8/1/10

ഒറ്റയ്ക്കിരിക്കുന്ന പക്ഷി

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
വിഷാദമായ് ചായും വെയില്‍
ഇലയില്ലാ മരത്തിന്റെ നീളും നിഴല്‍
അപരാഹ്നനിശ്ശബ്ദത

ഒറ്റയ്ക്ക്,
ഓര്‍മയൊലിച്ചതിന്‍ പാടുമായ്
തൊട്ടരികത്ത്
കിനാവറ്റതാം പുഴ
അപ്പുറം വേനലിന്‍
മുളളുകളായ് മുളം
കൂട്ടം, അകലെ
മങ്ങഴമായ് മേഘങ്ങള്‍

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പതുക്കനെ
തൂവലുടുപ്പു കുടയുന്നു, വിസ്മയ
മേറും മൃദുത്വം പൊഴിയുന്നു കാറ്റത്ത്;
ദൂരേയ്ക്കകന്നു പോ
കും മുന്‍പൊരു മാത്ര
നാവുനീട്ടുന്നു
തിളങ്ങും വെയില്‍ത്തല

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പൊടുന്നനെ
ചില്ലയില്‍ നിന്നും
തെറിച്ചുവോ, വായുവില്‍
പട്ടുചിറകു പിടഞ്ഞുവോ,
നിശ്ചലം
കുറ്റിച്ചെടികള്‍ക്കിടയ്ക്കു പതിച്ചുവോ...

വേനല്‍ കണയെയ്തു
വീഴ്ത്തിയ പക്ഷിതന്‍
നീലിച്ച കൊക്കില്‍നി
ന്നിറ്റിറ്റു വീഴുന്നു
രക്തകണങ്ങള്‍,
അതൂറ്റിക്കുടിക്കുവാന്‍
ചുണ്ടു നുണഞ്ഞു വരുന്ന
നിശ്ശബ്ദത...!

(മനോജ് കാട്ടാമ്പളളി എഡിറ്റു ചെയ്ത ‘ ‘ ചെറിയ മരങ്ങളുടെ വേരുകള്‍ ‘ ‘ (തിരഞ്ഞെടുത്ത കവിതകള്‍ , 2005) എന്ന കവിതാസമാഹാരത്തില്‍ പ്രസിദ്ധീകരിച്ച കവിത)

12 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

വേനല്‍ കണയെയ്തു
വീഴ്ത്തിയ പക്ഷിതന്‍
നീലിച്ച കൊക്കില്‍നി
ന്നിറ്റിറ്റു വീഴുന്നു
രക്തകണങ്ങള്‍,
അതൂറ്റിക്കുടിക്കുവാന്‍
ചുണ്ടു നുണഞ്ഞു വരുന്ന
നിശ്ശബ്ദത...!

നഗ്നന്‍ പറഞ്ഞു...

ഒറ്റയ്ക്കിറ്റുവീഴുന്ന ഒരു രക്തത്തുള്ളി.

റോഷ്|RosH പറഞ്ഞു...

'മങ്ങൂഴം' - അര്‍ത്ഥം പിടികിട്ടിയില്ല ... :(

ഓഫ്‌: ബൂലോക കവിതയില്‍ എനിക്കും ചേരാമോ?
ബൂലോക കവിതയില്‍ അംഗമാകാന്‍ എന്താണ് ചെയ്യേണ്ടത്?

എം പി.ഹാഷിം പറഞ്ഞു...

kurachu munbu vaayichirunnu

nannaayi

Me പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Me പറഞ്ഞു...

നല്ല കവിത അനീഷ്‌.

ഒറ്റയ്ക്ക്,
ഓര്‍മയൊലിച്ചതിന്‍ പാടുമായ്
തൊട്ടരികത്ത്
കിനാവറ്റതാം പുഴ

സുന്ദരമായ വരികൾ-

ഉള്ളിലെ കാൽപനിക വിഡ്ഢി പക്ഷേ അവസാനത്തെ രണ്ടു ഖണ്ഡികകളോട്‌ വിയോജിക്കുന്നു. ആദ്യത്തെ രണ്ടു ഭാഗങ്ങളുമായി മോരിനു മുതിരയോടുള്ള ചേരായ.അനീഷിന്റെ തന്നെ വരികൾ കടമെടുത്താൽ.

ഒറ്റയ്ക്കിരിക്കുന്ന പക്ഷി
പൊടുന്നനെ
ചില്ലയില്‍ നിന്നും
തെറിച്ചുവോ

എന്ന പോലെ...

പിന്നെ മങ്ങൂഴം എന്താണെന്നറിയുന്നില്ല. അന്തിമങ്ങൂഴം എന്നു പ്രശസ്തരാരോ ഉപയോഗിച്ചതായി ഓർമ്മയുണ്ട്‌. മങ്ങിയ മേഘങ്ങൾ- എന്നാണ്‌ ഉദ്ദേശിച്ചതെങ്കിൽ അതു മങ്ങഴമാണ്‌ മങ്ങൂഴമല്ല .മങ്ങതം എന്നുമുണ്ട്‌ സമാനമായ വാക്ക്‌.

ആശംസകൾ :)

naakila പറഞ്ഞു...

വളരെ നന്ദി പ്രിയ
നഗ്നന്‍
എം.പി. ഹാഷിം
സാംഷ്യ

Me
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്
ഒരു നല്ല വായനക്കാരന്റെ കടമ നിര്‍വഹിച്ചതിന്
എന്റെ കൃതജ്ഞത അറിയിക്കട്ടെ

മങ്ങഴം എന്നു തന്നെയാണ് ഉദ്ദേശിച്ചത്
തിരുത്തിയിട്ടുണ്ട്
ഇനിയും നല്ല വായനകള്‍ ഉണ്ടാവണമെന്ന അപേക്ഷയോടെ
സസ്നേഹം
www.malayalakavitha.ning.com

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പുതുമയല്ലെങ്കിലും വേറിട്ടൊരു വായന!

എം പി.ഹാഷിം പറഞ്ഞു...

sukhamulla vaayana

athaanee ezhutthine maatti nirthunnathu

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

നല്ല കവിത! തികച്ചും മൌലികം

encyclopedia5 പറഞ്ഞു...

good poem in loose "kakali"

naakila പറഞ്ഞു...

നല്ല വാക്കുകള്‍ക്ക് നന്ദി
പ്രിയ രണ്‍ജിത്ത്,ഹാഷിം, അനിലന്‍, ഉണ്ണി
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
www.malayalakavitha.ning.com