളിച്ചാര്‍ത്തും കയര്‍ത്തും
ദൂരെ എന്‍.എച്ചിലൂടെ നിര നിര
വരുന്നുണ്ട് കത്തുന്ന വൈദ്യുതി-
ക്കണ്ണുമായ് മരണ-
സൈറണ്‍ മുഴക്കി ജെ.സി.ബികള്‍
*********************
(വാരാദ്യ മാധ്യമം- 2009 ഡിസംബര്‍ 27)

4 അഭിപ്രായങ്ങൾ:

Me പറഞ്ഞു...

വരികൾ , ആശയം ഒക്കെ നല്ലത്‌. പക്ഷേ കവിതയായപ്പോൾ എന്തോ കൈമോശം വന്നതുപോലെ. കുറുക്കിക്കാച്ചാമായിരുന്നു .വിഷയം അതുപോലെയായതുകൊണ്ട്‌.

ആശംസകൾ. പിന്നെ ആ തലക്കെട്ട്‌ ?

മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
muammed kutty Elambilakode പറഞ്ഞു...

അജ്ഞാതനാമാവായ വായനക്കാരാ,

ഗുഡ്, വെരി ഗുഡ്... എന്നു ചുമ്മാ പറഞ്ഞു സുഖിപ്പിക്കാതെ ആത്മാര്‍ഥമായി കവിതയെ വിലയിരുത്തിയതു നന്നായി. ബൂലോകത്തില്‍ അപൂര്‍വം ചിലരെങ്കിലും കാവ്യ ഗൗരവത്തോടെ രചനകളെ സമീപിക്കുന്നുണ്ടെന്നതിന് ഇതുതന്നെ തെളിവ്.
നന്ദി
മുഹമ്മദുകുട്ടി എളമ്പിലാക്കോട്

എം പി.ഹാഷിം പറഞ്ഞു...

nannaayi