നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.
മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്ത്
ഞാൻ പ്രണയത്തിന്റെ സിംബലായി..
എന്നെ നോക്കി ഭൂമിയിലെ കുട്ടികൾ
കൂക്കിവിളിച്ചു.
എനിക്ക് സമാന്തരമായി
വേദനയുടെ ചൂളംവിളി മുഴക്കി
ഒരുതീവണ്ടി കടന്നുപോയി.
അതിന്റെ ജാലകസീറ്റുകളിലിരുന്ന്
ഉറങ്ങുകയായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും
എന്നെ നോക്കി പരിഹാസച്ചിരിമുഴക്കി.
എനിക്കറിയാം, നീ എയ്തുവിട്ട അമ്പുമായി
ഞാൻ പറന്നു തളരുമ്പോൾ
താഴെ വീഴുന്നതും പ്രതീക്ഷിച്ച്
നീ
എന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നിരിക്കും,
താഴെ ഭൂമിയിലൂടെ മരങ്ങൾക്ക് മറവിൽ
പൂക്കളുടേയും ഇലകളുടേയും തണലിൽ.
ആകാശത്തിൽ ഞാൻ
പറന്നുകൊണ്ടേയിരുന്നു,
എനിക്ക് മുകളിൽ
ഏകാകിയായ സൂര്യന്റെ കീഴെ
നഗ്നമായ ഒരു പ്രണയ ചിഹ്നം.
ഇന്നലെ മുഴുവൻ..
ഇന്നലെ മുഴുവൻ..
3 അഭിപ്രായങ്ങൾ:
കവിത വല്ലാതെ അനുഭവിപ്പിക്കുന്നു. ഇന്നലെയേറ്റ മുറിവുണങ്ങാതവനിൽ നിന്ന് കവിത മാഞ്ഞുപോകുന്നതെങ്ങനെ. കവിതയിൽ ജീവിതത്തിന്റെ വായന ചങ്ക്ചീന്തുന്നു.
ആഴത്തില്‍ കടന്നുപോകുന്നുണ്ട് വരികള്‍...
അതാണ് കവിതയുടെ വിജമായി തോന്നിയതും.
ഇനിയും എഴുതുക
ആശംസകള്‍...
ജ്യോനവന്റെ സഹോദരൻ നെൽസനും അങ്കിളും ജ്യോനവന്റെ ഓഫീസിൽ. ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ ജോലികൾക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ