4/11/09

ഭൂമി ഉരുണ്ടതായതുകൊണ്ടാവാം

ബീരാവുക്ക ചവിട്ടുപടിയിലിരിക്കും
കോലായ തൊടില്ല
ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള
ചവിട്ടുപടിയില്‍

പേരക്കുട്ടികള്‍ മടിയില്‍
പാടം മുഴുവന്‍ നെഞ്ചില്‍
പൂട്ടിച്ചേലാക്കുന്നുണ്ട്
വെള്ളം തേവുന്നുണ്ട്
ഞാറ് നടുന്നുണ്ട്

നെഞ്ചത്ത് പച്ചപ്പാടം
കതിരിന്റെ മഞ്ഞപ്പാടം
അടിവയറ്റത്ത് കറ്റക്കളം
ചവുട്ടി മെതിക്കുന്നതാണോ
വയറുഴിയുന്നതാണോ?

ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള
ചവിട്ടുപടിയില്‍

പേരക്കുട്ടികളേ,
മാമതേ ജമീലാ കുഞ്ഞാമതേ പാത്തിമാ...
ഓരോ ഉരുള ഉരുട്ടിയുരുട്ടി
ഒറ്റവറ്റും കൊഴിയല്ലേയെന്ന്
ഒറ്റയുരുളയില്‍ വിശപ്പാറ്റി
ഓടിപ്പോയ പൊന്നുമക്കളേ
ഭൂമിയെ കണ്ടോ
ഭൂമിയെ തൊട്ടോ?

കോലായ തൊടാതെ
ചവിട്ടുപടിയിലിരിക്കുന്നുണ്ട്
തട്ടിയിട്ടുമാട്ടിയിട്ടും പോവാതെ
ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള

8 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കുഴൂര്‍ വിത്സന് ഈ എഴുത്ത് വായിച്ചുകൊടുത്തപ്പോള്‍ ഫോണിലൂടെ ഞാനൊന്ന് ഛര്‍ദ്ദിക്കട്ടേയെന്ന് ഭൂമിയിലേക്ക് തന്നെയാവണം
അവന്‍ ഛര്‍ദ്ദിച്ചത്.തിന്ന ചോറുരുളകളൊക്കെ ചിതറിപ്പോയിക്കാണും.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അഭിമുഖം
...........
*ആദ്യമായ് കവിത്യെഴുതിയതെന്നാണ്?

-പെറ്റെന്നൊരു പെണ്ണ് കണ്ണുനിറച്ചപ്പോള്‍
ഒരാണ് പുറത്തുനിന്ന് നെഞ്ചുഴിഞ്ഞപ്പോള്‍
എന്തിനാണെന്നറിയാതെ കരഞ്ഞപ്പോള്‍

*അതിനുശേഷം?

-എന്തിനെന്നറിയാതെ കരഞ്ഞപ്പോഴൊക്കെ കവിതയെഴുതി

*കവിതയെഴുത്ത് നിര്‍ത്താമോ?ഛര്‍ദ്ദിക്കാന്‍ വരുന്നു...

-കൂട്ടത്തോടെ നിങ്ങളൊന്ന് കരയുന്നത് കേള്‍ക്കുവോളം.അന്ന് നിര്‍ത്തും.

Kuzhur Wilson പറഞ്ഞു...

ഈയുരള തിന്നില്ലെങ്കില്‍ നിങ്ങളോട് കൂട്ടില്ല

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ആരോടാ വിത്സാ
കാക്കകളോടോ

കൈകൊട്ടി വിളിക്ക്
വിരലില്‍ ദര്‍ഭപ്പുല്ലുണ്ടാവണേ

മാണിക്യം പറഞ്ഞു...

ഒരു ഉരുളചോറും ഞാനും തിന്നു....
നല്ല സ്വാദ്

t.a.sasi പറഞ്ഞു...

പോയ് പോയ്
ഉരുളകൊണ്ടായൊ ഏറ്.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഏറല്ല എന്നും‌കാണുന്ന ശശീ

ചോറാണ്
തിന്നതാണ്
തികട്ടിത്തികട്ടി വന്നതാണ്

ഭൂമിയേക്കാള്‍ വലുതാണ്

കൊഴിഞ്ഞുപോകല്ലേയെന്ന്
ഉരുട്ടിയുരുട്ടിയെടുത്തതാണ്
മക്കള്‍ക്കും
മക്കളുടെ മക്കള്‍ക്കുമെന്ന്
ചാറ് കൂട്ടിയിറക്കിയതാണ്

ഛര്‍ദ്ദിച്ചാല്‍
ആര്‍ക്കുമുണ്ടാവും പിറ്റേന്നൊരു
മനം‌പിരിച്ചില്‍

രാജേഷ്‌ ചിത്തിര പറഞ്ഞു...

പതം വരാത്തോരി മനസിലും ഒരു ഉരുളയുണ്ട് ചങ്ങാതി
നന്നായി ബോധിച്ചു